ദാസേട്ടാ, ഞങ്ങളെ ഇങ്ങനെ ദുഃഖിപ്പിക്കരുത് :( (ഓർഡിനറി-ഗാനാസ്വാദനം)

(ഓർഡിനറി എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചുള്ള റിവ്യൂ)

വളരെ നാളുകൾക്കു ശേഷം വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ ഏഴോളം ഗാനങ്ങളുമായി ഒരു സിനിമ വന്നപ്പോൾ അതിയായി സന്തോഷിച്ചു. നല്ല കുറേ മെലഡികൾ ഉണ്ടാകും, പോരാത്തതിനു ഒരു ഗാനം ദാസേട്ടൻ ആലപിക്കുന്നു, വിദ്യാധരൻ മാഷും പാടുന്നു കൂട്ടത്തിൽ. വളരെ നാളുകൾക്ക് ശേഷം ബിജു നാരായണൻ സിനിമയിലേക്ക്, മധു ബാലകൃഷ്ണനും ശ്രേയയും കാർത്തിക്കും സുജാതയുമൊക്കെ പാടുന്നവരുടെ കൂട്ടത്തിൽ,  ചിത്രത്തിന്റെ പശ്ചാത്തലത്തിനും പ്രമേയത്തില ദൃശ്യചാരുതയ്ക്കും കിടനിൽക്കുന്ന ഗാനങ്ങളാകുമെന്നൊക്കെ വെറുതേ മോഹിച്ചുപോയി..!!! ഗാനങ്ങളുടെ എണ്ണം കൂടിയാലൊന്നും ഗുണം കൂടില്ലെന്നും മനസ്സിലായി..! എന്തുചെയ്യാൻ ഇതാണു സ്വർണം ഇതാണു തങ്കം എന്നൊക്കെ കാണിച്ചു ഓടും പിച്ചളയുമാണു തരുന്നതെങ്കിൽ പാവം ശ്രോതാക്കൾ എന്തു ചെയ്യും.

പാട്ടുകളെക്കുറിച്ച് അഭിപ്രായം എഴുതുമ്പോൾ എങ്ങനെ വേണം എന്ന മുൻവിധികളൊന്നും സ്വീകരിക്കാറില്ല. പല വട്ടം കേട്ടാകും അതിന്റെ നിലവാരം നിരീക്ഷിക്കപ്പെടുന്നത്. കഴിവതും സ്വതന്ത്രമായ അഭിപ്രായങ്ങളാണു സ്വീകരിക്കുക. ആരെയും കടന്നാക്രമിക്കണമെന്ന് ഒട്ടും വിചാരവുമില്ല. എന്നാൽ യാതൊരു തത്വദീക്ഷയുമില്ലാതെ ആർക്കോ വേണ്ടി പടച്ചു വിടുന്ന സൃഷ്ടികളെക്കുറിച്ച് എങ്ങനെയാണ് നല്ല നാലക്ഷരം എഴുതുക? അവിടെ യേശുദാസ് പാടിയതെന്നോ വിദ്യാസാഗർ ഈണമിട്ടതെന്നോ ഒന്നും തന്നെ വിഷയമാകുന്നില്ല. എങ്കിലും ഒന്നുപറയട്ടേ മലയാളത്തിൽ അടുത്ത കാലത്ത് ഇത്രയും നിലവാരമില്ലാത്ത രചനകൾ ഉണ്ടായിട്ടില്ലെന്നു വേണം പറയാൻ…!

ശ്രേയാ ഘോഷാലിനെക്കൊണ്ട് ഒരുപാട്ടെങ്കിലും പാടിച്ചാലേ ഒരു ഗുമ്മുള്ളൂ എന്നു വന്നിരിക്കുന്ന അവസരത്തിൽ ആ കൊച്ച് പാട്ടൊക്കെ വിട്ട് അതിലും കാശു കിട്ടുന്ന മോഡലിങ്ങിലേക്ക് ചേക്കേറിയെന്ന് ഈ അടുത്ത കാലത്ത് പാടിയ ചില പാട്ടുകൾ കേട്ടാൽ മനസ്സിലാകും. എങ്കിലും എഴുന്നള്ളിച്ചുകൊണ്ട് നിർത്തുവാൻ തൽക്കാലം ആരും ഇല്ലാത്ത സ്ഥിതിക്ക് അവർ തന്നെ ഐക്കൺ! അതിന്റെ പത്തിലൊന്നു മുടക്കിയാൽ അതിലും നന്നായി മലയാളഗാനങ്ങൾ പാടാൻ കഴിവുള്ളവർ ഇവിടെ ഉണ്ടെങ്കിലും അതൊന്നും കച്ചവടത്തിലെ കച്ചവടങ്ങളിൽ ഉൾപ്പെടാത്തതിനാൽ അവഗണിക്കപ്പെട്ടുപോകുന്നു. ഒന്നു നോക്കിയാൽ പാടുന്നവരുടെ നിലവാരത്തകർച്ചയല്ല ഗാനങ്ങളുടെ ഗുണക്കുറവിനു കാരണം അത് സൃഷ്ടിച്ചുവിടുന്നവരുടെ നിരുത്തരവാദിത്തപരമായ സമീപനം കൊണ്ടാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ആരോടും പ്രതിബദ്ധതയില്ലാത്തതും പാട്ടുകളുടെ നിലവാരശോഷണത്തിനു കാരണമാകുന്നു.

