തെരുവ് നാടക ഗാനം

ഏയ്‌….ഏഏഹ്ഹ്  ഹേയ്…..
മാന്യമഹാജനങ്ങളേ പ്രിയ മാളോരെ ..
എന്തെന്നാൽ ഇവിടെയൊരു നാടകം അരങ്ങേറാൻ ആരംഭിക്കുകയാണ്
അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം
നാടകമല്ലേ , പേര് വേണ്ടേ.. കർട്ടൻ വേണ്ടേ എന്നൊക്കെ..
എന്നാൽ അത്തരത്തിലുള്ള ഒരു നാടകമാല്ലായിത് ..!
നിങ്ങളുടെയും എന്റെയും കഥ പറയുവാൻ 
ഇടയ്ക്കെന്തിനൊരു തിരശ്ശീല..?!

നാടകമല്ലിത്
നമ്മളിലെ ചുടു 
ചോരയിലെഴുതിയ ജീവിത ഗാഥാ .. (3)

പ്രിയമുള്ളോരെ...
നാട്ടിൽ പ്രമാണിയും നാലാൾ മാനിക്കുന്നവനും
തനിക്കു താൻ പോന്നവനും
ഇല്ലായ്മയ്ക്കെതിരെ  കൊഞ്ഞനം കുത്തുന്നവനും
നാൽക്കവലയിൽ വാടക പിരിവുള്ളവനും
സർവ്വോപരി നല്ലവനുമായ ഒരു മഹാൻ  ഇതാ  വരുന്നൂ …!

തകതിമി തകതിമി താ തെയ്യ തെയ് ത്താ  തക തെയ്  (2)

ആ  വരവൊന്നു കാണുക ..
രാവണന്റെ പുഷ്പകമോ
രാകേഷിന്റെ സോയൂസോ

അല്ലല്ല , ഇത് നമ്മുടെ പ്രിയപ്പെട്ട വട്ടിപ്പണക്കാരന്റെ പല്ലക്കല്ലോ..
നാടിനു കണ്ണിലുണ്ണി എഴുന്നള്ളുന്ന
പല്ലക്ക് ചുമക്കുന്നതാരെല്ലാമാണ്
കണ്ണിലുണ്ണിക്കും കണ്ണിലുണ്ണി
മന്ത്രിയല്ലേ മുൻപിൽ
വട്ടിപണക്കാരന്റെ കാൽക്കലല്ലോ വീണുകിടക്കുന്നു
മന്ത്രി പ്രമുഖനും പട്ടാള മേധാവിയും..
കൂലിക്കൊലയാള തൊഴിലാളിയും …
നാടിന്നഭിമാനം കൈയ്യാളും മുതലാളിയും…..!

ചിച്ചാം ചിച്ചാം ചിണുങ്ങണ ചെറ്റകളേ ..
വട്ടിപണക്കാരന്റെ കാൽകുഴി  നക്കികളേ
നധി നധീ തിനധീ നാ ധിനധീ ധിനതീനാ (2)

ആ.. വട്ടിപ്പണക്കാരൻ നീണാൾ വാഴട്ടേ ..
വായ്നോക്കി പണ്ടാരം ചുമ്മാ പുലരട്ടേ
സമുദായ ദ്രോഹി വെറുതേ സുഖിക്കട്ടേ ..

ഓണം കേറാ മൂല ചന്തയ്ക്കിന്ന്
ഓണം തിരുവോണം പൊന്നോണം വന്നേ.. (2)

കാണായ ദൈവം ഇവനല്ലോ , മാന്യരിൽ മുൻപൻ
ഇവൻ കാട്ടും കൈയ്യാങ്കളി കള്ളക്കളി വല്ലാക്കളി പൊല്ലാപ്പിത്
നല്ലോരാം മാളോരേ കണ്ടുകൊൾവിൻ
നിങ്ങളെല്ലാരും വേണോങ്കിൽ കൂടിക്കൊൾവിൻ

സ്വീകരണം കഴിഞ്ഞിരിക്കുന്നു..
കാര്യപരിപാടിയിൽ അടുത്ത ഇനം പണദാനമാണ്
ആവശ്യമുള്ളവർക്കെല്ലാം ചാക്കുമായ് വരാം

