രതീഷ്

Ratheesh Rajagopal
Date of Death: 
തിങ്കൾ, 23 December, 2002
രതീഷ് രാജഗോപാൽ

1954 ൽ ആലപ്പുഴ ജില്ലയിലെ കലവൂരിൽ ജനിച്ച രതീഷ്‌, വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. 1977 ൽ പുറത്തു വന്ന സ്റ്റാൻലി ജോസിന്റെ "വേഴാമ്പൽ" ആയിരുന്നു രതീഷിന്റെ ആദ്യ സിനിമ. കെ ജി ജോർജ്ജിന്റെ "ഉൾക്കടൽ"  (1979) ആണ് പിന്നീട് പുറത്തു വന്ന രതീഷിന്റെ സിനിമ. രതീഷിന്റെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായതും ഈ സിനിമ തന്നെ എന്ന് പറയാം. ജയൻ ബാക്കി വെച്ച് പോയ സ്ഥാനം ആർക്ക് എന്ന് പലരും ചോദിച്ചു തുടങ്ങിയ എണ്‍പതുകളുടെ തുടക്കത്തിൽ ആണ് രതീഷിന്റെ അരങ്ങേറ്റം എന്നതും ശ്രദ്ധേയമാണ്.1981 ൽ പുറത്തു വന്ന ഐ വി ശശിയുടെ "തുഷാര"ത്തിലെ രതീഷിന്റെ അഭിനയവും വേഷപ്പകർച്ചയും ആ ഒരു ഒഴിവു നികത്തുന്നതായിരുന്നു എന്ന കാഴ്ച്ചപ്പാട് പലരിലും ഉണ്ടായി. അവിടുന്നിങ്ങോട്ടു രതീഷിനു ലഭിച്ചത് ഒന്നിനൊന്നു മികച്ച വേഷങ്ങൾ ആയിരുന്നു. മിക്ക സിനിമകളും ഹിറ്റ്‌ ചാർട്ടിൽ സ്ഥാനം പിടിക്കുകയും ചെയ്തു. പ്രമുഖ സംവിധായകരായ ഐ വി ശശി, തമ്പി കണ്ണന്താനം, കെ മധു തുടങ്ങി പലരുടെ കൂടെയും സഹകരിച്ച രതീഷ്‌, എണ്‍പതുകളുടെ അവസാനം വരെ നിറഞ്ഞു നിന്നു മലയാള സിനിമയിൽ. ഇദ്ദേഹം അഭിനയിച്ച  രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ തുടങ്ങിയ ചിത്രങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ചില ചിത്രങ്ങൾ മാത്രം.

തൊണ്ണൂറുകളുടെ തുടക്കത്തിൽ സിനിമയിൽ നിന്നും വിട്ടു നിന്ന രതീഷ്‌, രണ്ടു മൂന്നു ചിത്രങ്ങൾ നിർമ്മിച്ചു. മമ്മൂട്ടിയുടെ "അയ്യർ ദി ഗ്രേറ്റ്‌" ആണ് ഇതിൽ എടുത്തു പറയേണ്ടത്. തുടർന്ന് 1994 ൽ ഷാജി കൈലാസിന്റെ "കമ്മിഷണറി"ലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. തുടർന്ന് നായകൻ ആയല്ലെങ്കിലും വില്ലൻ വേഷങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കാശ്മീരം, ഗംഗോത്രി, യുവതുർക്കി, തക്ഷശില, അഗ്നിദേവൻ, രാവണപ്രഭു അങ്ങനെ ഒരുപിടി ചിത്രങ്ങൾ തന്റെ മടങ്ങി വരവിൽ രതീഷ്‌ അഭിനയിച്ചു.

2002 ൽ ഡിസംബർ 23 ന് രതീഷ്‌ നമ്മോടു  വിട പറഞ്ഞു. ഭാര്യ ഡയാന. മക്കൾ: പാർവതി, പത്മരാജ്, പത്മ, പ്രണവ്