കുഞ്ഞളിയൻ-സിനിമാറിവ്യു

'ജനപ്രിയ സിനിമ'  എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന "അന്തവും കുന്തവുമില്ലാത്ത മലയാള സിനിമ"കൾക്ക് തിരക്കഥ എഴുതാൻ കൃഷ്ണ പൂജപ്പുരയേയും അവ സംവിധാനിക്കാൻ സജി സുരേന്ദ്രനേയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഇരുവരും മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുമായി സ്ഥിരസാന്നിദ്ധ്യമാണ്. അവരുടെ ആഗ്രഹപ്രകാരമെന്നോണം പ്രേക്ഷകർ ഇത്തരം സിനിമകളെ കയ്യടിച്ച് വിജയിപ്പിക്കുന്നുമുണ്ട്. കുടുംബവുമൊത്ത് ഒഴിവു ദിവസം നഗരത്തിലൊരു കറക്കം, കറക്കത്തിനൊടുവിൽ ബിരിയാണി അതു കഴിഞ്ഞാൽ ഒരു സിനിമ എന്ന രീതിയിലും സിനിമയെ ഒരു 'വിനോദോപാധി'യായുമൊക്കെ കണക്കാക്കുന്ന നല്ലൊരു ശതമാനം പ്രേക്ഷകരും, ചാനലുകളിലെ മിമിക്രിയെ ആസ്വദിക്കുന്നതുപോലെ ഇത്തരം സിനിമകളെ തിയ്യറ്ററിൽ കണ്ട് തിയ്യറ്ററിലുപേക്ഷിച്ച് തങ്ങളുടെ ആസ്വാദക വൃന്ദത്തിന്റെ ശതമാനക്കണക്കുയർത്തുന്നുണ്ട് ദിനം തോറും. എന്തായാലും അത്തരം പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സജി സുരേന്ദ്രനും സുഹൃത്തുക്കളും മുളകുപാടം ഫിലിംസിനു വേണ്ടി അണിയിച്ചൊരുക്കിയ അന്തവും കുന്തവുമില്ലാത്ത ഏറ്റവും പുതിയ മഹാകാവ്യമാണു 'കുഞ്ഞളിയൻ'

പേരു സൂചിപ്പിക്കുന്നതുപോലെ ഒന്നിലധികം സഹോദരിമാരുടെ ഭർത്താക്കന്മാർക്ക് ഉള്ള ഒരേയൊരു കുഞ്ഞളിയനാണു കഥാനായകൻ. ചിരി അവിടെത്തന്നെ തുടങ്ങുമല്ലോ! സഹോദരിമാരിൽ ബിന്ദുപണിക്കരും തെസ്നിഖാനും അളിയന്മാരിൽ ജഗദീഷും അശോകനുമൊക്കെയാകുമ്പോൾ സിനിമ കാണാതെ തന്നെ നമ്മൾ ചിരിച്ചു തുടങ്ങുന്നില്ലേ? അദ്ദാണ്. ബാക്കിയെല്ലാം പിന്നെ നമുക്ക് ഊഹിച്ചെടുക്കാം. പ്രിയദർശന്റെ സിനിമകളിൽ ലോജിക് നോക്കാനില്ല എന്നതുപോലെ സജി സുരേന്ദ്രൻ - കൃഷ്ണ പൂജപ്പുര കളുടെ സിനിമകളിൽ വിവരക്കേടുകളും നോക്കാനില്ല എന്നൊരു 'അലിഖിത നിയമം' ( കുറേ കണ്ടു ശീലമാകുമ്പോൾ അതങ്ങ് നിയമമാകുകയാണ്. അല്ല പിന്നേ) ഇന്നാട്ടിൽ ഉള്ളതായിട്ടു എല്ലാവർക്കും അറിയാമല്ലോ. ദോഷം പറയരുത്, സ്വന്തമായിട്ട് സാമാന്യ ബോധം, സിനിമാ സങ്കല്പം, അല്പമെങ്കിലും പ്രമേയ-ആഖ്യാന-സാങ്കേതിക ജഞാനം എന്നിവ ഇല്ലാത്ത, നേരത്തെ പറഞ്ഞ 'ആഫ്റ്റർ ബിരിയാണി-വിനോദോപാധി' പ്രേക്ഷകനു ചിരിക്കാനും ആസ്വദിക്കാനും വിനോദിക്കാനുമുള്ള 'വഹകൾ' ഈ സിനിമയിലുണ്ട്. പ്രത്യേകിച്ച് ആദ്യപകുതി. അലിഞ്ഞലിഞ്ഞ് മധുരം തീരുന്ന ഒരു റബ്ബർ മിട്ടായി (ബബിൾഗം)കണക്കേ.