ആ … എന്താ … പേര് ..?
പിണിയാള് …
പിണിയാള് ആർക്കാ വോട്ടു കൊടുത്തത് ..?
ഹേയ് .. ഇപ്പോൾ  ആ ചോദ്യം ചോദിക്കണ്ടാ  മന്ത്രിപയ്യൻ
ഓ …
ആട്ടെ ..പിണിയാളിനെത്രയാ വേണ്ടത് ..?
എത്രയാ  വേണ്ടതെന്ന് ..?
നാലായിരം..!
നാലായിരം ന്ന് വെച്ചാൽ കയ്യിൽ വേണോ … കണക്കിൽ  വേണോ..?
കാര്യം മനസ്സിലായോടോ .?
കയ്യിൽ  നാലായിരം കിട്ടുമ്പോൾ കണക്കിൽ പത്തായിരം വരും
രേഖയിലെ തുകയേതോ അത് മടക്കി തരണം
അയ്യോ , മടക്കി തരാനാണോ  ..?
പിന്നല്ലാണ്ട്.. ! അടിച്ച് ഞാൻ ..!
തന്നോളാവേ ..തന്നോളാവേ ..! തന്നോളാം ..!

അല്ലാ ചോദിച്ചില്ലല്ലോ പിണിയാളേ ..
എന്തിനാണീ പണം..?
മോടെ  കല്യാണത്തിനാണേ ..!
ഏഹ് .. അപ്പോളൊരു മോളുണ്ടോ ..? എവിടെ..എവിടെ..?
വീട്ടിലുണ്ടേ .. വീട്ടിലുണ്ട്  ..!
അന്നം പോലെ വെളുത്താണോ കാക്കേപ്പോലെ കറുത്താണോ ..?
അവളുടെ അമ്മേടെ നെറോം  ഛായയുമാണേ ..
അവടമ്മേം സുന്ദരി തന്നെയാണേ ..!
ആണോ..? എങ്കിൽ വട്ടിപ്പണം വേണ്ടന്ന് വെയ്ക്കാം …
കിട്ടാപ്പണമെന്ന് വെച്ചേരേ .. ഹെഹ്

പിണിയാളേ ..പിണിയാളേ..
അവളെ കെട്ടും  ഭാഗ്യശാലി ആര് ..?
എന്ത് ..?
അവളുടെ പരിരംഭണ സുഖമറിയാൻ പോണവനാര് ..
അവളുടെ അധരം നുകരാൻ പോണവനാര് ..
അവളുടെ സഹശയനത്തിനു ഭാഗ്യം ചെയ്ത പുമാനാര് ..ഹ് ..ഹ് ..ഹ്

കേട്ടില്ലേടോ മനുഷ്യാ ..? പൊട്ടനാണോ താൻ..?

ങേ..രാഘവൻ ..!
വിളിക്കവളെ..
ആരെ ..?
അരുമമകളെ ..
മോളെ അരുമമകളേ ...
വിളിക്കവനെ ..
ആരെ..?
രാഘവനെ..
ഓ .. രാഘവാ..
മോളേ വരൂ മകളേ..വാ മകളേ…

പെണ്ണു കെട്ടുവാൻ എന്ത് കാരണം
ചൊല്ല് രാഘവാ… ഓ.. രാഘവാ..
പെണ്ണിനാണോടാ  പണത്തിനാണോടാ 
ചൊല്ല് രാഘവാ ... രാഘവാ ..

പണത്തിനാണേ ...പിന്നെ പെണ്ണിനും..
ഉം.. പണത്തിനാണ് മുന് തൂക്കം..
ആണേ ..മൂന്നുണ്ടേ.. പെങ്ങന്മാര് ..
മൂന്നും തുറു  പോൽ പെര നെറഞ്ഞു നിൽക്കുന്നു ..
അവറ്റെയൊന്നു പറഞ്ഞു വിടണ്ടേ ..?!
ഊം...വിടണം .. പറഞ്ഞു വിടണ്ടവരെയൊക്കെ പറഞ്ഞു വിട്ടേക്കണം..
ഓ..
പറഞ്ഞു വിട്ടോ … ഇങ്ങോട്ട്
ഓ..
ഞാനേറ്റു ..
ഓ ..
നിനക്കാ ണെങ്കിൽ സ്ത്രീധനം മതി..ആയിക്കോട്ടെ ..ആയിക്കോട്ടെ
പണമങ്ങോട്ട് കൊടുക്കടാ മന്ത്രിപ്പയ്യാ ..
പെണ്മണി നമ്മുടെ കൂടെ നില്ക്കട്ടെ ..
പെണ്ണിന്റെ തന്തയ്ക്കും പലിശയില്ലാണ്ട് പണമങ്ങ് കൊടുത്തേരേ..
ഏ ..പലിശയില്ലാണ്ടോ ..?
ആ.. നീ പറഞ്ഞതങ്ങ് ചെയ്താ മതി
ഓ ..

