മലയാള സിനിമ-2011-തിരിഞ്ഞുനോക്കുമ്പോൾ..

മലയാള സിനിമയുടെ 2011ലെ കണക്കെടുക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ വ്യാവസായികമായി ലാഭമുണ്ടാക്കിയതും ദേശീയ പുരസ്കാരത്തിനർഹമായതുമടക്കം അല്പം ആഹ്ലാദകരമായി അനുഭവപ്പെടാം. 2011 ജനുവരി 7 ലെ "ട്രാഫിക്" എന്ന ആദ്യ റിലീസ് മുതൽ ഡിസംബർ 25 ലെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന അവസാന റിലീസടക്കം മൊത്തം എൺപത്തിയെട്ടോളം ചിത്രങ്ങളാണു ഇക്കഴിഞ്ഞ വർഷം മലയാളത്തിലുണ്ടായത്. (9 മൊഴിമാറ്റ ചിത്രങ്ങൾ വേറെ)അതിൽ പലതും സാമ്പത്തികമായി വിജയം കണ്ടെങ്കിലും ചില ചിത്രങ്ങൾ വന്നതും പോയതും പ്രേക്ഷകൻ അറിഞ്ഞില്ല.

ജനുവരി 7 നു ആദ്യം റിലീസ് ചെയ്ത "ട്രാഫിക്ക്" മലയാള സിനിമയെയും പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നു പറയാം.അണുവിട മാറ്റങ്ങൾ സംഭവിക്കാതെ പഴയ അച്ചിൽ വാർത്ത ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ സംഭവിക്കൂ എന്ന് കരുതിയ ചില പ്രേക്ഷകരേയും പുതിയ സിനിമാ സങ്കേതങ്ങളിലേക്ക് മാറാൻ തയ്യാറാവാത്ത സിനിമാ പ്രവർത്തകരേയും ഒരുപോലെ ട്രാഫിക് അത്ഭുതപ്പെടുത്തി. താര സമ്പന്നമല്ലാത്തതും, ആദ്യ ചിത്രം അമ്പേ പരാജയപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ രണ്ടാമത്തെ സംവിധാന ചിത്രമെന്നതും ഈ അമ്പരപ്പിനു ആക്കം കൂട്ടി. ട്രാഫിക്കിന്റെ വിജയം ഇൻഡസ്ട്രിയെ വല്ലാതെ സ്വാധീനിച്ചു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന ചിലതെങ്കിലും ചിത്രങ്ങൾ. മുൻപ് ചിത്രീകരണം തുടങ്ങിയതും പുതിയ സിനിമാരീതികളിലേക്ക് മാറാൻ തയ്യാറല്ലാത്ത ചിലരെങ്കിലും ഇപ്പോഴും ഇനിയും പഴയ മട്ടിലുള്ള സിനിമകളുമായി 2011ന്റെ അവസാനത്തിലും നിൽക്കുന്നുണ്ട്. എങ്കിലും പ്രേക്ഷകൻ സ്വീകരിച്ചതും അല്ലാത്തതുമായ ചില നല്ല ചിത്രങ്ങൾ 2011ൽ ഉണ്ടായി, ട്രാഫിക്കിനു ശേഷം, സിറ്റി ഓഫ് ഗോഡ്, മേൽവിലാസം, ആദാമിന്റെ മകൻ അബു, സോൾട്ട് & പെപ്പർ, ചാപ്പാക്കുരിശ്, വീട്ടിലേക്കുള്ള വഴി, ഇന്ത്യൻ റുപ്പീ, ബ്യൂട്ടിഫുൾവെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളൊക്കെ ഭേദപ്പെട്ടതും കുറേയൊക്കെ വഴിമാറി നടക്കാൻ ശ്രമിച്ചതുമായിരുന്നു; ഇതിൽ ചിലത് സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും.

