താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Rafeeq Ahmed
Date of Birth: 
Sunday, 17 December, 1961
റഫീഖ് അഹമ്മദ്
Rafeek ahammad
എഴുതിയ ഗാനങ്ങൾ: 594
കഥ: 1

ഒരേസമയം അര്‍ത്ഥഗാംഭീര്യവും കാവ്യഗുണവും തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ച് ചലച്ചിത്രഗാന രംഗത്തും മികവുറ്റ സൃഷ്ടികള്‍ വഴി സാഹിത്യ ഭൂമികയിലും മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുന്ന രചയിതാവാണ് റഫീക്ക് അഹമ്മദ്.

1961 ഡിസംബർ 17ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായിട്ടാണ് റഫീക്കിന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ വായനയോട് കാര്യമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം കോളേജ് പഠനകാലത്ത് വളരെ വിശാലമായ വായനാലോകത്ത് എത്തിപെട്ടിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠന സമയത്താണ് പിന്നീട് കവിയായും ഗാനരചയിതാവായും തിളങ്ങാനുള്ള ഭാഷാ അടിത്തറ അദ്ദേഹത്തിന് ലഭിയ്ക്കുന്നത്. എണ്പതുകളുടെ തുടക്കത്തില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന 'തോണിയാത്ര' എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചന.

തുടര്‍ന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസിലെ (ഇഎസ്ഐ) ജോലിയ്ക്ക് ഒപ്പം കവിതയെഴുത്തും തുടര്‍ന്നു. 1990കളുടെ തുടക്കം ആയപ്പോഴേക്കും റഫീക്ക് അഹമ്മദ് എന്ന പേര് സാഹിത്യലോകത്ത് അംഗീകരിക്കപെട്ടു തുടങ്ങിയിരുന്നു.

പാട്ടുകളോട് ഏറെ പ്രിയം ഉള്ള ആളായിരുന്നു എങ്കിലും പാട്ടെഴുത്തുകാരന്‍ ആവുക എന്നത് അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളില്‍ ഇല്ലായിരുന്നു. താന്‍ സംവിധാനം ചെയ്ത ഗര്‍ഷോം എന്ന ചിത്രത്തിലെ ഗാനം എഴുതാന്‍ സുഹൃത്തായ പി ടി കുഞ്ഞുമുഹമ്മദ് റഫീക്കിനോട്‌ ആവശ്യപെട്ടതാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ സിനിമാ പ്രവേശത്തിന് വഴിയൊരുക്കിയത്. 'പറയാന്‍ മറന്ന പരിഭവങ്ങള്‍..' എന്ന വരികള്‍ പണ്ഡിറ്റ്‌ രമേശ്‌ നാരായണന്‍റെ ഈണത്തില്‍ ഹരിഹരന്‍റെ ശബ്ദത്തില്‍ പുറത്തുവരികയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തൊട്ടുപുറകെ ദൂരദര്‍ശന് വേണ്ടി ശ്യാമപ്രസാദ് ഒരുക്കിയ ശമനതാളം എന്ന സീരിയലിന്‍റെ ശീര്‍ഷഗാനം, ' മണ്‍വീണയില്‍മഴ ശ്രുതിയുണര്‍ത്തി..' എന്ന ഗാനം എം ജയചന്ദ്രന്‍ സ്വരപ്പെടുത്തി കെ എസ് ചിത്രയുടെ ശബ്ദത്തില്‍ പുറത്തുവന്നതും വളരെയധികം സ്വീകരികപെട്ടു. ഇതിനിടയിലും താനൊരു മുഴുവന്‍ സമയ പാട്ടെഴുത്തുകാരന്‍ ആകുമെന്ന് റഫീക്ക് അഹമ്മദ് ചിന്തിച്ചും ഇല്ല, അതിനു വേണ്ടി ശ്രമങ്ങള്‍ ഒന്നും നടത്തിയും ഇല്ല എന്നതാണ് കൗതുകം. ഗര്‍ഷോമിന് ശേഷം 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് കമലിന്‍റെ പെരുമഴക്കാലത്തില്‍ എം ജയചന്ദ്രന്റെ സംഗീതത്തില്‍ ആണ് പിന്നെ റഫീക്കിന്റെ ഗാനം ഇടംപിടിക്കുന്നത്. ആദ്യമായി സംഗീത സംവിധായകന്‍ പാടികൊടുത്ത ഈണത്തിന്റെ ചട്ടക്കൂടില്‍ നിന്ന് എഴുതിയ 'രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം..' പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടി. പുറകെ വന്ന ഫ്ലാഷ്, ഗാനരചനയ്ക്ക് ഉള്ള ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പ്രണയകാലം എന്നീ ചിത്രങ്ങളോടെ ഗാനരചയിതാവിന്റെ തിരക്കിലേക്ക് റഫീക്ക് അഹമ്മദ് പ്രവേശിച്ചു.

