പാട്ടുകാരേ, സംഗീതജ്ഞരേ..

സുഹൃത്തുക്കളേ,

 

ഒരു ഡാറ്റാബേസ് എന്ന ഒരു ഐക്കണിൽ നിന്നും നമ്മുടെ നമ്മുടെ സൈറ്റിനെ വ്യത്യസ്തമാക്കുന്നത് അതിലെ മ്യൂസിക് ക്ലബ്ബും അതേപോലെ സ്വതന്ത്ര സംഗീത സംരംഭമായ ‘ഈണ’വുമാണ്. പുതുതലമുറയിലെ ഗായകർക്ക് തങ്ങളുടെ ഗാനങ്ങൾ കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കുവാൻ ഈ വേദികൾ കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. പാട്ടുപുസ്തകം എന്ന ജീമെയിൽ ഗ്രൂപ്പിൽ ഉള്ള ഗായകരെ നോക്കുമ്പോൾ എല്ലാം കൊണ്ടും ഒരു പക്ഷേ മെയിൻസ്ട്രീമിലെ പുതുതലമുറയിലെ ഗായകർക്കൊപ്പമോ അതിനുമേലോ കഴിവുള്ളവർ തന്നെയാണെന്നത് അഭിമാനകരമാണ്. വിജേഷിനേയും യാസിറിനേയും പോലുള്ള പ്രഗത്ഭമതികൾ സിനിമയിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞു. അങ്ങനെ എല്ലാം കൊണ്ടും എൻ‌റിച്ചായ ഈ വേദിയിൽ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നതും ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്.

 

ജോലിത്തിരക്കുകൾ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ എന്നിവയായിരിക്കും ബുദ്ധിമുട്ടുകളെന്നറിയാം. എങ്കിലും നിങ്ങൾ ഓരോരുത്തരുടേയും തനതു ശബ്ദം ഏറ്റവും ശോഭിക്കുന്ന ഈ പ്രായത്തിലല്ലെങ്കിൽ പിന്നൊരിക്കലും ആ മാധുരിയിൽ നിങ്ങളുടേതായ ഒരു ശബ്ദലേഖനം സൃഷ്ടിക്കുക ഒരു പക്ഷേ കഴിഞ്ഞെന്നു വരില്ല. പാട്ടുപുസ്തകത്തിലേക്ക് കടന്നുവന്നവരെല്ലാം തന്നെ ഇതിന്റേയും ഈണത്തിന്റേയും ആശയങ്ങളോട് യോജിപ്പ് രേഖപ്പെടുത്തി എത്തിയവരാണെങ്കിൽ ഈ ഗ്രൂപ്പിലെ അംഗങ്ങളെന്ന നിലയ്ക്ക് ഇതിലും ഇതിനോടനുബന്ധിച്ച് വരാനിരിക്കുന്ന പുതിയ വേദിയിലും ആ ലക്ഷ്യം പിന്തുടരാൻ നമ്മളേവരും ബാദ്ധ്യസ്ഥരാണെന്നതും നാം വിസ്മരിച്ചുകൂടാ. ഈ മെയിൽ കൊണ്ട് ഉദ്ദേശിക്കുന്നതും അത്തരത്തിലൊരു ഏകോപനമാണ്.

 