മെലഡിയിൽ അൽപ്പം ഭേദമെന്നു തോന്നിയത് ‘എന്തിനീ മിഴിരണ്ടും പിടയാതെ പിടയുന്നു’ എന്ന യുഗ്മഗാനമാണ്. നല്ല ഓർക്കസ്ട്രേഷനും തരക്കേടില്ലാത്ത സംഗീതവുമാണ് ആ ഗാനത്തിന്. ഗിറ്റാർ പോർഷൻ വളരെ നന്നായെങ്കിലും ഏതോ പഴയ ഒരു ഗാനത്തിന്റെ ഇന്റർലൂഡ് ഓർമ്മിപ്പിച്ചു. എന്നാൽ ആ പ്ലസ്സെല്ലാം രചനയിൽ മൈനസ്സായി പോകുന്നതാണ് പിന്നെ നാം കാണുന്നത്. ഈ സിനിമയിലെ ഗാനങ്ങളുടെ പ്രത്യേകത എന്തെന്നു വച്ചാൽ മലയാളത്തിലേക്ക് ഒരർത്ഥവും ആശയവുമില്ലാത്ത പുതിയ കുറേവാക്കുകളും ഭാവനകളും സമ്മാനിച്ചു എന്നതാണ്..!! ട്യൂണിനൊപ്പിച്ച് എന്തെങ്കിലും എഴുതി വച്ചാൽ അത് ഗാനസാഹിത്യമാകുമെന്ന് ധരിച്ചു വശായിരിക്കുന്നു ഇപ്പോഴത്തെ പല പാട്ടെഴുത്തുകാരും. അവിടെ സന്ദർഭത്തിനോ പദഭംഗിക്കോ ആശയത്തികവിനോ ഒന്നും സ്ഥാനമില്ലാതെയായി. രണ്ടാമതൊന്നുകൂടി കേൾക്കുകയോ മനസ്സിരുത്തി വരികളുടെ അർത്ഥത്തിലേക്ക് ഇറങ്ങിച്ചെല്ലുകയോ ചെയ്യാത്ത സാധാരണ ശ്രോതാക്കൾക്ക് ഇതൊക്കെ മതി എന്ന് അവർ മുൻകൂട്ടിയുറപ്പിച്ചാണ് എഴുതാനിരിക്കുന്നതു തന്നെ. പിന്നെങ്ങനെ പാട്ടു നന്നാകും? ‘എന്തിനീ മിഴിരണ്ടും’ എന്ന പാട്ടിന്റെ വരി ചികഞ്ഞാൽ കിട്ടുന്നതു കുറേ കല്ലും മണ്ണും മാത്രമായിരിക്കും.
‘എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ
എന്തിനീ മഴമേഘം നനയാതെ നനയുന്നു അറിയാതെയറിയുന്നതാരേ നീ
ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം’

പിടയാതെ പിടയുക, കാണാതെ കാണുക, നനയാതെ നനയുക, അറിയാതെ അറിയുക തുടങ്ങി ക്ലീഷേകളിലൂടെ പുരോഗമിക്കുന്ന പല്ലവിക്ക് എന്ത് അർത്ഥമാണ് പറയാനുണ്ടാവുക? അതിനിടയിൽ ‘ചിലമ്പിൻ പുന്നാരവും കുറുമ്പിൻ കൂടാര’വും കൂടിക്കേറ്റി പൊലിപ്പിച്ചിട്ടുമുണ്ട്! ഇതിനൊക്കെ എന്തർത്ഥമാണുള്ളതെന്ന് എഴുതിയ ആളോടു തന്നെ ചോദിക്കേണ്ടി വരും..! മഴമേഘമൊക്കെ നനയാതെ നനയുന്നതുകാണുമ്പോൾ എന്തു പറയാൻ..!!

‘ഇലപച്ചിലമേഞ്ഞൊരു കാടും ഇഴപൊന്നിഴപാകിയ കൂടും
ഇനി ആടാനും പാടാനും പൂക്കാലമായ്
കരികർക്കിടവാവിൻ മഴയും പുഴതേടിനടന്നൊരു കടലും
ഇണചേരുന്നൊരു കാലം നീ തേടും നേരം’
മുകളിലെഴുതിയ വരികൾ രണ്ടുമൂന്നുവട്ടം വായിച്ചു നോക്കി എന്തെങ്കിലും മനസ്സിലാകുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്. ഏതു കടലാണ് പുഴ തേടി നടക്കുന്നതെന്ന് ചോദിച്ചാൽ ഇതെന്തു നിരൂപണം എന്നു ചോദിക്കുന്നവർ ഇവിടെ കുറവല്ല. എന്നാൽ ശരിക്ക് ആലോചിച്ചാൽ ആ വരികളിലെ വിവരക്കേടുകൾ എളുപ്പം മനസ്സിലാക്കാനും കഴിയും. എന്നിട്ട് കാമുകൻ കാമുകിയോടു പറയുന്നതോ ‘ഇണചേരുന്നൊരു കാലം നീ തേടും നേരം’ എന്ന്..!!! എല്ലാ കാമുകിമാരും ഈ ടൈപ്പാണെന്ന് എഴുതിയ ആൾ ധരിച്ചു വച്ചിരിക്കുന്നതിനെക്കുറിച്ച് എന്തു പറയാൻ…! രണ്ടാം ചരണത്തെക്കുറിച്ച് കൂടുതലൊന്നും എഴുതാനില്ല. ഇതിലും മികച്ച കൽപ്പനകളാണ് അതിൽ എഴുതി വച്ചിരിക്കുന്നത്….!! പൊൻതുടിക്കാവും, തളിരമ്പിളിയും, കണിപ്പൂമ്പാറ്റയും ഒക്കെ തന്ന് അദ്ദേഹം മലയാളത്തെ അനുഗ്രഹിച്ചിട്ടുണ്ട്..!! കാർത്തിക്കിന്റെ ആലാപനത്തിൽ ഒട്ടും പ്രത്യേകത തോന്നിയില്ല. ഒരു ലൈൻ ബസ്സുമായി ബന്ധപ്പെട്ട കഥയാകുമ്പോൾ പാട്ടിന്റെ ബീജിയിൽ ഒരു മണിയടിയെങ്കിലും പ്രതീക്ഷിച്ചു. പകരം വിസിലടിയാണു കേൾക്കാൻ കഴിഞ്ഞത്. അതൊരു തീമാക്കാൻ പോലും സാധിക്കുമായിരുന്നു. കേരളത്തിലെ സർക്കാർ ബസുകളിൽ വിസിലടിച്ചല്ല ബസ് നിർത്താനും വിടാനും നിർദ്ദേശം നൽകുന്നതെന്ന് ചിലപ്പോൾ വിദ്യാസാഗർ ഓർത്തുകാണില്ല.  

ഇതിലും കേമമാണ് സുൻ സുൻ സുന്ദരിത്തുമ്പീ എന്ന ഗാനം. മധുബാലകൃഷ്ണനും കാർത്തിക്കും ചേർന്നാണ് ആലാപനം. മധു നന്നായി തന്നെ പാടിയിട്ടുണ്ട്. അതുവച്ചു നോക്കുമ്പോൾ കാർത്തിക് പോരാ. എങ്കിലും തരക്കേടില്ലെന്ന് പറയാം. കേൾക്കാൻ ഇമ്പമുള്ള സംഗീതമാണ്. അധികം ബഹളങ്ങളൊന്നുമില്ലാതെ പെർക്കഷൻ ചെയ്തിരിക്കുന്നതും മികച്ചു നിൽക്കുന്നു. ഇവിടെയും പാട്ടിനു പാരയായത് ലിറിക്സിലെ പോരായ്മയാണ്. വരികളിലൽപ്പം പോരായ്മ വന്നാലും സംഗീതം മികച്ചു നിന്നാൽ ഗാനം ശ്രദ്ധിക്കപ്പെടും എന്നത് സത്യമാണ്. എന്നാൽ വരികൾ തീരെ പോരാതായാൽ എത്ര നല്ല ഈണമാണെങ്കിലും അത് മനസ്സിനെ കീഴടക്കില്ല. തുമ്പിയോട് ചൂളമടിക്കാൻ ചമ്പകക്കൊമ്പിൽ വരാൻ പറയാൻ സാധാരണ എഴുത്തുകാർക്ക് കഴിയില്ല…! 