ഈ സിനിമയുടേ വിശദവിവരങ്ങളും കഥാസാരവും വായിക്കുന്നതിനു ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

'ബ്യൂട്ടിഫുൾ' പോലുള്ള സിനിമ ഒരുപക്ഷേ ജയസൂര്യയെ അഭിനയം പഠിപ്പിക്കുമോ ഭേദപ്പെട്ട നടനാക്കുമോ എന്നു സ്വയം ഭയന്നിട്ടാണോ എന്നറിയില്ല ഈ നടൻ തന്റെ പഴയ മിമിക്രി പ്രകടനത്തിലേക്ക് തന്നെ തിരിച്ചുപോകുന്നുണ്ട് ഈ സിനിമയിൽ. മേക്കപ്പ്-ഹെയർസ്റ്റൈൽ-വസ്ത്രധാരണം എന്നിവയിൽ വ്യത്യസ്ഥത കൊണ്ടുവന്നു 'അപ്പിയറൻസ്' ഉണ്ടാക്കുക എന്നതാണു 'അഭിനയമികവ്' എന്ന് ധരിച്ചുവശായിട്ടൂള്ള ജയസൂര്യ അടക്കമുള്ള നടന്മാർക്ക് ഇത്തരം സിനിമകളിൽ പഴയ സ്റ്റേജ് മിമിക്രികൾ പുറത്തെടുക്കേണ്ട ഉത്തരവാദിത്വമേയുള്ളു എന്നതിനാൽ 'അഭിനയ മികവി'നെപ്പറ്റി കൂടുതൽ പറയുന്നില്ല. അമിതാഭിനയം അല്ലെങ്കിൽ സ്റ്റേജ് മിമിക്രി പ്രകടനം ആവശ്യപ്പെടുന്ന സിനിമയായതുകൊണ്ട് ഒട്ടുമിക്ക കഥാപാത്രങ്ങളും തങ്ങളുടെ ജോലി നന്നായി ചെയ്തിട്ടുണ്ട്. അതിനെ അഭിനയം /അഭിനയ മികവ് എന്നൊക്കെ പറയാമെങ്കിൽ അങ്ങിനെ.  പ്രകടനത്തിൽ വിജയരാഘവന്റെ രമണനും അശോകന്റെ വിശ്വനും ആണ് കൂടുതൽ രസകരമായി തോന്നിയത്. ഇരുവരും ചിലയിടങ്ങളിൽ നല്ല ചിരി പടർത്തുന്നുണ്ട്. മായ എന്ന നായിക വേഷത്തിലെത്തിയ അനന്യയും ഭേദപ്പെട്ട നിലവാരം സൂക്ഷിച്ചു, അഭിനയിക്കാനുള്ള വേദിയില്ലെങ്കിലും (പഴയ 'ശാലീനത' കളഞ്ഞ് നായികയെ തന്റേടിയും കരുത്തുള്ളവളുമാക്കി അവതരിപ്പിക്കുക -തെറ്റിദ്ധരിപ്പിക്കുക- എന്നതാണു പുതിയ  തന്ത്രമെന്നു തോന്നുന്നു. മലയാള സിനിമയിൽ എത്ര 'ബോൾഡ്നെസ്സ്' കാട്ടിയാലും അവസാനം നായകന്റെ നെഞ്ചത്ത് തലചേർക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!) നായികയുടെ മുറച്ചെറുക്കനായ പൊടി വില്ലന്റെ വേഷത്തിൽ മണിക്കുട്ടൻ എന്ന നടൻ സാമാന്യം തെറ്റില്ലാതെ സിനിമയിലുണ്ട്. സുരാജ് വെഞ്ഞാറമൂടിനെ എന്നും കണ്ട് കണ്ട് ശീലമായതുകൊണ്ടാകാം ബോറായി തോന്നിയില്ല (ശീലങ്ങൾ / ആവർത്തന കാഴ്ചകൾ പോരായ്മകളെ മറയ്ക്കുമല്ലോ!)

