ഭരത് ഗോപി

Bharath Gopi
Date of Birth: 
ചൊവ്വ, 2 November, 1937
Date of Death: 
ചൊവ്വ, 29 January, 2008
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 4

അടി മുതൽ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളിൽ എക്കാലവും വേറിട്ടു നിൽക്കുന്ന പ്രതിഭയാണ് ഭരത് ഗോപി.

കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെയും പാർവതിയമ്മയുടെയും നാലു മക്കളിൽ ഇളയവനായി ചിറയിൻകീഴിൽ ജനിച്ച ഗോപിനാഥൻ വേലായുധൻ നായരാണ് പിന്നീട് മലയാളത്തിലെ അതുല്യ നടനായ ഭരത് ഗോപിയായി വളർന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എസ്‌ സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെടുന്നത്.

ജി ശങ്കരപ്പിള്ളയുടെ പ്രസാധന ലിറ്റിൽ തീയറ്റേഴ്സിലൂടെ അഭിനയരംഗത്തെത്തിയ ഗോപിനാഥൻ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കാവാലം നാരായണപ്പണിക്കർക്കൊപ്പം തിരുവരങ്ങിലും പ്രവർത്തിച്ചു. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് അദ്ദേഹം സിനിമയെ അടുത്തറിഞ്ഞു തുടങ്ങിയത്.

1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് സിനിമയിൽ അരങ്ങേറിയത്. പിന്നീടൊരവസരം ലഭിക്കാൻ 1977ൽ കൊടിയേറ്റം വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും, ആ സിനിമയിലൂടെ ദേശിയ പുരസ്കാരം വരെ ഉയരാൻ ഗോപിക്കു കഴിഞ്ഞു. ദേശീയതലത്തിൽ മികച്ച നടനുള്ള “ഭരത്’ പട്ടം നേടുന്ന അവസാന നടൻ കൂടിയാണ്. (ഭരത്, ഉർവ്വശി പട്ടങ്ങൾ 1977 ൽ നിർത്തലാക്കി)

 ഓർമ്മക്കായ് എന്ന ചിത്രത്തിലെ നന്ദഗോപൻ, യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ, പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പ് ,  കാറ്റത്തെ കിളിക്കൂടിലെ ഷേക്സ്പിയർ കൃഷ്ണപിള്ള, സന്ധ്യ മയങ്ങും നേരം എന്ന ചിത്രത്തിലെ ജസ്റ്റിസ് ബാലഗംഗാധരമേനോൻ, ചിദംബരം എന്ന ചിത്രത്തിലെ മോഹൻദാസ്  തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളി നെഞ്ചിലേറ്റിയ ഈ അനശ്വര പ്രതിഭ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ആഗത്, മണികൗളിന്റെ സതഹ് സെ ഉഡ്താ ആദ്മി, കെ പി ശശിയുടെ ഏക് അലഗ് മൗസം എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

മുരളിയെ നായകനാക്കി 1979ൽ ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് 1989ൽ ഉത്സവപ്പിറ്റേന്ന് സംവിധാനം ചെയ്ത ഗോപി, ഭരതൻ സംവിധാനം ചെയ്ത പാഥേയത്തിന്റെ നിർമ്മാതാവ് കൂടിയാണ്.

 

1986ൽ പക്ഷാഘാതം വന്ന് തളർന്ന അദ്ദേഹം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1992ൽ പാഥേയത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് മടങ്ങിവന്നത്. ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാൽ പിന്നീട് ഗോപി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമെ അഭിനയിച്ചുള്ളൂ.  1991ൽ സംവിധാനം ചെയ്ത യമനം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രം 2002-ൽ സംവിധാനം ചെയ്തു.  2005 -ൽഅൽഷിമേഴ്സ് എന്ന രോഗത്തെ ആധാരമാക്കി മറവിയുടെ മണം എന്നൊരു ചിത്രം സംവിധാനം ചെയ്തു. ചില സാങ്കേതിക കാരണങ്ങളാൽ അതു തീയേറ്ററിൽ എത്തിയില്ല. പിന്നീട് അമൃത ടിവിയിൽ ടെലി സീരിയലായി വരികയുണ്ടായി

2008 ജനുവരിയിൽ ഹൃദ്രോഗത്തെത്തുടർന്ന് അന്തരിച്ചു.

ജീവിത പങ്കാളി- ജയലക്ഷ്മി. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഇദ്ദേഹത്തിന്റെ മകനാണ്. ഡോക്ടർ മീനു ഗോപിയാണ് മകൾ.