‘താഴേ ജാതിമല്ലി പൂത്തുകുളിരുമീ താഴ്വാരം കോലമയിൽപ്പീലിയുഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാര്
തൊട്ടാവാടിത്തത്തേ നിന്നെ കെട്ടാൻ പോവണതാര്
ഇല്ലിക്കാട്ടിൽ മുല്ലത്തേരിൽ ചുറ്റും പുന്നരിപ്രാവ്’
മാറ്റോരം ചന്തമുള്ള പന്തൽ എന്താണെന്ന് പിടികിട്ടുന്നില്ല. തൊട്ടാവാടിത്തത്തയെ വെറുതേ വിട്ടാലും ‘ഇല്ലിക്കാട്ടിനകത്തെ മുല്ലത്തേരിൽ ചുറ്റും പുന്നരിപ്രാവ്’ എന്നതു കൊണ്ട് എന്താണാവോ ശ്രീ രാജേഷ് നായർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആര് എന്ന ആദ്യവരിയുടെ അവസാനാക്ഷര പ്രാസത്തോട് ചേർക്കാൻ ഒരു പ്രാവിനെക്കൊണ്ട് നിർത്തിയതെന്നല്ലാതെ അവിടെ എന്തെങ്കിലും അർത്ഥമുള്ളതായി അദ്ദേഹം പോലും പറയില്ല..! അടുത്ത ചരണത്തിലും ഉണ്ട് ‘വേളിക്കുയിൽ’ പോലെ ചില കോമ്പിനേഷനുകൾ..!!  ആ വേളിക്കുയിൽ പാടിപ്പാടി പതം വന്ന പൂമ്പാട്ടായി കാത്തിരിക്കുന്ന ആമ്പൽക്കുളത്തിന്റെ കരയുടെ ഓരത്ത് വെള്ളിമുകിൽ വന്ന് പട്ടു വിരിക്കുന്ന നേരത്ത് കൊക്കിനു നാക്കിലയിൽ ‘ഒത്തിരി’ ഊണും ‘ചന്ദനത്തെന്നലിൽ ഇത്തിരി നാട്ടു നിലാവും’ ഒപ്പം താരാട്ടുപാടാൻ ‘നിറ നീലാംബരവും’…!!! എന്തരോ എന്തോ….! നിലാവെപ്പൊഴാണെന്നോ നീലാംബരം ദൃശ്യമാകുന്നതെപ്പോഴെന്നോ യാതൊരു സമയ ബോധവുമില്ലാതെ അർത്ഥത്തിന്റെ നേർത്ത കണികപോലും നൽകാതെ കേൾക്കുന്നവരെല്ലാം മന്ദബുദ്ധികളാണെന്നു തീർച്ചപ്പെടുത്തി എഴുതിവയ്ക്കുന്ന ഇത്തരം അസംബന്ധങ്ങളെ എങ്ങനെ വിശേഷിപ്പിക്കുമെന്നു തന്നെ അറയില്ല.

അടുത്ത ഗാനത്തിലേക്ക് കടക്കും മുൻപുതന്നെ മലയാളത്തിന്റെ ഗാനഗന്ധർവ്വനോട് ഞാൻ ക്ഷമ ചോദിക്കട്ടേ. അങ്ങുതന്ന നിലയ്ക്കാത്ത ഗാനപ്രവാഹത്തിൽ ഒരു ദിവസം പോലും ഒഴിയാതെ മുങ്ങി നിൽക്കുന്ന ഞങ്ങളെ എന്തിനിങ്ങനെ വിഷമിപ്പിക്കുന്നു? യേശുദാസല്ല യേശുദാസല്ല ഈ ഗാനം പാടിയിരിക്കുന്നതെന്ന് പലവട്ടം ബോധമനസ്സിനെ ബോദ്ധ്യപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും യാഥാർത്ഥ്യം മുന്നിൽ വന്ന് പല്ലിളിച്ചു കാണിക്കുന്നു. ഇത്തരം ഒരു ഗാനം അദ്ദേഹത്തിനായി ചെയ്ത വിദ്യാസാഗറിനോടാണ് എന്റെ അമർഷം. തൽസമയം പെൺകുട്ടിയിലെ ‘പൊന്നോടു പൂവായ്’ എന്ന ഗാനം പ്രായാതീതമായി അതിമനോഹരമായി ആലപിച്ച അദ്ദേഹത്തിനായി കൊടുത്ത ഗാനം തീരെ ബോറായി എന്നു പറയാതെ വയ്യ. പിച്ചൗട്ടുകളും ജാറിങ്ങും ക്ലാഷുകളും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിയെടുക്കാൻ ഏതു കുട്ടിക്കും കഴിയും ആ ഗാനത്തിൽ. അദ്ദേഹത്തിന്റ് ആലാപനം കേൾക്കുമ്പൊൾ പാട്ടിനെ നിലത്തിട്ട് വലിച്ചിഴച്ചുകൊണ്ടുപോകുന്നതായാണ് അനുഭവപ്പെടുന്നത്. ബേസിൽ ആ ശബ്ദം നന്നായി ഇടറുന്നത് എളുപ്പം തിരിച്ചറിയാൻ കഴിയും. സൂര്യ ശലഭം എന്ന ഗാനം സിനിമയിലെ ഏറ്റവും മോശം ഗാനമാകുന്നതും അതുകൊണ്ടു തന്നെ.

