പി കെ വേണുക്കുട്ടൻ നായർ

P K Venukuttan Nair
P K Venukuttan Nair
Date of Birth: 
Saturday, 14 July, 1934
Date of Death: 
തിങ്കൾ, 26 November, 2012

പ്രശസ്ത നാടകസംവിധായകനും നാടകകൃത്തും അഭിനേതാവുമായിരുന്ന പി കെ വേണുക്കുട്ടൻ നായർ മലയാള നാടകവേദിക്ക് പുതുഭാവുകത്വം പകര്‍ന്നവരില്‍ പ്രധാനിയായി അറിയപ്പെടുന്നു.
നാടകപ്രവര്‍ത്തകനായിരുന്ന പി കെ കൃഷ്ണപിള്ളയുടെയും എല്‍ കാര്‍ത്യായനിയമ്മയുടെയും മകനായി 1934 ജൂലൈ 14 നാണ് അദ്ദേഹത്തിന്റെ ജനനം.
അച്ഛനും, ജേഷ്ഠനായ പി.കെ വിക്രമൻനായരുമായിരുന്നു നാടകമേഖലയിൽ വേണുക്കുട്ടൻ നായരുടെ വഴികാട്ടികളായത്. പാൽക്കുളങ്ങര സ്കൂളിലെ വിദ്യാഭ്യാസ കാലത്താണ് ഡ്രമാറ്റിക് ബ്യൂറോ എന്ന സംഘടനയുണ്ടാക്കി അദ്ദേഹം നാടകപ്രവർത്തനം
തുടങ്ങുന്നത്. ഈ സംഘം തയ്യാറാക്കിയ ഒരു നിഴൽനാടകത്തിന് എല്ലാ സഹായവും ചെയ്തത് നാടകാചാര്യനായ സി.ജെ.
തോമസ്സായിരുന്നു. ഒന്നാംക്ലാസ്സോടെ സ്കൂൾഫൈനൽ ജയിച്ച് ഇന്റർമീഡിയറ്റിന് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന വേണുക്കുട്ടൻ നായർ പ്രൊഫ. എൻ. കൃഷ്ണപിള്ള,
പ്രൊഫ. ഗുപ്തൻനായർ എന്നിവരുടെ ശിക്ഷണത്തിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റികോളേജിൽ ലിറ്ററേച്ചറിന് അഡ്മിഷൻ നേടിയെങ്കിലും ബന്ധുക്കളുടെ നിർബന്ധംമൂലം എൻട്രൻസ് എഴുതി, എൻജിനീയറിങ്
കോളേജിൽ തുടർന്നു പഠിച്ചു. പക്ഷേ പഠനം പൂർത്തിയാക്കാനായില്ല.
എം.പി. നാരായണൻനായരുടെ ശാന്തിവിളയിലെ എം.പി.
ട്യൂട്ടോറിയൽസിലും അട്ടക്കുളങ്ങരയിലെ എം.പി. കോളേജിലും
അധ്യാപകനായിരുന്ന കാലത്ത് അദ്ദേഹം വീണ്ടും നാടകപ്രവർത്തനങ്ങളിൽ സജീവമായി.
മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാർഡിന് നാലുതവണ അർഹനായ അദ്ദേഹത്തിന് നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
     അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം തുടർന്ന് ഉൾക്കടൽ, സ്വപ്നാടനം, മാളിക പണിയുന്നവർ, ഒരു ചെറുപുഞ്ചിരി തുടങ്ങി മുപ്പതഞ്ചോളം ചിത്രങ്ങളിൽ വേഷമിട്ടു.

കേരള സംഗീത നാടക അക്കാദമി വൈസ്പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള വേണുക്കുട്ടൻ നായർ കേന്ദ്ര സംഗീത നാടക അക്കാദമി അംഗവുമായിരുന്നു. കാലിക്കറ്റ് സർവകലാശാല സ്‌കൂൾ ഓഫ് ഡ്രാമ ആരംഭിക്കുന്നതു മുതൽ ദീർഘകാലം അവിടെ അധ്യാപകനായിരുന്ന അദ്ദേഹത്തിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് ലഭിച്ചിരുന്നു.
   തിരുവനന്തപുരം സംഘശക്തി, സംഘചേതന, അഹല്യ, അതുല്യ, നെയ്യാറ്റിൻകര സ്വദേശാഭിമാനി തിയേറ്റേഴ്‌സ്, വടകര വരദ, തൃശ്ശൂർ യമുന എൻർടൈനേഴ്‌സ്, കണ്ണൂർ സംഘചേതന തുടങ്ങിയ പ്രൊഫഷണൽ നാടകസമിതികൾക്ക് വേണ്ടി ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്തു.
ഇതിനു പുറമേ ഇരുപത്തഞ്ചോളം നാടകങ്ങളിലും മുപ്പത്തഞ്ചോളം സിനിമകളിലും ഏതാനും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുകയും 14 നാടകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. 13 വിദേശ നാടകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഒഥല്ലോ, കിംഗ് ലിയർ, അന്നാ കരിനീന തുടങ്ങിയ വിഖ്യാത നാടകങ്ങൾ അതിലുൾപ്പെടുന്നു.

     തിരുവന്തപുരം വട്ടിയൂർക്കാവിലായിരുന്നു താമസം. 2012 നവംബർ 26 ന് അദ്ദേഹം അന്തരിച്ചു. ഭാര്യ: ആശാ സുവർണ്ണരേഖ.