തകരുന്ന വിഗ്രഹങ്ങളും പൊയ്മുഖങ്ങളും..
2009 ൽ 'പാസഞ്ചർ' എന്ന ചിത്രവുമായി മികച്ച അഭിപ്രായം നേടിയ രഞ്ചിത്ത് ശങ്കർ എന്ന യുവ സംവിധായകന്റെ  'അർജുനൻ സാക്ഷി'ക്ക് പക്ഷേ പ്രേക്ഷകനിരാസത്തിന്റെ മൂകസാക്ഷിയാകേണ്ടിവന്നു. (ആയിടേ ഒരു ബ്ലോഗിൽ കണ്ട കമന്റ് " രഞ്ജിത്ത് ശങ്കറിനു എന്തോ അബദ്ധം സംഭവിച്ചിട്ടുണ്ട്. പാസഞ്ചറായിരുന്നോ അർജ്ജുനൻ സാക്ഷിയായിരുന്നോ അബദ്ധമെന്ന് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം വന്നാൽ അറിയാം). പി പത്മരാജൻ ഭരതൻ ടീമിന്റെ 'രതിനിർവ്വേദം" റീമേക്കായിരുന്നു 2011ലെ ചൂടുള്ള സിനിമാ ചർച്ച. ഭരതന്റെ ഭേദപ്പെട്ട കൊമേഴ്സ്യൽ സിനിമയായ രതിചേച്ചിയുടെ കഥക്ക് റീമേക്കിൽ 25 പവന്റെ അരഞ്ഞാണം മാത്രമായിരുന്നു കൂടുതൽ. പത്മരാജന്റേയും ഭരതന്റേയും ആത്മാവ് രാജീവ് കുമാറിനോടും സുരേഷ് കുമാറിനോടും കുടുംബത്തോടും പൊറുക്കട്ടെ!  ക്യാമറകൊണ്ട് അമ്മാനമാടുന്ന ഷോട്ടുകളുപയോഗിച്ച് സൂപ്പർ ഹിറ്റുകളൊരുക്കാറുള്ള ഷാജി കൈലാസിനു സിനിമാ ഭാഷയിൽ പറഞ്ഞാൽ സമയം നല്ലതല്ലെന്നു തോന്നുന്നു. 2010 ൽ ദ്രോണക്കു പുറമേ 2011ൽ ആഗസ്റ്റ് 15.  പഴയ ആഗസ്റ്റ് 1 ന്റെ  ഓർമ്മ പുതുക്കാൻ ചെന്ന പ്രേക്ഷകന്റെ നേർക്കായിരുന്നു വില്ലന്റേയും നായകന്റേയും ബുള്ളറ്റുകൾ പതിച്ചത്.  ജോഷി എന്ന മാസ്റ്റർ ഡയറക്ടർക്കും 'സെവനസ് ' വലിയ അഭിപ്രായമുണ്ടാക്കാനായില്ലെങ്കിലും സൂപ്പർ ഹിറ്റ് ചാർട്ടിൽ പണമുണ്ടാക്കാൻ സാധിച്ചു. ഇപ്പോഴും അന്തിക്കാട്ടെ പാടവരമ്പത്ത് കൈക്കോട്ടുമായി 'ഗ്രാമീണ നന്മ' കിളക്കാനിറങ്ങുന്ന സത്യൻ എന്ന 'സാധാരണക്കാരന്റേയും' സ്ഥിരം നമ്പറുകളും  ശരിക്ക് ഏശിയില്ല. 'സകല പ്രേക്ഷരേയും ഉപദേശിച്ച് നന്നാക്കിക്കളയും' എന്ന് ഉഗ്ര വൃതമെടുത്തിട്ടുള്ള സത്യനന്തിക്കാടിനു സീരിയൽ പ്രേമികളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇനിയും പാടവരമ്പത്തു നിന്നും കയറിയില്ലെങ്കിൽ കാലിന്നടിയിലെ മണ്ണൊലിച്ചുപോകുമെന്ന് തിരിച്ചറിയാനായി. ഇടക്കിടക്ക് ബുദ്ധിജീവി കളിക്കാറുള്ള ജയരാജിനും ഈ വർഷം വലിയ ഗുണം ചെയ്തില്ല. മൾട്ടി നരേറ്റീവ് സ്റ്റോറിക്കും തീവ്രവാദത്തിനും ഇവിടെ സ്ക്കോപ്പുണ്ടെന്ന് മനസ്സിലാക്കിയ  ജയരാജ് സെവൻ ഡി ക്യാമറകളുമായി ട്രെയിൻ കയറിയത് പ്രേക്ഷകനു ഒരു ദുരന്തമാണൂ സമ്മാനിച്ചത്.