സംഗീത രംഗത്ത് വലിയ മാറ്റങ്ങള്‍ വന്ന കാലത്താണ് റഫീക്ക് അഹമ്മദ് നിലയുറപ്പിക്കുന്നത്. ഗാനത്തിന്‍റെ സാഹിത്യഗുണത്തിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞ, ഈണങ്ങള്‍ ആവട്ടെ മലയാളഭാഷയുടെ സവിശേഷതകള്‍ പരിഗണിക്കാതെ സഞ്ചരിക്കുന്ന കാലഘട്ടം എന്ന് പറയാം. ഭൂരിഭാഗം ഗാനങ്ങളും ആദ്യം ഒരുക്കപെടുന്ന ഈണത്തിലേക്ക് വരികള്‍ ചേര്‍ക്കേണ്ടി വരുന്ന രീതിയില്‍ ആണ് സൃഷ്ടിക്കപെടുന്നത്. ഇത്രേം വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് ആത്മാവുള്ള വരികള്‍ എഴുതി മലയാള ഗാനചരിത്രത്തിലെ തന്നെ ഏറ്റവും മഹാന്മാരായ ഗാനരചയിതാക്കളുടെ നിരയിലേക്ക് പ്രവേശിച്ച ആളാണ്‌ റഫീക്ക് അഹമ്മദ്. പുതുമയാര്‍ന്ന ബിംബങ്ങളും പദങ്ങളും വഴി തനതായൊരു അസ്ഥിത്വം റഫീക്ക് അഹമ്മദ് ഗാനങ്ങള്‍ക്കുണ്ട്.

രമേശ്‌ നാരായണ്‍, ബിജിബാല്‍, ഗോപി സുന്ദര്‍, എം ജയചന്ദ്രന്‍, ശ്രീവത്സന്‍ ജെ മേനോന്‍, ഔസേപ്പച്ചന്‍, മോഹന്‍ സിത്താര തുടങ്ങി മിക്ക സംഗീത സംവിധായകര്‍ക്ക് ഒപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മുതിര്‍ന്ന സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയ്ക്ക് വേണ്ടിയും വരികള്‍ എഴുതിയിട്ടുണ്ട്. 600 ന് മുകളില്‍ ഗാനങ്ങള്‍ സിനിമയ്ക്ക് വേണ്ടി രചിച്ചിടുണ്ട്. പ്രണയകാലം (2007), സൂഫി പറഞ്ഞ കഥ (2009), സദ്ഗമയ (2010), സ്പിരിറ്റ് (2012), എന്ന് നിന്‍റെ മൊയ്ദീന്‍ (2015) എന്നീ ചിത്രങ്ങളിലൂടെ 5 തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സാഹിത്യലോകത്തും നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ തേടി കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് തുടങ്ങി ഒരുപാട് അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. സ്വപ്നവാങ്മൂലം (1996), പാറയില്‍ പണിഞ്ഞത് (2000), ആള്‍മറ (2004), ചീട്ടുകളിക്കാര്‍ (2007), ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍ എന്നിവയാണ് പ്രധാന കവിതകള്‍. അഴുക്കില്ലം (2015) എന്ന ഒരു നോവലും അദ്ദേഹം എഴുതിയിട്ടുണ്ട്.

2019 മുതല്‍ സറ്റോരി എന്ന യൂടൂബ് ചാനലിലൂടെ വിവിധ സംഗീതജ്ഞരുമായി സഹകരിച്ചു കവിതകളും ലളിത ഗാനങ്ങളും പുറത്തിറക്കുന്നുണ്ട്.  

സിനിമാ  സാഹിത്യ തിരക്കുകള്‍ മൂലം 2012ല്‍ ഇഎസ്ഐയിലെ ജോലിയില്‍ നിന്നും വളന്ടറി റിട്ടയര്‍മെന്റ് എടുത്തു. ഭാര്യ ലൈല, മകന്‍ ഡോ: മനീഷ് അഹമ്മദ്, മകള്‍ ഡോ: ലാസ്യ എന്നിവരടങ്ങുന്നതാണ് കുടുംബം.