പ്രണയമിതൊ എൻ പ്രേയസ്സി

 

വാസന്തം വയൽ പൂവോടു ചെയ്തതു പോലെ ഞാൻ നിന്നോടു ചെയ്തു
ഹേമന്തം പൂവനത്തോടു ചെയ്തതു പോലെ നീ എന്നോടും ചെയ്തു
തീരങ്ങൾ പുഴയേ തലോടിയ പോലെ ഞാൻ നിന്നെ തലോടി
ഓളങ്ങൾ കരയെ പുണർന്നതു പോലെ നീ എന്നെ പുണർന്നു

പ്രണയമിതൊ എൻ പ്രേയസ്സി നാം പ്രണയികളോ പവിഴങ്ങളോ.....

ഞാൻ നിന്നെ കാണുന്നതിൻ മുൻപും ആമ്പൽ കൺ തുറന്നിരിക്കാം
നിന്നൊടായി മിണ്ടുന്നതിൻ മുൻപും രാവിൽ നിലാവു വന്നിരിക്കാം
ഒന്നും ഞാൻ അറിഞ്ഞേയിരുന്നില്ല നീയെന്നിൽ നിറയും വരേയും
സ്വപ്നങ്ങൾ ഇന്നൊരമ്പിളി പാലാഴി ചിന്തകളാമ്പലിൻ പൊയ്ക

പ്രണയമിതൊ എൻ പ്രേയസ്സി ഞാൻ തേൻ തിങ്കളോ നീ ആമ്പലോ....

നിന്നെ ഞാൻ അറിയുന്നതിൻ മുൻപും പൂക്കൾ വിരിഞ്ഞിരുന്നിരിക്കാം
നീയെന്നിൽ അലിയുന്നതിൻ മുൻപും പ്രാക്കൾ പറന്നിരുന്നിരിക്കാം
ഒന്നും ഞാൻ അറിഞ്ഞേയിരുന്നില്ല നിന്നെ ഞാൻ കാണും വരേയും
ഇന്നെന്നിൽ വിടരുന്നു പൂവുകൾ നെഞ്ചിൽ കുറുകുന്നു പ്രാക്കൾ

പ്രണയമിതൊ എൻ പ്രേയസ്സി നാം പൂവുകളോ അരിപ്രാക്കളൊ...

സ്വപ്നത്തിൽ വയലേലകൾ കണ്ടു മുന്തിരി തോട്ടങ്ങൾ കണ്ടൂ
കുന്നിന്മേൽ കാറ്റാടി മരങ്ങളും അരുവിയിൻ ഉറവയും കണ്ടു
താഴ്വാരം പനിനീർ പൂക്കളാൽ പുതച്ചുറങ്ങുന്നതും കണ്ടൂ
മലകളെ ഉമ്മവയ്ക്കുന്ന സൂര്യന്റെ ചുവൊന്നൊരു ഹൃദയവും കണ്ടൂ

പ്രണയമിതൊ എൻ പ്രേയസ്സി നീ ഗിരിനിരയോ ഞാൻ സൂര്യനോ....

ഇന്നോളം ഞാൻ പാടിയതെല്ലാം നിന്നെ കുറിച്ചായിരുന്നു
ഇന്നോളം ഞാൻ തേടിയതെല്ലാം നിൻ പാതകൾ ആയിരുന്നു
ഇതുവരെ നീയാം പകലിനീ പിൻനിലാവന്യമായിരുന്നു
ഇനിയെന്നും പ്രണായാദ്രസന്ധ്യയായി പകലും നിലാവും ലയിക്കും

പ്രണയമിതൊ എൻ പ്രേയസ്സി നാം പ്രണയസരസ്സിലെ ഹംസങ്ങളോ...

ഏതേതൊ മരത്തിന്റെ കൊമ്പത്തെ കൂട്ടിലെ കിളികളീ നമ്മൾ
എങ്ങെങ്ങൊ മലയൊരത്തു പൂത്തതാം നീലക്കുറിഞ്ഞികൾ നമ്മൾ
എന്നെന്നും നിലനിന്നു പോകട്ടെ മരവും കൊമ്പും കിളിക്കൂടും
ഒരുന്നാളും പൊഴിയാതിരിക്കട്ടെ നീലകുറുഞ്ഞിയും നാമും

പ്രണയമിതൊ എൻ പ്രേയസ്സി നാം കിളികളോ നീലക്കുറുഞ്ഞികളോ...