പഴയ കാല നായിക ശാരദയേയും പഴയപാട്ടിനേയും കൂട്ടുപിടിച്ച് ഒരു നൊസ്റ്റാൾജിക്ക് ചിത്രമൊരുക്കാമെന്നുള്ള അതിമോഹവും 'നായിക'യുടേ ദുരന്തത്തിൽ കലാശിച്ചു. കാലം മാറിയതും സംവിധായകൻ കമലും അറിഞ്ഞില്ലെന്നു തോന്നുന്നു. കാവ്യയുടെ അഴകൊത്ത പുരികക്കൊടികളെപോലും മാറ്റാത്ത 'ഗദ്ദാമ'യും കണ്ണടച്ച് ശബ്ദരേഖ കേട്ടാലും തൃപ്തിയാകുന്ന 'സ്വപ്ന സഞ്ചാരി'യും പ്രേക്ഷകൻ തള്ളിയാലും കൊണ്ടാലും കമൽ സ്വയം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. 1991 ലെ മികച്ച സംവിധായകനുള്ള അവാർഡ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, തന്റെ രണ്ടു ചിത്രങ്ങൾക്ക് (വിവിധ വിഭാഗങ്ങളിൽ) ദേശീയ പുരസ്കാരത്തിനർഹമായിട്ടൂണ്ടെന്നും. പഴയ കുടുംബ ചിത്ര സംവിധായകൻ സിബി മലയിലന്റെ 'വയലിൻ' പൊട്ടിയ കമ്പികളാൽ അപസ്വരമുതിർത്തു. സിനിമാ ലോകത്ത് വിവാദങ്ങൾ സംവിധാനം ചെയ്യുന്ന വിനയന്റെ "രഘുവിന്റെ സ്വന്തം റസിയ"  കാണാൻ രഘുവോ റസിയയോ എത്തിക്കാണില്ല.1993 ൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഗംഗയുടേ ശരീരത്തിലെ നാഗവല്ലിയെ ഒഴിപ്പിച്ചെങ്കിലും സംവിധായകൻ ഫാസിലിന്റെ ദേഹത്ത് അന്നേ കൂടിയ മണിചിത്രത്താഴിന്റെ പ്രേതം ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ 'ലിവിങ്ങ് ടുഗദെർ' സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന മറ്റൊരു വിജയ സംവിധായകൻ ഫാസിലിനെപ്പോലെ വേറെയില്ലെന്നു തോന്നുന്നു മലയാളത്തിൽ. ബ്ലെസ്സി എന്ന പത്മരാജൻ ശിഷ്യൻ സംവിധാനം ചെയ്ത പ്രണയം മോഹൻ ലാലിന്റെ 300ആം ചിത്രമെങ്കിലും അതിലെ ലാലിന്റെ വേഷം ചെറുതായിപ്പോയെന്ന പരാതിയിൽ ഫാൻസ് അതിനെ 299 (1) ആക്കിമാറ്റി. ചിത്രം മുന്നൂറായാലും മൂന്നായാലും ബ്ലെസ്സിയിലെ ടിപ്പിക്കൽ സദാചാരവാദി തലപൊക്കുന്ന ക്ലൈമാക്സായിരുന്നു ചിത്രത്തിന്റേത് എന്നു മാത്രമല്ല, സിനിമ 'ഗംഭീരം' ഉദാത്തം' എന്നൊക്കെ സാധാരണ പ്രേക്ഷകരെക്കൊണ്ട് പറയിക്കാനുള്ള ലൊടുക്ക്-സൂത്രവിദ്യകളും തനിക്ക് നന്നായറിയാം എന്നു തെളിയിക്കുന്നതുമായി.  പക്ഷെ 2011 ലെ ഏറ്റവും വലിയ ട്രാജഡി, വിവാഹത്തിനും വിവാദങ്ങൾക്കു ശേഷം സൂപ്പർ താരപദവി ഉറപ്പിക്കാനെത്തിയ പൃഥീരാജിന്റെ 'തേജാഭായ് & ഫാമിലി' എന്ന കോമഡി ചിത്രമായിരുന്നു. ചാനലിലെ മിമിക്രി കലാകാരന്മാരെപ്പോലും നാണിപ്പിക്കുന്ന കോമഡികളായിരുന്നു ചിത്രത്തിലേത്.

