നൈതിക് മാത്യു ഈപ്പൻ

Naithik Mathew Eapen

1991 ഡിസംബർ 2 -ന് ഈപ്പൻ മാത്യുവിന്റെയും റ്റിറ്റി ആനി ജോർജ്ജിന്റെയും മകനായി പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്ത് ജനിച്ചു. മുത്തശ്ശി നടത്തിയിരുന്ന നേഴ്റി സ്ക്കൂളിലായിരുന്നു നൈതികിന്റെ പ്രീ പ്രൈമറി പഠനം, അതിനുശേഷം കാരംവേലി ഗവണ്മെന്റ് എൽ പി സ്ക്കൂൾ, എ.എം.എം. ടി.ടി.ഐ. & യു.പി. സ്കൂൾ, മാരാമൺ, എം.എം.എ. ഹൈസ്കൂൾ, മാരാമൺ, സെന്റ് തോമസ് എച്ച്. എസ്. എസ്. കോഴഞ്ചേരി  എന്നിവിടങ്ങളിലായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. തുടർന്ന് തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനത്തിനുശേഷം ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്നും സിനിമ & ടെലിവിഷൻ കോഴ്സിൽ 2012 - 14 വർഷം ഗോൾഡ് മെഡലും എം ജി സർവ്വകലാശാലയിലെ ഉയർന്നമാർക്കും സ്വന്തമാക്കിക്കൊണ്ട് നൈതിക് ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം പൂനെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയിൽ നിന്നും സൗണ്ട് റികോഡിംഗ് & ടെലിവിഷൻ എൻജിനീയറിംഗിൽ പി ജി കഴിഞ്ഞു.

ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയൊരുക്കിയ ‘കുട്ടികളുടെ ദൃശ്യാവബോധ ശിബിരം’ അവധിക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതോടെയാണ് നൈതിക് മാത്യു ഈപ്പൻ സിനിമയെ ഗൗരവമായി സമീപിയ്ക്കാൻ തുടങ്ങിയത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ നാഷണൽ ഫിലിം അക്കാദമിയും ചിൽഡ്രൺസ് ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച മറ്റൊരു ചലച്ചിത്ര ക്യാമ്പിലും പങ്കെടുക്കുകയും 2008 ലെ കിഡ്സ് ടിവി അവാർഡ് ജൂറി അദ്ധ്യക്ഷനാവുകയും ചെയ്തു. കൂടാതെ അവിടെ തയ്യാറാക്കിയ ‘നാമ്പുകൾ’ എന്ന ഹ്രസ്വചിത്രത്തിനുവേണ്ടി നൈതിക് തിരക്കഥാപങ്കാളിയാവുകയും പശ്ചാത്തലസംഗീതമൊരുക്കുകയും ചെയ്തു. എം.എ. പഠനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളിൽ ‘പ്രാന്തൻ’, ‘നമക് പാനി’ (സംവിധാന പങ്കാളി) എന്നിവ IDSFFK യിൽ ക്യാമ്പസ് ചിത്രം വിഭാഗത്തിൽ മത്സരിക്കുകയും ‘നമക് പാനി’ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തു. എം.എ. ഫൈനൽ പ്രോജക്ടായ ‘ഭാഷ’ തൃശ്ശൂർ വിബ്ജ്യോർ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു.

2015 മുതൽ 2017 വരെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെയിൽ നിന്ന് സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കി. FTII -ൽ നൈതിക് ശബ്ദസംവിധാനം നിർവ്വഹിച്ച Glowworm in a Jungle എന്ന ഡോക്യുമെന്ററി (മറാഠി) ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ രാജ്യാന്തര സമിതിയുടെ (CILECT) ഡോക്യുമെന്ററി വിഭാഗത്തിൽ അന്താരാഷ്ട്ര പുരസ്കാരം നേടി. 2019 -ൽ രക്ത സാക്ഷ്യം എന്ന സിനിമയ്ക്ക് ഫോളി റിക്കോഡിംഗ് മേൽനോട്ടം വഹിച്ചുകൊണ്ട് നൈതിക് മാത്യു ഈപ്പൻ മലയാള സിനിമയിൽ തുടക്കംകുറിച്ചു. അതിനുശേഷം 2021 -ൽ എന്നിവർ എന്ന സിനിമയിൽ സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്, സൗണ്ട് ഡിസൈനർ ആയി വർക്ക് ചെയ്തു. ഷെമിൻ ബി നായർ സംവിധാനം ചെയ്ത Tide of Lies  എന്ന സിനിമയുടെ സംവിധാന സഹായിയായി നൈതിക് പ്രവർത്തിച്ചിട്ടുണ്ട്. "രാത്രിചാ പൗസ്" എന്ന മറാഠി സിനിമയുടെ ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റായും പ്രവർത്തിച്ചു. കൂടാതെ പുറപ്പാടിന്റെ പെൺചുവടുകൾ എന്ന ഡോക്യുമെന്റ്രിയുടെ സംവിധാനം, എഡിറ്റിംഗ്, ശബ്ദസംവിധാനം, Dear Corona (മറാഠി) എന്നീ ഡോക്യൂമെന്റ്രിയുടെ ശബ്ദ സംവിധാനം എന്നിവ നിർവഹിച്ചു.