ലിറിക്സിനെപ്പറ്റി അധികം ഒന്നും പറയാനില്ല. അല്ല, ഇനി പറഞ്ഞാൽ കൂടിപ്പോകുമോ എന്ന ഭയം. സംഗീതം തന്നെ മോശം, കൂട്ടത്തിൽ രചന അതിലും മോശവും ആലാപനം അതിനപ്പുറം മോശവുമായാൽ എന്തു ചെയ്യും? ‘നീർമുല്ലയോ വേനലിൽ കുളിരിടം തേടി’ എന്നു വച്ചാൽ എന്താ? ‘നീർമുല്ല’ നീരിൽ നിൽക്കുന്ന മുല്ലയാണോ അതോ പുതിയ ഇനം മുല്ലയാണോ? ഇനി അതു വെള്ളത്തിലാണു നിൽക്കുന്നതെങ്കിൽ പിന്നെന്തിനു വേനലിൽ കുളിരുള്ള ഇടം തേടണം എന്നൊക്കെ ചോദിച്ചാൽ എനിക്ക് എന്തോ കുഴപ്പമുണ്ടെന്നേ ആളുകൾ പറയൂ..!! അപ്പോഴും ഒഴിയാതെ മഴപെയ്തുകൊണ്ടിരിക്കുകയാണെന്നോർക്കണം..!!! ആ മഴയത്തിരുന്നാണ് നീറുന്ന മൈന തേങ്ങുന്നത്..!!! ഒടുക്കം നോവുന്ന ഒരു പാട്ടിൽ ഹൃദയം തേഞ്ഞ് മാഞ്ഞ് പോയി..!!!! ഇതൊക്കെ കുത്തിയിരുന്നു കേൾക്കുന്നവരുടെ ഹൃദയം പൊടിഞ്ഞുപോകാതിരുന്നാൽ ഭാഗ്യം എന്നേ പറയേണ്ടൂ..!! ഇതാണ് ആധുനിക രചന ആധുനിക രചന എന്നു പറയുന്നത്. വായിക്കുന്നവർക്ക് ആകെ കൺഫ്യൂഷനാകണം സംഗതി. ഒരക്ഷരം മനസ്സിലാകരുത്. ഭാവം, ഭംഗി, ഭാവന, പദഭംഗി, അർത്ഥപൂർണ്ണത എന്നിവയൊന്നും ഏഴയലത്തു കാണരുത്. ഇവിടെ എന്തുമാകാമല്ലോ..!!!

സിനിമയിലെ ഗാനങ്ങളിൽ അൽപ്പം ആശ്വാസമായി നിൽക്കുന്നു വിദ്യാധരൻ മാസ്റ്റർ ആലപിച്ച കറുത്ത മുന്തിരിയും കാഞ്ഞുപോയെന്റെയീ കാഞ്ഞിരമനസ്സും. ഇതും രാജേഷ് നായരു തന്നെ എഴുതിയതാകനാണ് വഴി. ഉറപ്പില്ല. എങ്കിലും ആലാപനത്തിലെ വൈവിദ്ധ്യം കൊണ്ടും ഈണം കൊണ്ടും കറുത്ത മുന്തിരി അധികം പരിക്കില്ലാതെ രക്ഷപ്പെടുന്നു. അവിടെയും ‘ചില്ലുമാമരക്കൊമ്പി’ലും ‘സ്നേഹരാമഴപ്പന്തലു’മൊക്കെക്കൊണ്ട് കസർത്തു കാണിച്ചിട്ടുമുണ്ട്. ശ്രീ ഗിരീഷ് പുത്തഞ്ചേരിക്കു ശേഷം ചില്ലും കണ്ണാടിയുമൊന്നും കാണാതിരിക്കുകയായിരുന്നു. ഏതായാലും ആ കുറവു നികന്നിട്ടുണ്ടിവിടെ. സ്നേഹരാമഴപ്പന്തിലാണോ ചില്ലുമാമരം നിൽക്കുന്നതെന്നൊക്കെ ചോദിച്ചു ഞാൻ താഴുന്നില്ല. അല്ലെങ്കിൽ തന്നെ കഥയിൽ ചോദ്യമില്ലല്ലോ..!!

വളരെ നാളിനു ശേഷം ബിജു നാരായണന്റെ ഒരു ഗാനം സിനിമയിൽ ഉൾപ്പെട്ടു കണ്ടപ്പോൾ സന്തോഷിച്ചു. എന്നാൽ ആ ഡെപ്പാങ്കൂത്തിൽ പ്രത്യേകിച്ചൊന്നും അദ്ദേഹത്തിനു ചെയ്യാനില്ലായിരുന്നു. ഒരു സാധാരണ തുള്ളൽ പാട്ടെന്നേ ഇതിനെക്കുറിച്ച് പറയാൻ കഴിയൂ. സംഗീതത്തിൽ പ്രത്യേകിച്ച് മേന്മയൊന്നും കാണുന്നില്ല. വിദ്യാസാഗറിനെപ്പോലെ ഒരാൾക്ക് ഇതിന്റെ പത്തിരട്ടി മികച്ച ഗാനം നൽകാമായിരുന്നു. ‘കണ്ണാടിപ്പൊട്ടും’ (അതെന്തു പൊട്ടാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല) ‘കസ്തൂരി വാകയും’  (കസ്തൂരി മഞ്ഞൾ, കസ്തൂരി മാമ്പഴം, കസ്തൂരി മുല്ല എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഒരു സുഗന്ധവുമില്ലാത്ത വാകയ്ക്ക് കസ്തൂരി എന്ന വിശേഷണം നൽകിയെ ശ്രീ രാജേഷ് നായരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.

‘ചിന്നിത്തെന്നും കോടക്കാറ്റിൽ കനകമല തേടിത്തേടി കാലമേഘം’ തൊട്ടിങ്ങോട്ട് എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു എന്നല്ലാതെ അതെല്ലാം എടുത്തെഴുതി വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കൊഞ്ഞനം കുത്തുന്നതുപോലെയുണ്ട് ടിപ്പു എന്ന ഗായകൻ പാടുന്നതു കേട്ടാൽ. സുജാതയടക്കം പാടുന്നത് എന്താണെന്നു പോലും എത്ര കേട്ടാലും മനസ്സിലാക്കാൻ കഴിയാത്തതുപോലെ അവ്യക്തതയും പശ്ചാത്തല ശബ്ദകോലാഹലങ്ങളും കൂടെ…!! ഇതിൽ മാത്രമല്ല പല പാട്ടിലും വരികൾ എന്താണെന്ന് കേട്ടെടുക്കാൻ കഴിയുന്നതേയില്ല. പുതിയ മിക്ക ഗായകരുടേയും ഏറ്റവും വലിയൊരു ന്യൂനതയാണിത്. അക്ഷരം വ്യക്തമായുച്ചരിക്കാതെ വേണേൽ കണ്ടുപിടിയെടാ എന്ന് ശ്രോതാവിന്റെ മുന്നിൽ ചോദ്യമെറിയുന്ന ശീലം. ഇതൊരിക്കലും നല്ല പ്രവണതയല്ല. വരികൾ വ്യക്തമായി തിരിയുന്ന വിധത്തിൽ വേണം ആലപിക്കാനും. ഒന്നും മനസ്സിലാകുന്നില്ല എന്ന കാരണത്താൽ ‘ചെന്താമരക്കൊല്ലിക്കിരുപുറമോടും’ എന്ന പാട്ട് ഞാൻ വിട്ടു. അല്ലെങ്കിൽ കേട്ടു കേട്ടു വട്ടായാലോ എന്നു തോന്നി. ‘ഏഴിമല തമ്പ്രാ ചെണ്ടക്കോലുണ്ടോ’ എന്നൊക്കെ കേൾക്കുമ്പോൾ എന്തെഴുതാൻ..!!  എഴുതിയ ആളിന്റെ കയ്യിൽ നിന്നു തന്നെ ഇതിന്റെ ലിറിക്സൊക്കെ വാങ്ങിക്കുകയേ രക്ഷയുള്ളൂ.