വനമില്ല മരുഭൂമികളില്ല ഞാൻ നിന്നെ ഉണർത്തുന്ന നാട്ടിൽ
മച്ചില്ല തറ മെഴുകിയിട്ടില്ല ഞാൻ നിന്നെ ഉറക്കുന്ന വീട്ടിൽ
ഞാനുണ്ട് നല്ലോർമ്മകളുണ്ട് നീയെന്നൊരാകാശ ചോട്ടിൽ
മഴയുണ്ട് മലർമഴവില്ലുമുണ്ട് താരങ്ങളും കൂട്ടിനുണ്ട്

പ്രണയമിതൊ എൻ പ്രേയസ്സി നാം ഭൂമിയിൽ വീണ നക്ഷത്രങ്ങളോ....

ഞാൻ കണ്ടു കടലിന്റെ ആഴവും നീലിമയും നിന്റെ നോക്കിൽ
ഞാൻ കേട്ടു കടലോളം സ്നേഹവും ആർദ്രതയും നിന്റെ വാക്കിൽ
ഞാൻ പാടി അറിയാത്ത ഭാഷയിൽ കേൾക്കാത്ത രാഗത്തിനൊപ്പം
ഞാൻ കോറി കാണാത്ത ചിത്രങ്ങൾ പേരില്ലാത്ത വർണത്താൽ

പ്രണയമിതൊ എൻ പ്രേയസ്സി നാം പ്രണയം വരച്ചിട്ട ചിത്രങ്ങളോ....

ഞാൻ നിന്നെ പ്രണയിക്കുന്നതാണെന്റെ ജീവിക്കുവാനുള്ള വാഞ്ച
നീയെന്നെ പ്രണയിക്കുന്നതാണെന്റെ ജീവിതത്തിൻ അന്തസത്ത
ഞാൻ നിന്നെ കാത്തു നിൽക്കുമ്പോഴൊക്കെയും എൻ നിഴലും കൂട്ടു നിൽക്കും
നമ്മെപോൽ നമ്മുടെ നിഴലുകളും പണ്ടേ പ്രണയികളാവം

പ്രണയമിതൊ എൻ പ്രേയസ്സി നാം പ്രണയവെയിൽനിഴൽതുമ്പികളോ..

നാം തമ്മിൽ പ്രണയം പറഞ്ഞതാമലനിരകൾ കേട്ടിരിന്നോ
നാം തമ്മിൽ സ്നേഹം പങ്കിട്ടതീ അരമതിലെങ്ങാനും കണ്ടോ
ഇവിടുത്തെ കുന്നിൻചെരുവുകൾക്കെന്നെന്നും കേൾവിയില്ലാതിരിക്കട്ടെ
ഇറയത്തെ മൺചിരാതുകൾക്കൊക്കെയും കാഴ്ചയില്ലാതിരിക്കട്ടെ

പ്രണയമിതൊ എൻ പ്രേയസ്സി നാം വേനലറിയാനികുഞ്ചങ്ങളോ...

നീയെന്നെ മറക്കാൻ പഠിപ്പിച്ചു നിന്നെ മാത്രം ഓർക്കുവാനും
നീയെന്നെ അടുക്കാൻ പഠിപ്പിച്ചു നിന്നെയേറെ സ്നേഹിക്കാനും
നീയല്ലെ തീരവും ചക്രവാളവും വേർതിരിക്കുന്നൊരാ ദൂരം
നീയല്ലേ തീരത്തെ ജലശംഖിലെ സാഗരത്തിന്റെയഗാതം

പ്രണയമിതൊ എൻ പ്രേയസ്സി കടൽച്ചിപ്പിയെന്നിൽ നീ വെണ്മുത്തോ...

പൂപോലെ പൂവുനെയ്യും ഇതൾപോലെ നമ്മിലും പ്രണയം വിടർന്നു
പൂന്തേനായി ഇതളുകളിലൂറും തേനായി നമ്മിലിഷ്ടം മധുരിച്ചു
പൂവിന്റെ നറുഗന്ധം തൂകി നമ്മിലെ സ്നേഹമിന്നോളം
പൂ നമ്മൾ പൂക്കാലം നമ്മൾ വാടാതിരിക്കട്ടെ നമ്മൾ

പ്രണയമിതാണെൻ പ്രേയസ്സി നിത്യ പ്രണയികളാണു നാം ഈ മണ്ണിൽ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayamitha En Preyasi

Additional Info

അനുബന്ധവർത്തമാനം