മനോഹരമായ ലൊക്കേഷൻ/ദൃശ്യങ്ങൾ പകർത്തുക എന്നതാണു മലയാള സിനിമയിൽ 'മികച്ച ക്യാമറാ വർക്ക്'. അങ്ങിനെ നോക്കിയാൽ പൊള്ളാച്ചിയുടെ ഗ്രാമ ഭംഗി ക്യാമറാ സംവിധായകൻ അനിൽ നായർ നന്നായി പകർത്തിയിട്ടുണ്ട്. സീനുകളുടെ സ്വഭാവം (മൂഡ്) കഥാപാത്രങ്ങളുടെ മനോവിചാരങ്ങൾ എന്നിവ പകർത്താൻ മാത്രം ചിത്രങ്ങളിത്ര ചെയ്തിട്ടും അനിൽ നായർക്ക് കഴിഞ്ഞിട്ടില്ല. (പല സീനുകളിലും കഥാപാത്രങ്ങളുടെ ക്ലോസ് അപ്  & സജ്ജഷൻ ഷോട്ടുകൾ കാണുമ്പോൾ കഥാപാത്രങ്ങൾ നിന്ന പൊസിഷനിൽ നിന്നും മാറി നിൽക്കുന്നതായി വ്യക്തമായി അറിയുന്നുണ്ട്. വെളിച്ചക്കൂടുതലുള്ളിടത്തേക്കോ, പശ്ചാത്തല ഭംഗിക്കോ വേണ്ടി നീക്കിയെടൂത്ത ഷോട്ടുകൾ പോലെ). ഗൾഫിൽ ചിത്രീകരിച്ച സീനുകളത്രയും വ്യക്തമല്ലാത്തതും കാഴ്ചക്ക് അലോസരമുണ്ടാക്കുന്നതുമാണ്.  സുജിത് രാഘവന്റെ കലാസംവിധാനത്തിനും മികവ് പുലർത്താനായിട്ടില്ല. വഴിയോരത്തെ ചുമടുതാങ്ങിയും രമണന്റെ വീടിന്റെ പൂമുഖത്തെ തൂണും അതെല്ലാം പ്ലൈവുഡ് പെട്ടികളാണെന്നു പ്രേക്ഷകനു കാണിച്ചുകൊടുക്കുന്നു. പ്രദീപ് രംഗന്റെ ചമയവും ഷീബ രോഹന്റെ വസ്ത്രാലങ്കാരവും ചിത്രത്തിന്റെ 'നിലവാര'ത്തിനു ചേർന്നു നില്ക്കുന്നു.