അവാർഡ് സംവിധായകരുടെ പുതുവഴികൾ !
പി ടി കഞ്ഞുമുഹമ്മദ്, ടി വി ചന്ദ്രൻ, പ്രിയനന്ദനൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടേ ഓരോ ചിത്രങ്ങൾ 2011 ൽ ഉണ്ടായെങ്കിലും പ്രേക്ഷകപ്രീതിയോ സാമ്പത്തിക വിജയമോ കാര്യമായ നിരൂപക ശ്രദ്ധയോ നേടാനായില്ല എന്നതായിരുന്നു പരിതാപകരം. പി ടീ കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രനെ' വിവാദങ്ങളും തുണച്ചില്ല. അബ്ദു റഹ്മാൻ സാഹിബ് എന്ന സ്വാതന്ത്ര്യ സമര നേതാവിനെ പുതുതലമുറക്ക് പരിചയപ്പെടൂത്താനായി എന്നത് മാത്രമാണു ഒരു നേട്ടം. ടി വി ചന്ദ്രന്റെ 'ശങ്കരനും മോഹനനും' ജയസൂര്യ ഇരട്ട വേഷത്തിൽ വന്നുവെങ്കിലും ടി വി ചന്ദ്രന്റെ മുൻ കാല ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരാനോ, പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യാനോ സാധിച്ചില്ല. ദേശീയ പുരസ്കാരത്തിനർഹമായിട്ടുള്ള പ്രിയനന്ദനന്റെ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്' ടി വി സീരിയലിന്റെ നിലവാരമേ ഉണ്ടായിരുന്നുള്ളു. മികച്ച ഒരു സമാകാലിക വിഷയമായിരുന്നു  ആ സിനിമയുടെതെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥയും സീരിയൽ നിലവാരത്തിലുള്ള മേക്കിങ്ങുമായിരുന്നു പ്രേക്ഷകജനങ്ങൾ ശ്രദ്ധിക്കാതിരുന്നതിനു കാരണം. ഈ വർഷം റിലീസായ ലെനിൻ രാജേന്ദ്രന്റെ 'മകര മഞ്ഞ്'  പോയ വർഷത്തെ അവാർഡിനു പരിഗണിക്കപ്പെട്ടതായിരുന്നു. മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നിട്ടും, പഴയ കാലാഘട്ടം പൂർണ്ണമായി ആവിഷ്കരിക്കുന്നതിൽ പാളിച്ച ഉണ്ടായതും സ്ത്രീ ശരീരങ്ങളുടെ നഗ്നത പകർത്താൻ കൂടുതൽ ശ്രമിച്ചതും ചിത്രത്തെ നിലവാരത്തകർച്ചയിലേക്കെത്തിക്കുന്നു. ഈ സംവിധായകരുടെ  ചിത്രങ്ങൾ പരിശോധിക്കുമ്പോൾ മുൻ കാല ചിത്രങ്ങളിൽ നിന്നു  ഏറേ താഴെപോയിരിക്കുന്നു എന്നു മാത്രമല്ല മലയാള കച്ചവടസിനിമയുടേ പാതയിൽ യാത്രചെയ്യാനുള്ള ഭാവി നീക്കമാണോ എന്നും തോന്നിപ്പോകുന്നു.