പണ്ടൊരിക്കൽ സ്വതന്ത്ര ഗാനങ്ങളുടെ സൃഷ്ടിയെപ്പറ്റിയും അവയുടെ പോഡ്കാസ്റ്റിനേപ്പറ്റിയും ഞാൻ പറഞ്ഞിരുന്നു. കവർ വേർഷന്റെ ആധിക്യം മൂലം പല ഗാനങ്ങളും ശ്രോതാക്കൾ കേൾക്കാതെയിരിക്കുന്ന അവസരത്തിൽ ഒരു പുതിയ ഗാനം അതും ആദ്യമായി സ്വന്തം ശബ്ദത്തിൽ റെക്കോഡ് ചെയ്യാനൊരവസരം ലഭിച്ചിട്ടും ഭൂരിഭാഗം പേരും മൌനം ഭഞ്ജിച്ചില്ല എന്നത് സത്യത്തിൽ അത്ഭുതമായിരുന്നു! അവരെല്ലാംതന്നെ കവർ വേർഷനുകൾ പോഡ്കാസ്റ്റ് ചെയ്യുന്നുമുണ്ട്, തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെ. പക്ഷേ, എന്താണ് ഈ പുതിയ ഗാനങ്ങൾ ആലപിക്കുന്നതിനോടുള്ള വിരക്തി എന്നതു മനസ്സിലാകുന്നില്ല. (1) ബായ്ക്ഗ്രൌണ്ട് മ്യൂസിക് ഇല്ല എന്നതാണോ? അതോ (2) ശ്രുതി വച്ചുമാത്രം പാടുമ്പോൾ ആലാപനത്തിലെ പാളിച്ചകൾ എടുത്തുകാട്ടുമെന്നതുകൊണ്ടോ? അതോ (3) ആരും ഇഷ്ടപ്പെടില്ലെന്നതുകൊണ്ടോ, ശ്രദ്ധിക്കപ്പെടില്ലെന്നതുകൊണ്ടോ? അതുമല്ലെങ്കിൽ (4) പുതിയ വരിയും അതിന്റെ സംഗീതവും കുത്തിയിരുന്നുപഠിച്ച് പാടിയെടുക്കുന്നതിലെ മടിയോ, സമയക്കുറവോ? എന്തായാലും നിങ്ങൾക്ക് തെറ്റിപ്പോയെന്ന് തുറന്നു പറഞ്ഞുകൊള്ളട്ടേ.

 

1)       ബായ്ക്ഗ്രൌണ്ട് മ്യൂസിക് ഇല്ലെങ്കിൽ ഒരു പാട്ട് നന്നാകില്ലെന്നത് തീർത്തും തെറ്റാണ്. ബഹളങ്ങളൊന്നുമില്ലാതെ, വരികളിലേക്കും സംഗീതത്തിലേക്കും ആലാപനത്തിന്റെ സൌന്ദര്യത്തിലേക്കും ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോകാൻ അമച്വർ ഗായകർക്ക് ഇതിലും നല്ല വഴിവേറെയില്ല (ശരദിന്ദു മലർദീപത്തിന് എവിടെ ഓർക്കസ്റ്റ്രേഷൻ ബഹളം?)

2)       പശ്ചാത്തല സംഗീതമില്ലാതെ പാടിയാൽ പാട്ട് കൂടുതൽ എടുത്തു നിൽക്കും, പാളിച്ചകളുണ്ടെങ്കിൽ തെളിഞ്ഞു കാണുകയും ചെയ്യും. പക്ഷേ ഒന്നോർക്കണം നമ്മുടെ പാളിച്ചകൾ മൂടി വച്ചുകൊണ്ടുള്ള ഒരാലാപനമാണോ നാം ഉദ്ദേശിക്കുന്നത് അതോ തെറ്റു തിരുത്തി ഒന്നിനൊന്ന് കൂടുതൽ മെച്ചപ്പെട്ട് മുന്നോട്ടു പോകുവാനാണോ? നമ്മൾ തീരുമാനിക്കുക. അതുമാത്രമല്ല, പാടുന്നത് പാടിപ്പതിഞ്ഞ പഴയപാട്ടുകളല്ല. ആയിരുന്നുവെങ്കിൽ ദാസേട്ടനോ ചിത്രച്ചേച്ചിയോ പാടിയത് അതുപോലെയല്ലെങ്കിൽ അത് ഭൂതക്കണ്ണാടി വച്ചുനോക്കി അനലൈസ് ചെയ്യുവാൻ കഴിയുന്നവർ ഇവിടെയുണ്ട്. എന്നാൽ പുതിയപാ‍ട്ടാണെങ്കിൽ ആത് ആദ്യമായാ‍ണ് ശ്രോതാക്കൾ കേൾക്കുന്നത്. ആദ്യം കേൾക്കുന്ന ഈണമാണ് അവരുടെ അടിസ്ഥാനം. അൽ‌പ്പം തെറ്റുകൾ വന്നാലും ശ്രുതി, താളം, ഇഴച്ചിൽ, ഓട്ടം ഇവയിലല്ല ആ തെറ്റെങ്കിൽ ആരും അതറിയാൻ പോകുന്നില്ല എന്നതാണ് വാസ്തവം.