കൃഷ്ണ പൂജപ്പുരയുടെ സ്ക്രിപ്റ്റിനെപ്പറ്റി പിന്നെ പ്രത്യേകം പറയേണ്ടതില്ലോ, തന്റെ ഇതുവരെയുള്ള നിലവാരത്തിൽ നിന്നും ഒരിഞ്ചുപോലും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ആരാണു പ്രേക്ഷകനെന്നും അവർക്ക് എന്താവശ്യമുണ്ടെന്നും അവർക്കുള്ള സിനിമയിലൂടെ എന്ത് നൽകണമെന്നും വർഷങ്ങൾക്ക് മുൻപേ സീരിയൽ തിരക്കഥാരചനയിലൂടെ കൃഷ്ണ പൂജപ്പുര തിരിച്ചറിഞ്ഞിട്ടുണ്ട്. സംവിധായകൻ സജി സുരേന്ദ്രന്റെ സിനിമയുടെ കഥ പിന്നെ നമ്മൾ ചോദിക്കേണ്ട കാര്യമില്ല. കഥയില്ലായ്മയാണ് അദ്ദേഹത്തിന്റെ സിനിമകളുടെ കഥ. പകരം കുറേ സംഭവങ്ങളേയുള്ളു. ആ സംഭവങ്ങളിങ്ങനെ സംഭവിച്ച് സംഭവിച്ച് കഥ പോലെ എന്തോ ഒന്നിൽ അവസാനിക്കുകയാണു പതിവ്, ഇത്തവണ സാമൂഹ്യ പ്രതിബദ്ധത,സാമൂഹ്യ പ്രവർത്തനം, എന്നൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയത്തിലേക്ക് കൊണ്ടു ചെന്നു കെട്ടുന്നുമുണ്ട്. ഇതിനിടയിൽ "ജനങ്ങളുടെ ജീവിതം, കുത്തക കമ്പനികൾ, വിഷപ്പുക തുപ്പുന്ന കമ്പനി, മാരക രോഗങ്ങൾ, സാമൂഹ്യ ജീവിതം, സ്വന്തം മണ്ണ്, ഗ്രീൻ പീസ്, സോക്ഷ്യൽ ആക്റ്റിവിസം" എന്നൊക്കെ നായികയെക്കൊണ്ട് പറയിക്കുന്നുണ്ട്. എന്താണു പറയേണ്ടതെന്നറിയാതെയാണോ അതോ ഡി ടി എസ് ശംബ്ദ വിന്യാസത്തിന്റെ തകരാറാണോ എന്നറിയില്ല നായിക പറയുന്ന ഈ തരത്തിലുള്ള ഡയലോഗുകൾ രണ്ടുമ്മൂന്നിടങ്ങളിൽ പ്രേക്ഷകനു ഒട്ടും മനസ്സിലാവില്ല.ഒരു മുഴക്കം മാത്രം!

മൂന്നു ഗാനങ്ങളുണ്ട് ചിത്രത്തിൽ മൂന്നും മൂന്ന് ഗാനരചയിതാക്കൾ (വയലാർ ശരത് വർമ്മ, അനിൽ പനച്ചൂരാൻ, ബീയാർ പ്രസാദ്) സംഗീതം എം ജി ശ്രീകുമാർ. യേശുദാസും സുജാതയും പാടുന്ന 'ചെമ്പഴുക്ക....നല്ല ചെമ്പഴുക്ക..." എന്നഗാനം മാത്രമേ വരികൾ കേൾക്കാൻ സാധിച്ചുള്ളു. അളിയന്മാർ കുഞ്ഞളിയനെ സ്വീകരിച്ചു വരുമ്പോഴും, നാട്ടുകാർ സ്വീകരണം കൊടൂക്കുമ്പോഴുമുള്ള സംഘഗാനങ്ങൾ ബഹളമയത്താൽ ഒരു വരിപോലും നമ്മെ കേൾപ്പിക്കുന്നില്ല എന്നൊരു ആശ്വാസമുണ്ട്.

ഫോർ ഫ്രണ്ട്സ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയമാണ് ഈ സിനിമയുടെ പിറവി എന്ന് പിന്നാമ്പുറങ്ങളിൽ പറയുന്നതു കേട്ടു. അതുകൊണ്ടു തന്നെ സമസ്ത മേഖലയിലും കോമ്പ്രമൈസ് ചെയ്തുകൊണ്ടുള്ള സിനിമയാണിതെന്ന് കാഴ്ചയിൽ തന്നെ മനസ്സിലാകുന്നുമുണ്ട്. കുറഞ്ഞ മുടക്കുമുതലിൽ ലാഭം എന്നുള്ള ലക്ഷ്യം നേടാൻ 'കുഞ്ഞളിയനു' സാധ്യമാകുമായിരിക്കും. പക്ഷെ ആ വിജയം ഇത്തരം ചവറുസിനിമകളുടെ മലവെള്ളപ്പാച്ചിലുണ്ടാക്കുമെന്ന് ഇതിന്റെ അണിയറപ്രവർത്തകൾ ലാഭക്കാശെണ്ണുമ്പോഴെങ്കിലും ഒന്നു ഓർക്കുന്നത് നന്ന്. സിനിമ നിങ്ങൾക്ക് ബിസനസ്സായിരിക്കും പക്ഷേ പ്രേക്ഷകനതല്ല.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Jun 2012 - 18:20 admin
7 Jan 2012 - 16:34 m3db