കോപ്പിയടിയോ പ്രചോദനമോ ?..
2011ഓടെ കോപ്പിയടി/പ്രചോദനം എന്നീ വാക്കുകൾ മലയാള സിനിമയെപ്പറ്റി അല്ലെങ്കിൽ സിനിമയോട് ചേർന്ന് ഏറ്റവും കൂടൂതൽ ചർച്ച ചെയ്ത വാക്കുകളാണ്. മലയാള സിനിമ ഉണ്ടായ കാലം മുതലേ ഇത്തരം പ്രചോദനങ്ങളും കോപ്പിയടികളും ഉണ്ടായിട്ടുണ്ട്. എങ്കിലും തനത് കഥകളും സിനിമകളും ഉണ്ടാക്കാനുള്ള നല്ല ശ്രമങ്ങൾ വളരെയധികം മുൻ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈയടുത്ത് സിനിമക്കു കഥ കണ്ടെത്തുന്നതിലും പാട്ടുകൾ ഉണ്ടാക്കുന്നതിലും എളുപ്പവഴിയായി സിനിമാക്കാർ കണ്ടെത്തുന്നത് വിദേശഭാഷാ സിനിമകളാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കോക്ക് ടെയിൽ" എന്ന ചിത്രം അടിമുടി പകർപ്പായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, ചൈനാ ടൗൺ, ത്രീ കിങ്ങ്സ്, ചാപ്പാകുരിശ്, പ്രണയം, അറബിയും ഒട്ടകവും പി മാധവൻ നായരും എന്നിവയടക്കം നിരവധി ചിത്രങ്ങൾക്ക് വിദേശ സിനിമകളുമായുള്ള സാമ്യം പ്രേക്ഷകൻ കണ്ടു പിടിച്ചു. ഇന്റർനെറ്റിന്റെ ഉപയോഗവും ടോറന്റിന്റെ സാദ്ധ്യതകളും മലയാളി പ്രേക്ഷകനെ ലോക സിനിമകളുമായി വളരെയധികം അടുത്തബന്ധമുണ്ടാക്കിയിട്ടുണ്ട് എന്നത് മലയാള സിനിമാ പ്രവർത്തകർക്ക് മാത്രമാണ് അറിയാത്തതെന്നു തോന്നുന്നു. ഉറുമിയിലെ "ആരോ...നീയാരോ" അറബിയും ഒട്ടകവും എന്ന ചിത്രത്തിലെ "മാധവേട്ടനെന്നും.."  എന്നീ ഗാനങ്ങൾ തികച്ചും കോപ്പിയായിരുന്നു.

കൃഷ്ണനും രാധയുമെന്ന അത്ഭുതവിജയം..
സന്തോഷ് പണ്ഡിറ്റ് എന്ന പുതുമുഖം ക്യാമറയൊഴിച്ച് മറ്റു പ്രമുഖ മേഖലകളിലെല്ലാം കൈവെച്ച് പുറത്തിറക്കിയ സിനിമയായിരുന്നു കൃഷ്ണനും രാധയും. ഒരു പക്ഷേ, മലയാളത്തിലെ ആദ്യത്തെ അമേച്ച്വർ സിനിമ എന്നു വിളിക്കാവുന്ന ഒന്ന്. ഓൺലൈൻ വഴി പ്രത്യേകിച്ച് യു ട്യൂബ് വഴിയും സിനിമക്ക് മുൻപേ ഏറേ ഹിറ്റായാതായിരുന്നു അതിലെ ഗാനങ്ങൾ. ഹിറ്റിനു കാരണം, സന്തോഷ് പണ്ഡിറ്റ് എന്ന 'സിനിമാ സൗന്ദര്യ'ത്തിനു ഉടമയല്ലാത്ത ഒരാൾ അഭിനയിക്കുന്ന, എസ്റ്റാബ്ലിഷ്ഡ് അല്ലാത്തവർ പാടിയിട്ടുള്ള ഒരു നിലവാരമില്ലാത്ത മ്യൂസിക് ആൽബം എന്ന രീതിയിലായിരുന്നു അതിനു നെഗറ്റീവ് പബ്ലിസിറ്റി കിട്ടീയത്. ആ പബ്ലിസിറ്റി മുതലെടുത്ത് സന്തോഷ് പണ്ഡിറ്റ് സെവൻ ഡി ക്യാമറയിൽ ഒരുക്കിയ സിനിമക്ക് വിതരണക്കാരെ കിട്ടിയില്ലെങ്കിലും സ്വന്തമായി 3 തിയ്യറ്റർ വാടകക്കെടുത്ത് പ്രദർശനം നടത്തിയ ഈ സിനിമ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. ഇതിനെച്ചൊല്ലി ഓൺലൈൻ സ്പേസിടങ്ങളിലും ടി വി ചാനലുകളിലും നിരവധി ചർച്ചകൾ ഉണ്ടായി. സൂപ്പർതാരങ്ങൾക്കും സെലിബ്രിറ്റികൾക്കും കിട്ടുന്ന പ്രാധാന്യവും പ്രശസ്തിയും സന്തോഷ് പണ്ഡിറ്റിനുണ്ടായി. പ്രേക്ഷകർ സന്തോഷ് അനുകൂലികളും വിരോധികളുമായി നിലകൊണ്ടു. എന്തായാലും കുറച്ചു മാസങ്ങൾ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റുമായിരുന്നു ചർച്ചാ വിഷയം. 2011 ലെ മലയാള സിനിമയുടെ കണക്കെടുക്കുമ്പോൾ സന്തോഷ് പണ്ഡിറ്റിനേയും കൃഷ്ണനും രാധയേയും മാറ്റി നിർത്താൻ ഒരാൾക്കും ആവില്ല. കാരണം മലയാള സിനിമയെ സംബന്ധിച്ച് ഒരു തുറന്ന ചർച്ചക്കും ചില കാഴ്ചപ്പാടുകൾക്കും കാരണമായത് ഈ വ്യക്തിയും ഈ സിനിമയുമാണ്.

