2012ലെ മികച്ച മലയാള ഗാനങ്ങൾ

×

Warning message

Submissions for this form are closed.

2012ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമായ ഗാനങ്ങൾ തിരഞ്ഞെടുക്കാമോ ?

ഒരു വർഷം 100ലേറെ ചിത്രങ്ങൾ…! അവയിൽ 750 ലേറെ ഗാനങ്ങൾ…!! ഈ ഗാനങ്ങൾ പാടാൻ 330 ഓളം ഗായകർ…!!! 120 ഓളം ഗാനരചയിതാക്കൾ…!!!! സംഗീതം നൽകാൻ 140 ഓളം പേർ…!!!!! ആരു പറഞ്ഞു മലയാള സിനിമയിലെ പാട്ടുകൾ പ്രതിസന്ധിയിലാണെന്ന്..!!! കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ഗാനങ്ങളാണ് 2012 ൽ ഇറങ്ങിയത്. ഇതിൽ വളരെക്കുറച്ചേ ഓർമ്മയിൽ തങ്ങി നിൽക്കുന്നതുള്ളൂവെങ്കിലും ഇറങ്ങുന്ന ഗാനങ്ങളുടെ എണ്ണം വർദ്ധിക്കുകയാണുണ്ടായത്. പേനാ എടുത്തവരെല്ലാം പാട്ടെഴുത്തുകാരായി മാറിയതു മാത്രമല്ല അഭിനയം പ്രൊഫഷനാക്കിയവർ പാട്ടുകാരായും വന്ന വർഷം കൂടിയായിരുന്നു 2012. മമ്മൂട്ടി, മോഹൻലാൽ, ലാൽ, പൃഥ്വിരാജ്, ബിജു മേനോൻ, ഇന്നസെന്റ്, ലാലു അലക്സ്, മംത, ഭാമ, കാവ്യ മാധവൻ, കലാഭവൻ മണി, രമ്യ നമ്പീശൻ തുടങ്ങിയവരെല്ലാം മലയാളക്കരയെ പാടി കോൾമയിർ കൊള്ളിച്ചു. വരും വർഷങ്ങളിൽ ഈ സംഖ്യ ഇനിയും കൂടാനാണ് സാദ്ധ്യത.

ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിൽ അച്ഛനും മകനും തന്നെയാണ് ഈ വർഷവും മുൻപിൽ. 35 ൽ പരം ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചപ്പോൾ 32 ൽ പരം ഗാനങ്ങളുമായി കെ ജെ യേശുദാസ് ഈ വർഷവും തിളങ്ങി നിന്നു. 32 നു മുകളിൽ ഗാനങ്ങൾ ചിത്രയും 26 ഓളം ഗാനങ്ങൾ മധു ബാലകൃഷ്ണനും ആലപിച്ചപ്പോൾ അമ്മ സുജാത 14 ഗാനങ്ങളും മകൾ ശ്വേത 17 ഗാനങ്ങളും പാടി. എം ജി 17, സുദീപ് കുമാർ 16, മഞ്ജരി 14, ശ്രേയ ഘോഷാലും പി ജയച്ചന്ദ്രനും 12 വീതവും നജിം 10 ഉം വിധു പ്രതാപും കാർത്തിക്കും 9 വീതവും ഗായത്രി 7 ഉം ഗാനങ്ങൾ ആലപിച്ചപ്പോൾ ബിജു നാരായണനും ജി വേണുഗോപാലും 5 പാട്ടുകൾ വീതം പാടി.പ്രദീപ് സോമസുന്ദരം മൂന്ന് പാട്ടുകൾ ആലപിച്ചതായി കാണുന്നു.  ബാക്കി വരുന്ന കാക്കത്തൊള്ളായിരം പാട്ടുകൾ 320 ഓളം ഗായകർ അരയും മുറിയുമായി പാടിപ്പോയി.

75 ഓളം ഗാനങ്ങളുമായി റഫീക് അഹമ്മദാണ് എഴുത്തുകാരിൽ മുൻപൻ. 40 ഓളം ഗാനങ്ങളുമായി സന്തോഷ് വർമ്മയും 40 ൽ പരം ഗാനങ്ങളുമായി ശരച്ചന്ദ്രവർമ്മയും 20 വീതം ഗാനങ്ങളുമായി അനിൽ പനച്ചൂരാനും ഷിബു ചക്രവർത്തിയും സജീവമായപ്പോൾ മൊഴിമാറ്റപ്പടങ്ങളിലെ 25 ഗാനങ്ങളുമായി മങ്കൊമ്പു ഗോപാലകൃഷ്ണൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു.  കൈതപ്രം 20 ഉം എങ്ങണ്ടിയൂർ 17 ഉം, രാജീവ് ആലുങ്കൽ 20 മുരുകൻ കാട്ടാക്കട 21, ഓ എൻ വി 15 ഗാനങ്ങൾ വീതം എഴുതി.

വിദ്യാസാഗറും ഔസേപ്പച്ചനുമാണ് സംഗീതം കൊടുത്തതിൽ മുൻപൻമാർ, 26 ഗാനങ്ങൾ വീതം. എം. ജി ശ്രീകുമാർ 24 ഉം എം. ജയച്ചന്ദ്രൻ 22 ഉം ശരത്തും രതീഷ് വേഗയും 21 വീതവും ഇളയരാജ 18,  ഗോപീ സുന്ദർ 13, മോഹൻ സിതാര, അൽഫോൺസ്, ദീപക് ദേവ്12 വീതവും ചെയ്തു.

ഗാനങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഒരു നിരൂപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ എഴുനൂറിൽ പരം ഗാനങ്ങളിൽ ഞാൻ കേട്ടത് വളരെക്കുറച്ചുമാത്രമാണ്. ഓരോരുത്തർക്കും അവരവരുടെ ആസ്വാദന തലത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ പാട്ടുകളാവും ഇഷ്ടമായിട്ടുണ്ടാവുക. അതിനാൽ മുൻ വർഷങ്ങളിലേപ്പോലെ 2012 ലെ മികച്ച 10 ഗാനങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു.

അപ്പോൾ ഉഴപ്പിയിരിക്കാതെ എല്ലാരും അവരവർക്ക് ഇഷ്ടമായ 10 ഗാനങ്ങൾ വൺ റ്റൂ ത്രീ എന്നു പറഞ്ഞ് സെലക്റ്റ് ചെയ്യുകയോ അതിവിടെയില്ലെങ്കിൽ ഇവിടേയ്ക്കിടുകയോ ചെയ്യൂ. ഞാൻ അതെല്ലാം ഒരു വഴിക്കാക്കിത്തരാം.

താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Comment