ഒരു നല്ല ആസ്വാദനം തയ്യാറാക്കാനായാണ് ഈ പാട്ടുകൾ കേട്ടു തുടങ്ങിയത്. എന്നാൽ വളരെ നിരാശാജനകമായിപ്പോയി. ഓരോ റിവ്യു എഴുതാനിരിക്കുമ്പോഴും ആ പ്രതീക്ഷ ജ്വലിപ്പിച്ചു നിർത്തിയതുമാത്രം മിച്ചം. ഇത്തരത്തിലാണ് മലയാള ഗാനങ്ങളുടെ ഭാവിയെങ്കിൽ പിന്നെ ഒന്നും ആലോചിക്കാനില്ല. വിദ്യാസാഗർ മുൻപു ചെയ്തിട്ടുള്ള ഗാനങ്ങളിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥതയുടേയും ആർജ്ജവത്തിന്റേയും നിഴൽ പോലും ഈ ഗാനങ്ങളിൽ ഇല്ലെന്ന് ഖേദപൂർവ്വം പറയേണ്ടി വരുന്നു. ആരെയും വ്യക്തിഹത്യ നടത്താൻ താൽപ്പര്യമില്ല. പക്ഷേ ഇത്തരം സൃഷ്ടികൾ കാണുമ്പോൾ എങ്ങനെ രണ്ടുവാക്ക് അതിനെക്കുറിച്ചു നല്ലതു പറയും? എന്താണെഴുതുന്നതെന്ന് എഴുതുന്നയാൾക്കുപോലും വ്യക്തത നൽകാനുള്ള കഴിവില്ലായ്മ, തട്ടിക്കൂട്ടിയതു പോലെയുള്ള സംഗീതം, അവ്യക്തവും ശ്രുതിപ്പിഴവുമുള്ള ആലാപനം ഒക്കെക്കൊണ്ട് ഓർഡിനറിയിലെ ഗാനങ്ങൾ നിലവാരത്തിൽ താഴെ നിൽക്കുന്നു. ഇതിൽ നിന്നൊക്കെ പാഠമുൾക്കൊണ്ടുകൊണ്ട് അടുത്ത പ്രോജെക്ട് ഈ ആരോപണങ്ങൾ കഴികിക്കളയാൻ പാകത്തിനുള്ള മനോഹരങ്ങളായ ഗാനങ്ങൾ സൃഷ്ടിക്കാൻ ശ്രീ വിദ്യാസാഗറിനും എഴുത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് ഏറ്റുപാടുവാൻ കാമ്പും ഭംഗിയുമുള്ള സാഹിത്യം സൃഷ്ടിക്കാൻ ശ്രീ രാജേഷ് നായർക്കും കഴിയട്ടേ എന്ന് ആശംസിക്കുന്നു.
ദാസേട്ടനോടൊന്നേ പറയാനുള്ളൂ, ഞങ്ങളെ ഇങ്ങനെ ദുഃഖിപ്പിക്കരുത്…:-((

Relates to: 
Contributors: 

പിന്മൊഴികൾ

Tune itta shesham varikal

Tune itta shesham varikal ezhuthumpol ithrayokkeye pratheekhikkan pattu. Malayalam thamizhine atthra flexible alla ennu thonunnu. Pinne mattoru comment-il paranja pole ippol kelvikkar 20% importance mathramme lyrics-inullu.

ഞാന്‍ വിയോജിച്ച്ച്ചോട്ടെ ..

ദേ ..അനാവശ്യം പറയരുത്..ഓര്‍ഡിനറി യിലെ പാട്ടുകള്‍ അത്ര മോശമൊന്നുമല്ല ..സത്യത്തില്‍ റിലീസിന് അടുത്ത ദിവസങ്ങളില്‍ പടം കാണാന്‍ പോയത് കാരണം പാട്ടിനെ പറ്റി വലിയ മുന്‍വിധികള്‍ ഉണ്ടായിരുന്നില്ല ..സൂര്യശലഭം ആദ്യം കേട്ടപ്പോള്‍ നല്ല ഒരു ഫീല്‍ കിട്ടി ..തിയറ്ററിലെ ശബ്ദമേന്മയും പടത്തിന്റെ situation ഉം കൂടിയായപ്പോള്‍ താങ്കള്‍ എഴുതിയതിനു എതിരായാണ് എനിക്ക് തോന്നിയത്..ഇതുപോലെ ഒരു ഗാനം പാടാന്‍ വേറെ ഏത് ഗായകനുണ്ട് ഈ കേരളത്തില്‍ ? ദാസേട്ടന്റെ ഈ പ്രായത്തില്‍ വളരെ മനോഹരമായി ത്തന്നെയാണ് ഈ പാട്ട് പാടിയതെന്നാണ് എന്റെ അഭിപ്രായം ..സത്യം പറയട്ടെ mp3 player ല്‍ repeat ഓണ്‍ ആക്കി എത്രനേരം താങ്കള്‍ മോശമെന്ന് പറഞ്ഞ ഈ പാട്ട് ഞാന്‍ കേട്ടുവേന്നറിയില്ല. അതുകൊണ്ട് ഞാന്‍ വിയോജിച്ച്ച്ചോട്ടെ ..

രത്നചുരുക്കം ഒരു എളിയ ആസ്വാദകൻ എന്ന പേരിൽ

രത്നചുരുക്കം ഒരു എളിയ ആസ്വാദകൻ എന്ന പേരിൽ

സത്യത്തിൽ ഒരു റിവ്യു ഓർഡിനറിയുടെ പാട്ടുകൾക്ക് പ്രതീക്ഷിച്ചില്ല!! വായിച്ചു! കൂടുതൽ മനസ്സിലായി!!
പക്ഷെ പടം കണ്ടിട്ടും പാട്ടൊന്നും മനസ്സിൽ നിന്നില്ല! കാരണം..പാട്ടുകളും സിനിമയും ഒട്ടും ചേരുന്നുണ്ടായിരുന്നില്ല!! ഒരിടത്തും ചേരാത്ത കുറെ പാട്ടുകൾ എന്നൊരു ഫീൽ തോന്നിയതുകൊണ്ടാകാം പിന്നെ കേൾക്കാനും തോന്നിയില്ല!!

The music is not bad.But the

The music is not bad.But the lyrics is worst forever.

കുറച്ചു കൂടിപ്പോയില്ലേ സ്നേഹിതാ ??