മലയാള കൊമേഴ്സ്യൽ സിനിമയിൽ സ്ഥിരം ശൈലിക്ക് പുറം തിരിഞ്ഞു നിന്ന തികച്ചും പുതുമയുള്ളൊരു ആഖ്യാന രീതിയുമായി വന്ന സിനിമയായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടേ 'സിറ്റി ഓഫ് ഗോഡ്' പക്ഷെ, പ്രേക്ഷകൻ മുഖം തിരിച്ചു കളഞ്ഞു. ബോൾഡ് ആയ സ്ത്രീ കഥാപാത്രങ്ങളാലും താരപ്രഭയില്ലാത്തതാലും ആഖ്യാന ചാരുതയാലും ഈ സിനിമ വ്യത്യസ്ഥത പുലർത്തുന്നു. മാധവ് രാംദാസിന്റെ 'മേൽ വിലാസ'വും അല്പം വ്യത്യസ്ഥമുള്ളതായിരുന്നു. നായിക ഇല്ലാത്തതും ഒരു കോടതിമുറിക്കുള്ളിൽ മാത്രം സംഭവിക്കുന്നതുമായ ഈ സിനിമയും പ്രേക്ഷകൻ തള്ളിക്കളഞ്ഞു. മലയാളത്തിൽ ആരും വിഷയമാക്കാത്ത 'ഭക്ഷണം' എന്ന വിഷയത്തിന്മേലാണ് ആഷിക് അബുവും കൂട്ടരും കൈവച്ചത്. വ്യത്യസ്ത രുചിയെ ഭക്ഷണപ്രിയർ സ്വീകരിക്കുന്നപോലെ ഈ സിനിമയേയും പ്രേക്ഷകൻ സ്വീകരിച്ചു. പൂർണ്ണമായും സെവൻ ഡി സ്റ്റിൽ ക്യാമറയിൽ കുറഞ്ഞ മുടക്കു മുതലിൽ നിർമ്മിച്ച 'ചാപ്പാക്കുരിശ്' എന്ന സിനിമ മലയാള സിനിമയിലെ ഒരു വ്യത്യസ്ഥ സംരംഭമായി കണക്കാക്കാം. ഒരു 'മൂവി' എന്ന അർത്ഥത്തിൽ ഈ സിനിമ ശരിക്കും പുതുവഴിവെട്ടുന്നുണ്ട്. രഞ്ജിത്തിന്റെ ഇന്ത്യൻ റൂപ്പിയും പ്രേക്ഷകനു ഇഷ്ടപ്പെട്ട സിനിമ തന്നെയായിരുന്നു. പൃഥീരാജിന്റെ ലളിത വേഷവും കഥാപാത്രവും ജീവിതവുമായി ചേർന്നു നിൽക്കുന്ന സന്ദർഭങ്ങളും കഥയും പ്രേക്ഷകനെ ഈ സിനിമയോടടുപ്പിച്ചു. 'ഈ പുഴയും...." എന്ന ഷഹബാസ് അമൻ ഈണം കൊടൂത്ത ഗാനം ഈ വർഷത്തെ ഇഷ്ടഗാനവുമായി. ഡിസംബറീന്റെ തുടക്കത്തിൽ റിലീസായ വി കെ പ്രകാശിന്റെ 'ബ്യൂട്ടിഫുൾ' എന്ന ചിത്രം പേരുപോലെതന്നെ മനോഹരമായ സിനിമയായിരുന്നു. മികച്ച ക്യാമറ, മിതത്വമാർന്ന അഭിനയം, പുതിയ പശ്ചാത്തലം എന്നിവയാൽ പ്രേക്ഷകനു ഇഷ്ടപ്പെട്ട സിനിമയാണു ബ്യൂട്ടിഫുൾ. ഈ സിനിമയിലൂടെ ഒരു തിരക്കഥാകൃത്ത് എന്നതിലുപരി ഒരു ഗാനരചയിതാവ് എന്നതിനു അർഹമായി നടൻ അനൂപ് മേനോൻ. 'മഴനീർത്തുള്ളികൾ...." എന്ന അനൂപ് രചിച്ച് രതീഷ്  വേഗ ഈണമിട്ട ഗാനം ഇമ്പമാർന്നതായി.

