രജനീഷ് ആർ ചന്ദ്രൻ

Rajaneesh R Chandran
Date of Birth: 
Thursday, 4 March, 1982

സർക്കാർ ജീവനക്കാരനായിരുന്ന എൻ.രാമചന്ദ്രൻ നായരുടെയും ലൈഫ് ഇൻഷുറസ് അഡ്വൈസറായിരുന്ന വി.രേണുകാദേവിയുടെയും മകനായി 1982 മാർച്ച് 4-ന്  തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് കണ്ടലയിൽ ജനിച്ചൂ. രജനീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം കണ്ടല ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു. തുടർന്ന്  തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും കഴിഞ്ഞു. അതിനുശേഷം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂരിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഡിണ്ടിഗൽ ആർ.വി.എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 

എഞ്ചിനീയറിംഗ് പഠന കാലഘട്ടത്തിലാണ് രജനീഷ് എഴുത്തിലേക്ക് തിരിയുന്നത്. 2009 -ൽ സ്വന്തം നാട്ടിലെ ക്ഷേത്രമായ കരിങ്ങൽ തൊട്ടിക്കര ശ്രീ ഭദ്രകാളി ദേവിയെക്കുറിച്ചൊരുക്കിയ "അക്ഷര പൂജ " എന്ന ആൽബത്തിൽ പതിനൊന്ന് പാട്ടുകൾ രചിച്ചു കൊണ്ടാണ് ഗാനരചനാ മേഖലയിലേക്ക് കടന്നത്. തുടർന്ന് പത്തോളം ആൽബങ്ങളിലായി അൻപതോളം പാട്ടുകൾ രചിച്ചു. 2019 ജൂണിൽ പ്രഥമ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഗാനരചനാ മത്സരത്തിൽ മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഈ മേഖലയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ രജനീഷിനെ പ്രേരിപ്പിച്ചത്. താൻ ഏറെ ആരാധിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പത്താമത് ഓർമ്മ ദിനത്തിൽ, അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് പുറത്തു വന്ന "പാതിയിൽ മുറിഞ്ഞൊരു പാട്ടു പോലെ " എന്ന ഗാനം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. 

2018 ൽ പേരിടാത്ത ഒരു ചിത്രത്തിന് വേണ്ടി രജനീഷ്  " നീലനിലാവെരിയുന്ന താഴ്വരയിൽ" , " വഴിവക്കിൽ ചൂടു നെയ് ദോശ ", " എന്നീ ഗാനങ്ങൾ രചിച്ചു.  ശബ്ദലേഖനം ചെയ്തുവെങ്കിലും ചിത്രം പുറത്ത് വന്നില്ല. തുടർന്ന് 2021 -ൽ റൂട്ട് മാപ്പ് എന്ന ചിത്രത്തിലെ "ലോക് ഡൗൺ അവസ്ഥകൾ " എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാനരചയിതാവായി രജനീഷ് അരങ്ങേറ്റം കുറിച്ചു. എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം നയിക്കുന്ന രജനീഷ് ആർ ചന്ദ്രൻ, കേരളമാകമാനം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന മൂന്ന് പാഠ്യപുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

രജനീഷിന്റെ ഭാര്യ  നേഴ്സിംഗ് മേഖലയിലെ അദ്ധ്യാപികയായ വീണ ബി.ജി. രണ്ടു മക്കൾ വരദീഷും, വൈഖേഷും.

വിലാസം:
രജനീഷ് ആർ ചന്ദ്രൻ
ശ്രീഹരി
കണ്ടല പി.ഒ
തിരുവനന്തപുരം - 695512