സുഹൃത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു..പക്ഷെ കുറച്ചു കൂടിപോയില്ലേ എന്നൊരു സംശയം!!അത്രയ്ക്ക് മോശമാണോ ആ പാട്ട് ??പോരായ്മകള്‍ ഉണ്ടാകും.. പക്ഷെ ഏറെനാളിനു ശേഷം വിദ്യാസാഗര്‍- -ദാസേട്ടന്‍ ടീമിന്‍റെ ഒരു സുഖമുള്ള പാട്ട് ആയാണ് എനിക്ക് തോന്നിയത്.പിന്നെ ചില റിയാലിറ്റി ഷോ ജഡ്ജെസിനെ പോലെ ആ ഭാഗത്ത്‌ ഭാവം വന്നില്ല എന്നൊക്കെ പറഞ്ഞത് ബാലിശമായി തോന്നി.കരയിലേക്ക് ഒരു കടല്‍ദൂരം എന്നാ ചിത്രത്തിലെ ഹൃദയത്തിന്‍ മധുപാത്രം എന്ന പാട്ട് കേട്ടപ്പോ ഇത് ദാസെട്ടനെകൊണ്ട് പാടിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിയിരുന്നു .. പക്ഷെ ഇത് അത്ര അരോചകമായി തോന്നിയില്ല. ഈ ഇഴച്ചില്‍ എന്ന പദത്തിന്‍റെ ഉപയോഗവും തീരെ മനസിലായില്ല ..പിന്നെ നല്ല വരികളുടെ ദൌര്‍ലഭ്യം ഒരു വിഷയം തന്നെയാണ്.. ഇവന്‍ മെഘരൂപന്റെ റിവ്യൂ പ്രതീക്ഷിക്കുന്നു...

sHyAm3

sammathichu nalla

sammathichu nalla review...enna pinne chettanu angu song ezhuthikoode....ezhuthuka mathramalla.....tune edukayum....padukayum angu cheyuuu...njangal kaathirikkum

SUHRUTHE, ORU SILPAM

SUHRUTHE, ORU SILPAM MOSHMANANENNU PARAYN ARCHITECURE ENGINEERING PASS AKANDA.COMMON SENSE MATRAM MATI.

ശ്രീ യേശുദാസിനെ വിമർശിക്കാനായി വിമർശിച്ചതല്ല

ശ്രീ യേശുദാസിനെ വിമർശിക്കാനായി വിമർശിച്ചതല്ല. ആ ഗാനം കേട്ടപ്പോൾ എനിക്കുനുഭവപ്പെട്ടതാണ് എഴുതിയത്. അദ്ദേഹത്തിന്റെ വഴങ്ങാത്ത ശബ്ദം ആ ഗാനത്തിനു അനുചിതമാണെന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്. വല്ലാതെ ഇഴയുന്ന പ്രതീതിയാണ് ആ ഗാനം കേൾക്കുമ്പോൾ. ‘കോലങ്ങൾ’ എന്ന ഭാഗം ആദ്യ വട്ടം പാടുമ്പോഴും രണ്ടാമത് ഹൈയിൽ ആവർത്തിക്കുമ്പോഴുമുള്ള വ്യത്യാസം ശരിക്കും മനസ്സിലാകും. കോലങ്ങൾ എന്ന വാക്ക് പ്ലെയിനായി നിർത്തിയാലും തരക്കേടില്ലായിരുന്നു. ‘കാറ്റിലെന്തേ പൊള്ളിനിൽപ്പൂ’ എന്ന ഭാഗത്ത് അദ്ദേഹം കൊടുത്ത ഭാവം ഒട്ടും സ്വാഭാവിക ആലാപനമായി തോന്നിയുമില്ല. ‘സൂര്യ ശലഭം’ എന്ന തുടക്കം തന്നെ അരോചകമായി എന്നാണെന്റെ അഭിപ്രായം, ഒരു സാധാരണ ആസ്വാദകന്നെന്ന നിലയിൽ. എങ്ങനെ സംഗീതം കൊടുക്കണം എന്നു പറയാൻ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഞാൻ ആളല്ല. എന്നാൽ എന്തിഷ്ടമായി എന്ത് ആയില്ല എന്ന് പറയാൻ എനിക്കു കഴിയും. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഒരു പക്ഷേ ഒരാൾക്ക് അതൊരു നല്ല കമ്പോസിങ്ങായി അനുഭവപ്പെട്ടേക്കാം. പക്ഷേ എനിക്ക് ആ ഗാനം ഇഴയുന്നതായാണ് തോന്നിയത്. ഒരു രാത്രികൂടിയും വരമഞ്ഞളാടിയ രാവും ആരോ കമഴ്ത്തിവച്ച ഓട്ടുരുളിയും പിന്നെയും പിന്നെയുമൊക്കെ സംഭാവന ചെയ്ത വിദ്യാസാഗറെപ്പോലെയുള്ള ഒരു പ്രതിഭയിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിടത്ത് ഇതുപോലെ അനേക ശ്രവണത്തിൽപ്പോലും ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ അതൊരുപക്ഷേ എന്റെ പോരായ്മയാകാം. ചരണങ്ങൾ പിന്നെയും കേട്ടിരിക്കാം, പക്ഷേ പല്ലവി പാടേ പോയി. തുടക്കം പോയിട്ട് പിന്നെ എന്തു ഗുണം.

അതിലുപരി എന്റെ നിരൂപണം അതിന്റെ വരികളിലെ അസംബന്ധങ്ങളെക്കുറിച്ചുകൂടിയായിരുന്നു. പരസ്പരം ബന്ധങ്ങളില്ലാത്ത കുറേ വികല കൽപ്പനകൾ ചേർത്തുവച്ചു നടത്തിയ സൃഷ്ടികൂടിയാകുമ്പോൾ പാട്ടു മികച്ചതെന്ന് പറയാൻ കഴിയുന്നില്ല. സംഗീതത്തോടൊപ്പം സാഹിത്യവും ഒരു ഗാനത്തോട് നീതി പുലർത്തണമെന്നാണെന്റെ അഭിപ്രായം. എങ്കിലേ അതിനു ആസ്വാദകരുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാൻ കഴിയൂ.