ഇഷ്ടത്തിൽ പെണ്ണിനോടൊട്ടാനൊരുങ്ങി
വട്ടിപ്പണമെന്ന പച്ച ശൃഗാരി   (2)

വിടനുടെ ചടുലത തടകിന കടമിഴി
ചാന്തി പെണ്ണിൻ മണിമാറത്ത്

കീചകനോ ദുശ്ശാസനനോ ഇവൻ
പേടമാൻ കണ്ണി വിരണ്ടു നിന്നു (2)

വിടനുടെ ചടുലത തടകിന കടമിഴി
ചാന്തി പെണ്ണിൻ മണിമാറത്ത്

കടിയിൽ പോലും ക്രൂരത കാട്ടും
കഴുകനു വേണ്ടത് മാംസം മാത്രം (2)

വിടനുടെ ചടുലത തടകിന കടമിഴി
ചാന്തി പെണ്ണിൻ മണിമാറത്ത്

ഇഷ്ടത്തിൽ പെണ്ണിനോടൊട്ടാനൊരുങ്ങി
വട്ടിപ്പണമെന്ന പച്ച ശൃഗാരി   (2)

താം  തിത്താം… തക തികുതക  താം  തിത്താം… (4)

അയ്യയ്യയ്യയ്യത്താരോ നാടകമോ ജീവിതമോ
അയ്യയ്യയ്യയ്യത്താരോ കളിയോ കാര്യമോ
അയ്യയ്യയ്യയ്യത്താരോ നാടകമോ ജീവിതമോ
അയ്യയ്യയ്യയ്യത്താരോ കളിയോ കാര്യമോ 
അയ്യയ്യയ്യയ്യത്താരോ നാടടക്കം പിണിയൊളിച്ചേ
അയ്യയ്യയ്യയ്യത്താരോ പോക്കില്ലാത്തൊരു പേക്കോലം
അയ്യയ്യയ്യയ്യത്താരോ നാടടക്കം പിണിയൊളിച്ചേ
അയ്യയ്യയ്യയ്യത്താരോ പോക്കില്ലാത്തൊരു പേക്കോലം
അയ്യയ്യയ്യയ്യത്താരോ പോക്കണം കെട്ടൊരു നോക്കൂത്തി
അയ്യയ്യയ്യയ്യത്താരോ നാടകമോ ജീവിതമോ

കൊളുത്തവനെ ..കൊളുത്തവനെ 
ആരെ ?
വിസ്തരിച്ചു പറയണോ ആ ബൂർഷ്വായെ
കൊളുത്ത് ..
സമുദായദ്രോഹിയെ - കത്തിക്ക്
മൂരാച്ചിയെ - കത്തിക്ക്
ജനശത്രുവിനെ -ചാമ്പലാക്ക്
കൈക്കൂലിക്കാരനെ  -കഴുവേറ്റ്
അഴിമതിക്കാരനെ .. -കൊളുത്ത് ..കൊളുത്ത്
ചാമ്പലാക്കവനെ , ചാമ്പലാക്കി കാറ്റിൽ പറത്ത്
അവന്റെ ചാരം നാടിനു വളമാകട്ടേ..

പുത്തൻ നാമ്പുകൾ വിടരട്ടേ
പുത്തൻ നാമ്പുകൾ വിടരട്ടേ
പുതിയൊരു തലമുറ ഉണരട്ടേ
പുതിയൊരു തലമുറ ഉണരട്ടേ
പുതിയൊരു ശക്തി വളരട്ടേ ..
പുതിയൊരു ശക്തി വളരട്ടേ
പുതിയൊരു ശക്തി വളരട്ടേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theruvu nadaka ganam

Additional Info

അനുബന്ധവർത്തമാനം