3)       പുതിയ ഒരു ഗാനം ശ്രുതിവച്ചു നിങ്ങൾ മനോഹരമായി പാടിയാൽ ആരും അതിഷ്ടപ്പെടില്ലെന്നോ?!! ശ്രദ്ധിക്കപ്പെടില്ലെന്നോ?!! ആരു പറഞ്ഞു, കവർ വേർഷനേക്കാൾ നൂറു കയ്യടി കൂടുതൽ അതിനു കിട്ടുമെന്നതിന് ബെറ്റ്. എഴുത്തിനും സംഗീതം കൊടുക്കലിനുമൊന്നും മലയാള ചലച്ചിത്ര രംഗത്തെ മഹാരഥന്മാരൊന്നും വേണ്ട, ഇവിടെത്തന്നെയുള്ളവർ മതി, നല്ല സൃഷ്ടികൾ ജനിക്കാൻ. അതൊരു പുതിയ ശബ്ദത്തിൽകൂടിയാകുമ്പോൾ തീർത്തും ആസ്വാദ്യകരമായിരിക്കും. ഇങ്ങനെയൊരു സംരംഭം നാലാളറിയാനും കൂടുതൽ ശ്രോതാക്കളെ ഇതിലേക്കെത്തിക്കാനുമുള്ള സംഗതികളൊക്കെ ബാക്കിയുള്ളവർക്ക് വിട്ടേക്കുക.

4)       അവസാനം പറഞ്ഞത് മറ്റാരുടേയും പരിധിയിലല്ല, അവരവരാണ് അദ്ധ്വാനിക്കേണ്ടത്, ഉത്സാഹിക്കേണ്ടത്. തരുന്ന വരികളും സംഗീതവും നന്നായി മനസ്സിലാക്കി ആലപിക്കുമ്പോൾ തന്റെ മനോധർമ്മം കൂടിച്ചേർത്ത് കൂടുതൽ മാറ്റോടെ അവതരിപ്പിക്കാൻ അൽ‌പ്പം ബുദ്ധിമുട്ടു സഹിച്ചേ പറ്റൂ. പലരും പിന്മാറുന്നത് ഈ നാലാമത്തെ ക്ലോസോടുകൂടിയാണെന്നത് എന്റെ സുഹൃത്തായ ഒരു ഗായകന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. സമയമില്ലാ സമയത്ത് പഴയ അറിയാവുന്ന ഒരുപാട്ട് കരോക്കെ വച്ച് പാടുന്നതാണോ നല്ലത് അതോ പുതിയൊരെണ്ണം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പഠിച്ചെടുത്ത് പാടി പോസ്റ്റുന്നതാണോ. നല്ലത് ആദ്യത്തേതാണെന്നാണഭിപ്രായമെങ്കിൽ എനിക്കൊന്നും പറയാനില്ല, ഞാൻ അവർക്കായി ഇത്രയും പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. രണ്ടാമത്തേതിന് സന്നദ്ധരായവരുണ്ടെങ്കിൽ തുടർന്നും വായിക്കാം.