സപ്തസ്വരങ്ങൾ വച്ച് അഭ്യാസം കാണിക്കുന്നവയാകരുത് ഗാനങ്ങൾ എന്നാണെന്റെ അഭിപ്രായം. അതിന്റെ ആസ്വാദന നിലവാരവും സങ്കീർണ്ണമായ സംവിധാനവും തമ്മിൽ ബന്ധമൊന്നുമില്ല. കേൾക്കുമ്പോൾ എന്താണോ അതാണതിന്റെ ഭാവം. അതാണതിന്റെ ആത്മാവ്. അത് നഷ്ടമായിട്ട് ഇത് മനഃപൂർവ്വം അങ്ങനെ ചെയ്തതാണെന്നും അത്രയ്ക്ക് കോമ്പ്ലിക്കേഷൻ ഉള്ളതാണെന്നും പറഞ്ഞിട്ട് എന്തു ഫലം. ശ്രീ യേശുദാസിന്റെ ശബ്ദം പല സ്ഥലങ്ങളിലും ഇടറുന്നതായോ വലിയുന്നതായോ മാറ്റം വരുത്തപ്പെട്ടതായോ എനിക്ക് ആഗാനം ശ്രവിച്ചപ്പോൾ അനുഭവപ്പെട്ടതാണ് ഞാൻ അവിടെ എഴുതിയത്. ആരു ചെയ്തു, പാടി എന്നതൊന്നും ഞാൻ വിഷയമാക്കാറില്ല. അത്തരത്തിൽ ആ നിരൂപണത്തോട് ഞാൻ നീതിപുലർത്തി എന്നു വിശ്വസിക്കുന്നു. പിന്നെ എന്റെ നിരൂപണങ്ങൾ എന്റെ മാത്രം അഭിപ്രായങ്ങളാണ്. മറ്റൊരാൾ അതിൽ തെറ്റു ചൂണ്ടിക്കാണിച്ച് അങ്ങനെയല്ല എന്ന് സമർത്ഥിക്കുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അത്തരത്തിൽ എല്ലാ വിധ നിരീക്ഷണങ്ങളും ചർച്ചകളും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എങ്കിലല്ലേ കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും കഴിയുകയുള്ളൂ. അതിനാൽ എല്ലാ അഭിപ്രായങ്ങളേയും സ്നേഹപൂർവ്വം സ്വീകരിക്കുന്നു, സ്വാഗതം ചെയ്യുന്നു.

Athrakkonnum moshamaaya

Athrakkonnum moshamaaya gaanavumalla aalaapanavumalla soorya salabhathinteth...Valla kaalathumundaakunna ithu poleyulla nall songine dayavu cheythu illaathaakkaruth...

Reply to Vijesh

വിജേഷേ - ഇതൊരന്ധമായ ആരാധനയാണോ ഇങ്ങനെ പറയിക്കുന്നതെന്നൊരു സംശയം ?! ഗായകനാരെന്നറിയാതെ, നോക്കാതെയാ കേട്ടത്. കേട്ടപ്പോൽ ഇത്രക്ക് മോശമായാരാണ് പാടിയതെന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. വീണ്ടും പലയിടത്തും നോക്കിഉറപ്പിച്ചിട്ടും, സംശയം ബാക്കിയായിരുന്നു. അതുകൊണ്ട് ഈ റിവ്യൂവിലെഴുതിയത് തെറ്റാണെന്നു തോന്നുന്നില്ല.

വിജേഷേ - പാട്ടുകാരൊക്കെ ഇതിനെ കീറിമുറിക്കും മുൻപൊരു കാര്യം ഞാൻ പറഞ്ഞോട്ടേ. സത്യം പറഞ്ഞാൽ ഈ പാട്ടിന്റെ "ഘടന" ഇങ്ങനെയെന്നോ , അതിന്റെ "ബാക്കിങ്ങ്" ഈ രീതിയിലാണോ , അതോ രാഗം പ്രത്യേകതയുള്ളതാണോ, അത് യേശുദാസ് ഇമ്പ്രൂവൈസ് ചെയ്തതാണോ, എന്നൊന്നും എനിക്കറിയില്ല. പാട്ടുകാരോട് റിപ്ലേ തരാൻ പറയുമ്പോൾ എന്റെ സംശയം ഇതാണു വിജേഷേ . ഈ പറഞ്ഞ ശാസ്ത്രീയ കാര്യങ്ങളിലൊന്നും ഒരറിവുമില്ലെങ്കിലും , അല്ലെങ്കിൽ ഇതെല്ലാം മാസ്റ്റർ ചെയ്തയാളാണെങ്കിലും, ഈ പറഞ്ഞതൊക്കെയുൾക്കൊള്ളിക്കുന്ന ഒരു പാട്ടിന്റെ 'ഔട്ട്പുട്ട് " എന്താണ്? നമ്മുടെ മനസ്സിനെ തൊടുന്ന, നമ്മൾ ആസ്വദിക്കുന്ന ഒരു ഗാനം. അത് സാധിച്ചില്ലെങ്കിൽ പിന്നെ, ബാക്കിങ്ങ് എന്നും, പ്രത്യേക ഘടനയിലാണെന്നുമൊക്കെ പറഞ്ഞിട്ടെന്തു കാര്യം ? പാട്ടുകാരനായ ഒരാൾക്ക് ഇതിന്റെ ചില പ്രത്യേകതകൾ, ആലാപന ശൈലിയൊക്കെ മനസിലാകുന്നു എന്നതല്ലല്ലോ നല്ലൊരു പാട്ടിന്റെ മാനദണ്ഡം ?! അറ്റ് ലീസ്റ്റ് എന്നെ സംബന്ധിച്ചങ്ങനെയല്ല. ബുദ്ധിജീവികൾ മാത്രം ആസ്വദിക്കുന്ന ഒരു പുസ്തകമാണെന്നു എഴുതിയ ആളോ, അല്ലെങ്കിൽ ഈ 'സൊ കോൾഡ്' ബുദ്ധിജീവി സമൂഹമോ പറയുന്നതല്ലല്ലോ ഒരു നല്ല സാഹിത്യകൃതിയുടെ ലക്ഷണം, എന്നു പറയുമ്പോലെ :)

പാട്ടുകാർ ഇതിനെ എത്രയൊക്കെ കീറിമുറിച്ച്, പ്രത്യേകതകൾ നിരത്തിയാലും, എനിക്ക് ആസ്വദിക്കാനാവാത്ത ഒരു ഗാനം, എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പ്രിയമല്ല . എന്നു തന്നെയല്ല, കേൾക്കുമ്പോൾ തീരെ മോശമെന്നൊരു തോന്നലുണ്ടായാൽ, അതാരു പാടിയാലും, മലയാളിയുടെ എത്ര പൾസ് അറിയുന്ന സംഗീത സംവിധായകൻ ചെയ്തതാണെങ്കിലും ഞാൻ തിരസ്കരിക്കും. 'After all its vidyasagar.. ' എന്നു പറയുന്നിടത്തു തന്നെ, വിജേഷിന്റെ ആസ്വാദനം ഒരു ആരാധനയെ ബെയ്സ് ചെയ്തല്ലേ എന്നെനിക്കൊരു സംശയം തോന്നുന്നു:)

