കാലവൃക്ഷത്തിൻ ദലങ്ങൾ കൊഴിഞ്ഞു

കാലവൃക്ഷത്തിൻ ദലങ്ങൾ കൊഴിഞ്ഞു
വാനവനാദ്യന്തം സാക്ഷിയായ്‌ നിന്നു
കൗരവപാണ്ഡവ യുദ്ധം തുടങ്ങി
പാണ്ഡവർക്കായ്‌ കണ്ണൻ തേരു തെളിച്ചു
ദാർത്തരാഷ്ട്രന്മാരെ ഭീഷ്മൻ നയിച്ചു
ധർമ്മത്തിൻ ക്ഷേത്രം രുധിരത്തിൽ മുങ്ങി
ജന്മം കഴിഞ്ഞും പുകഞ്ഞുയർന്നു
പകതൻ അഗ്നിനാളം
കുരുക്ഷേത്രഭൂമിയിൽ പത്താം ദിവസം പുലർന്നു
ശിഖണ്ഡിയായ്‌ പ്രത്യക്ഷയായ്‌
അംബ ഭീഷ്മർതൻ സന്നിധം

"ഭീഷ്മർ: അംബയല്ലേ? അകാലത്തിൽ അഗ്നിപ്രവേശം ചെയ്ത അംബയല്ലേ
അംബ: അതെ ഭീഷ്മരെ അങ്ങു കാരണം ആത്മാഹൂതി ചെയ്ത അംബ ഇതാ
അവളുടെ ശപഥം പൂർത്തിയാക്കാൻ പുനർജന്മം പൂണ്ടു വന്നിരിക്കയാണ്
ഭീഷ്മര്‍: അംബേ, ഈ മുഹൂർത്തത്തിനു വേണ്ടി എത്രകാലമായ്‌ ഞാൻ കാത്തിരിക്കുന്നു
ഞാൻ കാരണം നിരാശയിൽ നീറിനീറി മരിച്ച നിന്റെ പ്രതികാരാഗ്നിയിൽ വെന്തുവെണ്ണീറാകാൻ ഈ ഭീഷ്മർക്കു സന്തോഷമേയുള്ളു
അംബ: ലോകൈകവീരനെന്നു അഭിമാനിക്കുന്ന ഭീഷ്മരേ അങ്ങയെ നിലംപതിപ്പിക്കാൻ വന്നവളാണു ഞാൻ.. ഉം വില്ലുകുലയ്ക്കൂ യുദ്ധം ചെയ്യൂ
ഭീഷ്മര്‍: ഇല്ല സ്ത്രീകളുടെയും നപുംസകങ്ങളുടെയും നേർക്ക് ഞാൻ ആയുധമെടുക്കയില്ല
അംബ: എന്ത്‌? യുദ്ധം ചെയ്യുകയില്ലെന്നോ ?
ഭീഷ്മര്‍: ഇല്ല നിന്നോടു ഞാൻ യുദ്ധം ചെയ്യുകയില്ല
അംബ : എങ്കിലിതാ എന്റെ ശപഥം സഫലമാകട്ടെ"

പാഞ്ഞുവരും ബാണശാപങ്ങൾതൻ മുൻപിൽ
പർവ്വതതുല്യനായ്‌ നിന്നു ഗംഗാത്മജൻ

നല്ല സമയം തൊടുക്കുക നിന്നസ്ത്രം
എന്നു ഭഗവാൻ വിജയനോടോതിനാൻ
അർജുനബാണങ്ങളേറ്റു പിതാമഹൻ
ആൽമരം പോലെ മറിഞ്ഞു വീണൂഴിയിൽ
ധീരനായ്‌ ജീവിച്ച ഭീഷ്മർക്കുറങ്ങുവാൻ
പൂവിരിയല്ല ശരശയ്യ പോലുമേ...
ദാഹജലം തരൂ ഭീഷ്മർക്ക് മക്കളേ
ജീവജലം തരൂ യാത്രയാകട്ടെ ഞാൻ

അമ്പെയ്തു ഗംഗാജലം വരുത്തി പാർത്ഥൻ
എല്ലാമൊതുക്കിച്ചിരിക്കുന്നു മാധവൻ
തോറ്റതു ഭീഷ്മരോ അംബയോ ധർമ്മമോ
തീർപ്പു കൽപിക്കൂ പുരുഷാന്തരങ്ങളേ
പുരുഷാന്തരങ്ങളേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalavrikshathin dalangal

Additional Info

Year: 
1976

അനുബന്ധവർത്തമാനം