നാടക രംഗത്തെ പ്രവർത്തനങ്ങൾ

  • അഭിനയിച്ച നാടകങ്ങൾ - അഭയാർത്ഥികൾ (1962), മൃഗതൃഷ്ണ (1963), പേയ് പിടിച്ച കോലം (1964-66), പൂജാ മുറി (1967),  വെയിറ്റിങ്ങ് ഫൊർ ഗോദോ (1973), ദൈവത്താർ, അവനവൻ കടമ്പ, ഭഗവതജ്ജുകം, ഒറ്റയാൻ
  • എഴുതിയ നാടകങ്ങൾ - സൗമിത്രരേഖ (1973), രാജാവ് രാജ്യം രാജാക്കന്മാർ (1974), മുത്തുകൾ, ശിക്ഷ, സന്ധ്യ
  • സംവിധാനം ചെയ്ത നാടകങ്ങൾ - ഗുരുദക്ഷിണ (1973), രാജാവ് രാജ്യം രാജാക്കന്മാർ (1974), തിരുമുടി

പുരസ്കാരങ്ങൾ / ബഹുമതികൾ

അന്താരാഷ്ട്ര പുരസ്കാരങ്ങൾ

ടോക്യോ ഏഷ്യാ പസഫിക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രത്യേക ജൂറി അവാർഡ് - 1985

1985ൽത്തന്നെ പാരീസിൽ വെച്ച് ഫ്രെഞ്ച് സർക്കാർ ഗോപിയുടെ അഞ്ചു ചിത്രങ്ങളുടെ ഒരു റെട്രോസ്പെക്റ്റീവ് നടത്തുകയുണ്ടായി. സ്മിതാ പാട്ടിൽ, നാസിറുദ്ദീൻ ഷാ, ഓം പുരി, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ എന്നിവരാണ് ഈ ബഹുമതിക്ക് അർഹരായ മറ്റു ഇന്ത്യാക്കാരായ ചലച്ചിത്രപ്രവർത്തകർ.

 

ദേശീയപുരസ്കാരങ്ങൾ

മികച്ച നടൻ - കൊടിയേറ്റം - 1977

സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം - യമനം - 1991

ചലച്ചിത്രത്തെ കുറിച്ചുള്ള മികച്ച പുസ്തകം - അഭിനയം അനുഭവം -1995

പത്മശ്രീ അവാർഡ് - 1991

 

സംസ്ഥാന പുരസ്കാരങ്ങൾ

1977 മികച്ച നടൻ - കൊടിയേറ്റം 

 1980 മികച്ച സഹനടൻ - കള്ളൻ പവിത്രൻ 

1982 മികച്ച നടൻ - ഓർമ്മക്കായി

1983 മികച്ച നടൻ - എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, ഈണം, ഈറ്റില്ലം, കാറ്റത്തെ കിളിക്കൂട് 

1985 മികച്ച നടൻ - ചിദംബരം 

 

  • 2002 -കേരള ഫിലിം ക്രിട്ടിക്സ്  - ചലച്ചിത്ര രംഗത്തിനുള്ള സംഭാവനകൾക്കായി. ചലച്ചിത്ര രത്നം അവാർഡ് 
  • ബോംബെ മലയാളം ഫിലിം ക്രിട്ടിക്ക് അസോസിയേഷൻ സൂപ്പർ ആക്ടർ അവാർഡ് (1983)
  • കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് - നാടക രംഗത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥം (2002) - നാടക നിയോഗം
  • കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് (1994)
  • സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് (1993)
  • അഭിനവ പുരസ്കാരം അവാർഡ് - സംഗീത, യു.കെ (2002)
  • ചലച്ചിത്ര സപര്യ പുരസ്കാരം - മാതൃഭൂമി (2002)

ജൂറിയിൽ

  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി 1991
  • ദേശീയ ചലച്ചിത്ര അവാർഡ് - സിനിമയക്കുറിച്ചുള്ള മികച്ച ഗ്രന്ഥം - ജൂറി 2001

രചനകൾ

  • ഫിലോസഫി ഓഫ് ആക്ടിങ്ങ്
  • നാടക നിയോഗം
  • അഭിനയം അനുഭവം

ഇതിനു പുറമെ വിവിധ മാധ്യമങ്ങളിലായി കവിതകളും ഒട്ടേറെ ലേഖനങ്ങളും  എഴുതിയിട്ടുണ്ട്. 

 

കൂടുതൽ വിവരങ്ങൾക്ക് bharatgopy.com സന്ദർശിക്കുക