ജയചന്ദ്രന്റെ റിവ്യൂവിനോട് 90%

ജയചന്ദ്രന്റെ റിവ്യൂവിനോട് 90% യോജിക്കുന്നു. 'സൂര്യശലഭം' എന്ന ഗാനം ഗായകനാരെന്നറിയാതെ, നോക്കാതെയാ കേട്ടത്. കേട്ടപ്പോൽ ഇത്രക്ക് മോശമായാരാണ് പാടിയതെന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. വീണ്ടും പലയിടത്തും നോക്കിഉറപ്പിച്ചിട്ടും, സംശയം ബാക്കിയായിരുന്നു. അതുകൊണ്ട് ഈ റിവ്യൂവിലെഴുതിയത് തെറ്റാണെന്നു തോന്നുന്നില്ല. ശ്രേയയെ പാടിക്കുന്നതിപ്പോൾ വല്ലാത്തൊരു മാർക്കറ്റിങ്ങ് ആയിരിക്കുന്നു. പഴയപോലെ ഉച്ചാരണശുദ്ധിയില്ലാതെയാണ് പാടുന്നതും. എടുത്തുപറയേണ്ട മറ്റൊരു കാര്യം മധുബാലകൃഷ്ണന്റെ ആസ്വദിച്ചുള്ളൊരാലാപനമാണ്. എന്തായാലും ഈ റിവ്യൂ ഇഷ്ടപ്പെട്ടു.

ഓർഡിനറി

അടുത്ത കാലത്തിറങ്ങിയ പാട്ടുകളിൽ ഓർഡിനറി നന്നായിത്തോന്നിയിരുന്നു.ഒരു പക്ഷേ സുൻ..സുൻ സുന്ദരി മാത്രം കണ്ടത് കൊണ്ടുള്ള തോന്നലാവാം.വന്ന് വന്ന് വരികൾ ആരും തന്നെ ശ്രദ്ധിക്കാൻ വയ്യാത്ത വിധമാക്കിയിട്ടുണ്ട്..പാട്ടിന്റെ സാഹിത്യത്തിനുള്ള ആസ്വാദന അനുപാതം വളരെക്കുറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്..ഒരു 80:20 ( ട്യൂൺ:ലിറിക്ക്) ആയിരിക്കും ഭൂരിപക്ഷം പാട്ടുകേൾക്കുന്നവർ പ്രിഫർ ചെയ്യുന്നത് ( കിട്ടിയതിൽ ഭേദമെന്ന് നോക്കിനോക്കി ബോധപൂർവ്വം അല്ലാതെ അങ്ങനെ ആയിത്തീർന്നതാവാം )

recording -നു ശേഷം pitch

recording -നു ശേഷം pitch correction തുടങ്ങിയ സൌകര്യങ്ങള്‍ ഒക്കെയുള്ള ഇക്കാലത്ത് ഇങ്ങനെ അപശ്രുതിയില്‍ ആണ് പാട്ടുകള്‍ കേള്‍ക്കുന്നതെങ്കില്‍ അതിന്റെ originals എത്ര ഭയാനകം ആയിരിക്കും എന്ന് ഓര്‍ത്ത്‌ നോക്കുക... യേശുദാസ്-നു പ്രായം ആയെന്നു കരുതാം... സുജാതയുടെ ചിത്രയെ അനുകരിക്കാനുള്ള പാഴ്ശ്രമവും വയസ്സിശബ്ദത്തിലും ചെറുപ്പം ആണെന്ന് കാണിക്കാനുള്ള കൊഞ്ചലും എല്ലാം എത്ര അസഹ്യമാണ്... മധു ബാലകൃഷ്ണനും ബിജു നാരായണനും എല്ലാം യേശുദാസ്-ന്റെ ശബ്ദം അനുകരിക്കുന്നതില്‍ കൂടുതല്‍ ഒന്നും വളര്‍ച്ച കാണിക്കുന്നില്ല... പിന്നെ, ശ്രേയാ ഘോഷല്‍-ന്റെയൊക്കെ കാര്യം... പാട്ടുകള്‍ കൂടുതല്‍ കിട്ടുന്നത് കൊണ്ടാവും, മുന്‍പ് കണ്ടിരുന്ന അത്ര ഒരു dedication ഇപ്പോള്‍ ഉള്ള പാട്ടുകളില്‍ കാണുന്നില്ല... പുതിയ സ്ത്രീ ഗായകരില്‍ ശ്വേത അമ്മയെ കോപ്പി ചെയ്യുന്നു, മഞ്ജരി നല്ല ഗായികയെങ്കിലും ശബ്ദത്തിന് മാധുര്യം കുറവ്, ഗായത്രി-യുടെ ഉച്ചാരണം തീരെ നന്നല്ല, റിമി-യും ജ്യോത്സ്ന-യുമെല്ലാം നല്ല ശബ്ദത്തിന്റെ ഉടമകള്‍ ആണെങ്കിലും ഒരു വേറിട്ട ശബ്ദം അല്ല, അവരെ ശബ്ദം കൊണ്ട് തിരിച്ചറിയുക ദുഷ്കരം... ഡിങ്കിരി പട്ടാളം പാടിയ കല്യാണി എന്നൊരു ഗായികയെ ഇടയ്ക്ക് ടീവീ-യില്‍ ഒക്കെ കണ്ടിരുന്നു, വളരെ നല്ല ആലാപനം ആയി തോന്നിയിരുന്നു, കൂടാതെ അമൃത സൂപ്പര്‍ സ്റ്റാര്‍-ലും ഐഡിയ സ്റ്റാര്‍ സിങ്ങര്‍-ലുമെല്ലാം ശ്രദ്ധിക്കപ്പെട്ട മൃദുലാ വാരിയര്‍ മോശമല്ലെന്ന് തോന്നുന്നു... പുതുഗായികമാരെയൊന്നും വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന് തോന്നുന്നു, കൂടുതല്‍ പേരും അങ്ങോട്ട്‌ കാശ് കൊടുക്കുന്ന സിസ്റ്റം ആണ് ഇപ്പോള്‍ എന്നും കേള്‍ക്കുന്നു...!!!
:((

ജാതി ചോദിക്കരുത്

ജാതി ചോദിക്കരുത് എന്നൊക്കെയാണു. പക്ഷെ രാജേഷ് യഥാർത്ഥത്തിൽ നായരോ വർമ്മയോ? രണ്ടും ഓരോ സ്ഥലത്ത് എഴുത്തിക്കണ്ടു.

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 22 Mar 2012 - 17:21 ..അക്ഷരത്തെറ്റുകൾ തിരുത്തി,ശ്രേയയുടെ പടം ചേർത്തു
Dileep Viswanath 19 Mar 2012 - 15:36