വമ്പൻ പരാജയങ്ങളും ഏറെയുണ്ടെങ്കിലും ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ഏറെ സമ്മാനിച്ച 2011 അവസാനിക്കുമ്പോൾ പക്ഷെ, 'നല്ല സിനിമ' എന്ന സങ്കല്പത്തിലേക്ക് നമ്മൾ ഇനിയും ഏറെ നടന്നടുക്കാനുണ്ടെന്ന് കരുതേണ്ടിവരും. എങ്കിലും കച്ചവട സിനിമായാണെങ്കിൽ പോലും നല്ല സൃഷ്ടിയുടെ വിജയത്തിന് സൂപ്പർ താരങ്ങളോ വെറും താരങ്ങളോ അവിഭാജ്യഘടകമല്ല എന്ന് 2011 നു തെളിയിക്കാനായി. താരങ്ങൾക്ക് വേണ്ടി തീർക്കുന്ന കഥകളുടേയും താരങ്ങൾക്ക് ചുറ്റും വട്ടമിടുന്ന പ്രൊജക്റ്റുകളുടേയും യുഗം അവസാനിക്കുകയാണെന്ന സൂചന 2011 തരുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണു. 2012 മലയാള സിനിമക്ക് ഒരു പുതിയ യുഗമോ മാറ്റമോ ആയിരിക്കുമെന്ന് പ്രത്യാശിക്കാം. അതിനുള്ള ഒരുക്കങ്ങളെല്ലാം അണിയറയിൽ അണിഞ്ഞൊരുങ്ങുന്നുണ്ടെന്നാണു സൂചനകൾ..

2011ലെ ചിത്രങ്ങളുടെ ഡാറ്റാബേസ് വിവരങ്ങൾ ഈ ലിസ്റ്റിൽ ലഭ്യമാണ്.

Article Tags: 
Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
31 Dec 2011 - 14:27 m3db

പിന്മൊഴികൾ

oru vidam nalla vilayiruthal..
But satyan anthikkadinetireyulla prayoghanghal istamayilla...

"ഇന്ത്യന്‍ രുപ്പി " ഭേദപ്പെട്ട സിനിമ ആയിരുന്നോ....??? ഒരു ആവറേജ് സിനിമക്ക് അപ്പുറം ഒന്നുമില്ല...!!