ഏമാന്മാരെ പാട്ടിനെക്കുറിച്ചു സംഗീത സംവിധായകൻ രഞ്ജിത് ചിറ്റാടെ

ഏമാന്മാരെ പാട്ടിനെക്കുറിച്ചു സംഗീത സംവിധായകനും ഗാനരചയിതാവുമായ രഞ്ജിത് ചിറ്റാടെക്ക്‌ പറയുവാനുള്ളത്

ഇതൊരു കീഴ്‌വഴക്കം ആണ്, സമ്പ്രദായം ആണ്. നമ്മൾ വായ്ക്കകത്ത് ചുരുട്ടി വയ്ക്കുന്ന നാക്കും, വിരൽ ചൂണ്ടി പ്രതികരിക്കാതെ ഒതുക്കി വയ്ക്കുന്ന കൈകളും ചേർന്ന് ഉണ്ടാക്കിയെടുത്ത കീഴ്‌വഴക്കം !! പോലീസും നേതാക്കന്മാരുമെല്ലാം വെറും ഉപകരണങ്ങൾ മാത്രമാണ്. . ഫാസ്സിസത്തിന്റെ ഉരുക്ക് ചങ്ങലകൾ സ്വതന്ത്ര ജീവിതത്തിന്റെ മിടിപ്പിൽ , ജീവന്റെ തുടിപ്പിൽ മുറുകി തുടങ്ങുന്ന ഈ കാലത്ത്, എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ഉള്ളിൽ വേരുറച്ചു പോയ സവർണ്ണ ഭീകരതയുടെ എല്ലാ ജീർണ്ണതകളും ശ്വസിച്ച് ജീവിക്കുന്ന, അടിച്ചമർത്തപ്പെടുന്ന ദളിതരും മറ്റു പിന്നോക്കക്കാരും , പിന്നെ അടിച്ചമർത്തപെടുന്നില്ലെന്നും തങ്ങള് സർവ്വ സ്വതന്ത്രർ ആണെന്നുമുള്ള മിഥ്യ ധാരണയിൽ നടക്കുന്ന കുറെ "പാവം നിക്ഷ്പക്ഷരും", കഴുത്തിൽ മുറുകിയ ആ ഉരുക്ക് ചങ്ങലകൾക്കനുസരിച്ച് മണ്ണിലിഴയാൻ വിധിക്കപ്പെടുന്നു!! . ഇവിടെ പാട്ട് വെറുമൊരു പാട്ടല്ല !!! അശക്തരുടെ, ഫാസിസ്സ്ടുകൾ ചങ്കുഞെക്കിപ്പിടിച്ച് ശബ്ദമില്ലാതാക്കിയവരുടെ പിടയുന്ന ജീവനിൽനിന്നുള്ള അതിജീവനത്തിന്റെ വാക്കാണ്‌ !!!! . അത് കൊണ്ട് തന്നെ നിലനില്ക്കുന്ന സാഹചര്യങ്ങളിൽ ഇത് എല്ലാ അർത്ഥത്തിലും ഒരു പ്രതിഷേധത്തിന്റെ പാട്ടാണ്.അതെ പാട്ടും ഒരു പ്രതിരോധമുറയാണ് !!

കഴിഞ്ഞ ദിവസം പെട്ടന്നുള്ള ഒരാവേശത്തിൽ ഒരു പാട്ട് വെറുതെ പാടി അപ്‌ലോഡ്‌ ചെയ്തിരുന്നു. അതിനു അതേ ആവേശത്തിലുള്ള പ്രതികരണങ്ങളും കിട്ടി, പക്ഷെ ഞെട്ടിച്ചത് മുംബയിലുള്ള സുഹൃത്ത് ഷെബിൻ മാത്യു ആണ്. അപ്രതീക്ഷിതമായി ഇതേ പാട്ടിനു പശ്ചാത്തല സംഗീതം കൊടുത്ത്, ഭംഗിയായി പാടി ഗംഭീരമാക്കി തിരിച്ച് അയച്ചു തന്നു, അപ്പോൾ പിന്നെ കുറച്ചുകൂടി നന്നായി എഡിറ്റും ചെയ്ത് പ്രതിഷേധം ശക്തമാക്കണ്ടേ ? അതെ ...പ്രതിഷേധം അവസാനിക്കുന്നില്ല...... ഈ നാട് ഞങ്ങൾക്കും കൂടെ അവകാശപ്പെട്ടതാണ് , ആരുടേയും കുത്തകയല്ല, മുടി വളർത്തി പുറത്തിറങ്ങിയാൽ ആരും തുറിച്ചു നോക്കണ്ട !!!...രാത്രിയിൽ മുറ്റത്തിറങ്ങിയാൽ ആരും പിടിച്ച് കെട്ടണ്ട!!! അപ്പൊ എല്ലാ സദാചാരപോലീസേമാന്മാർക്കും .... ഇത് ഞങ്ങടെ നാട് ....ഞങ്ങടെ റോഡ്‌...... ഞങ്ങടെ പൂവരമ്പ് !!
രചന , സംഗീതം : രഞ്ജിത് ചിറ്റാടെ
കീ ബോർഡ്‌ പ്രോഗ്രാമ്മിംഗ് & സിങ്ങർ : ഷെബിൻ മാത്യു

സമ്പാദനം: 

രഞ്ജിത് ചിറ്റാടെയുടെ എഫ് ബി പോസ്റ്റ്