 

അങ്ങനെയെങ്കിൽ നമ്മൾ സ്വയം രൂപപ്പെടുത്തുന്ന ഒരു പരീക്ഷണ പ്രോജെക്ടിലേക്ക് ആരൊക്കെയുണ്ടാവും. ധാരാളം ഗായകരും സംഗീത സംവിധായകരും അവർ സ്വയം ആവശ്യപ്പെട്ട് പാട്ടുപുസ്തകത്തിലേക്ക് ഈയടുത്ത കാലയളവിൽ കടന്നുവന്നിട്ടുണ്ട്. അവർക്ക് എന്താണ് / എന്തിനാണ് ഈ കൂട്ടായ്മ എന്നതിനേപ്പറ്റി കൂടുതൽ അറിയാത്തതാവാം മൌനമായിരിക്കുന്നതിന്റെ കാരണം. എങ്കിൽ ഇതൊരു ചലഞ്ചായി എടുത്ത് കുറച്ചു നല്ല ഗാനങ്ങൾ - പൈറസിവിമുക്തമായ സ്വതന്ത്രമായ കുറച്ചു നല്ല ഗാനങ്ങൾ - സൃഷ്ടിക്കുവാൻ ഈ കൂട്ടത്തിൽ നിന്ന് എത്രപേർ മുന്നോട്ടു വേരും? ഇതൊരു മത്സരമൊന്നുമല്ല, പാടാൻ കഴിവുള്ള, സംഗീതം നൽക്കാൻ പരിജ്ഞാനമുള്ള, എഴുതാൻ ഭാവനയും ഭാഷയുമുള്ള ആർക്കും പങ്കുചേരാം. വലിപ്പച്ചെറുപ്പങ്ങളൊന്നുമില്ല, നമ്മേക്കൊണ്ടാകും പോലെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ അത് ആധുനിക ഓൺലൈൻ സംഗീതചരിത്രത്തിൽ തന്നെ നൂതനമായ ഒരദ്ധ്യായമായിരിക്കും എന്നതിൽ സംശയമില്ല. നാളെ അവിടെ അംഗീകരിക്കപ്പെട്ട, നിങ്ങളുടെ ശബ്ദത്തിൽ തന്നെയുള്ള ഗാനങ്ങൾ അനുയോജ്യമായ പശ്ചാത്തല സംഗീതത്തോടെയും ക്വാളിറ്റിയോടെയും പൊതുജനസമക്ഷത്തത്തിലേക്ക് എത്തില്ല എന്നാരറിഞ്ഞു!

 

എന്നേക്കൊണ്ടു പറ്റും എന്ന് ആത്മവിശ്വാസവും താൽ‌പ്പര്യവുമുള്ള എല്ലാവരുടേയും മറുപടിക്കായി കാത്തുകൊണ്ട്

 

(ജോ, വിജേഷ്, ഹരിദാസ്, ഉണ്ണികൃഷ്ണൻ, അക്ഷര, ദിവ്യ പങ്കജ് തുടങ്ങിയ ഗായകർ തങ്ങളുടെ താൽ‌പ്പര്യമറിയിച്ചുകഴിഞ്ഞു. ഗോപൻ, ഡാനി, രാജീവ് കോടമ്പള്ളി, കിരൺസ് തുടങ്ങിയവർക്കെല്ലാം മറുത്ത് അഭിപ്രായമില്ലെന്നു കരുതുന്നു. സംഗീത സംവിധാനം ചെയ്യാൻ കഴിയുന്നവരും ഗാനങ്ങൾ എഴുതാൻ കഴിയുന്നവരും കൂടി ആ വിവരം അറിയിക്കുമല്ലോ, അത് അതിപ്രധാനമാണ്)

 

പാട്ടുപുസ്തകത്തിലില്ലാത്ത അംഗങ്ങൾ eenam2009(AT)gmail.com ലേക്കോ cherianadan(AT)gmail.com ലേക്കോ മറുപടി അറിയിക്കുമല്ലോ.

Contributors: