സാമുവൽ എബി

Samuel Aby
Date of Birth: 
തിങ്കൾ, 2 April, 1990
സംഗീതം നല്കിയ ഗാനങ്ങൾ: 2

 പഞ്ചായത്തിൽ സ്പെഷൽ ഗ്രേഡ് സെക്രട്ടറിയായി വിരമിച്ച പി സി സാമുവലിന്റെയും    അദ്ധ്യാപികയായ റേച്ചൽ ജി സൂസൺറ്റെയും മകനായി 1990 ഏപ്രിൽ 2 ന് കൊല്ലത്ത് ജനിച്ചു. സാമുവൽ എബിയുടെ പ്രാഥമിക വിദ്യാഭ്യാസം തേഞ്ഞിപ്പലം സെന്റ്പോൾസ്, ചേർപ്പുങ്കൽ ഹോളീക്രോസ് എന്നീ വിദ്യാലയങ്ങളിലായിരുന്നു. അതിനുശേഷം തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയരിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനിയരിംഗിൽ നിന്നും മെഷീൻ ഡിസൈനിംഗിൽ എം ടെക്കും കഴിഞ്ഞു. എം ജി യൂണിവേഴ്സിറ്റി എം ടെക്കിൽ ഫസ്റ്റ് റാങ്ക് ഹോൾഡറാണ് സാമുവൽ എബി.

സ്കൂൾ കലോത്സവങ്ങളിൽ സംഗീത മത്സരങ്ങളിൽ പങ്കെടുത്തിരുന്ന എബി തേഞ്ഞിപ്പലം ബഥേൽ മാർത്തോമ പള്ളിയിലെ ക്വയർ ടീമിൽ കീബോഡ് വായനക്കാരനുമായിരുന്നു. പഠനത്തിനുശേഷം ലോക്കൽ ആഡ്സുകളിലും ആൽബം സോംഗുകളിലും മ്യൂസിക്ക് പ്രോഗ്രാമറായിട്ടായിരുന്നു തുടക്കം. സംഗീത ഗുരുക്കന്മാരായ തൃക്കുളം വിനോദ്, സുനിൽ ദത്ത്‌ ഷാ, ഉണ്ണി (late), ഉമയയനല്ലൂർ വിക്രമൻ നായർ, അനിൽ കുമാർ എന്നിവർ പകർന്നു നല്കിയ അറിവും സംഗീത ലോകത്തെ അനുഭവവും കൈമുതലാക്കിയാണ് എബി തൻറെ ആ​ഗ്രഹ സാഫല്യത്തിനു വേണ്ടി പ്രയത്നിച്ചത്.  2015 -16 കാലത്ത് സംഗീതസംവിധായകൻ രതീഷ് വേഗയുടെ അസിസ്റ്റന്റായിട്ടായി പ്രവർത്തിച്ചു. അതിന് ശേഷം ബെംഗളൂരുവിലേക്ക് പോയ എബി, സുരേന്ദ്രനാഥ് ബി ആർ, രഘു ദീക്ഷിത്, രാമചന്ദ്ര ഹട്പത് എന്നീ പ്രമുഖ കന്നട സം​ഗീത സംവിധായകരോടൊപ്പം പ്രോ​ഗ്രാമറായി പ്രവർത്തിച്ചു.

  പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് വഴിയാണ് സാമുവൽ എബി ആദ്യ സിനിമയിലേയ്ക്കെത്തിയത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ "ഉയ്യാരം... എന്ന ഗാനത്തിന് സംഗീതം നൽകിക്കൊണ്ട് സാമുവൽ എബി ചലച്ചിത്ര സംഗീത സംവിധായകനായി. ഈ ചിത്രത്തിലെ ഉയ്യാരം കൂടാതെ മറ്റൊരു പാട്ടിന് കൂടെ എബി സംഗീതം നല്കുകയുണ്ടായി. വ്യത്യസ്തതയുള്ള രണ്ട് ​ഗാനങ്ങളാണ് സാമുവൽ എബി കക്ഷി അമ്മിണിപ്പിള്ളയ്ക്കായി ഒരുക്കിയത്. മയ്യഴിപ്പുഴയുടെ "മറുകര തിരഞ്ഞൊരു യാത്ര പോയിടാം... എന്ന പാട്ട് തലശ്ശേരി എന്ന നാടിന്റെ വർണനയാണ്. പിന്നീട് എബി
അരങ്ങേറിയത് മനോഹരം എന്ന ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയാണ്. അതിനുശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ഒരു മലനാടൻ റെട്രൊ എന്ന സിനിമയിൽ ​ഗാനങ്ങൾക്കൊപ്പം പശ്ചാത്തല സം​ഗീതവും സാമുവൽ എബി ചിട്ടപ്പെടുത്തി.

സം​ഗീതജ്ഞ കൂടിയായ എൻജിനീയർ എയ്ഞ്ചൽ മേരി ജോസഫാണ് ഭാര്യ. കിനാരേ എന്ന കന്നട സിനിമയിൽ ഒരു ​ഗാനം ആലപിച്ച് എയ്ഞ്ചൽ പിന്നണി ​ഗായികയുമായി. എൻജിനീയറിങ് ഉപേക്ഷിച്ച് സംഗീതാധ്യാപികയായി പ്രവർത്തിക്കുകയാണ് എയ്ഞ്ചൽ. ഒരു മകനാണ് അവർക്കുള്ളത് പേര് ഐസക്ക്  എബി സാമുവൽ.

 samuelabyproductions@gmail.com