വിഗതകുമാരൻ

Title in English: 
Vigathakumaran

ജെ സി ദാനിയൽ - മലയാളസിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ സി ദാനിയൽ നിർമ്മിച്ച് കഥയും തിരക്കഥയുമൊക്കെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിഗതകുമാരൻ. കളരിപ്പയറ്റ് വിദഗ്ദനായ ദാനിയൽ ഒരു ചലച്ചിത്രത്തിലൂടെ കളരിപ്പയറ്റെന്ന ആയോധനവിദ്യക്ക്  കൂടുതൽ പ്രചാരം നൽകാം എന്നുദ്ദേശിച്ചാണ് സിനിമാ നിർമ്മാണത്തിനിറങ്ങിയത്.ഒപ്പം ആകാരസൗഷ്ഠവം ഉള്ള തനിക്ക് ചൽച്ചിത്രതാരമാകാമെന്നും. വിഗതകുമാരന്റ്  ക്യാമറയും പ്രവർത്തിപ്പിച്ചത് ദാനിയൽ തന്നെയാണ്.നിശബ്ദ ചിത്രമായിരുന്നുവെങ്കിലും മലയാളത്തിലെ ആദ്യ ചിത്രമെന്ന് വിഗതകുമാരൻ അറിയപ്പെടുന്നു. ആദ്യചിത്രത്തോടെ തന്നെ  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയ  മലയാളസിനിമയുടെ തലതൊട്ടപ്പന് മറ്റൊരു സിനിമയും നിർമ്മിക്കാൻ കഴിഞ്ഞില്ല. സിനിമക്കു വേണ്ടി കുടുംബസ്വത്തുകൾ വിറ്റുമുടിച്ച ദാനിയലിനെ സ്വന്തക്കാരും ബന്ധുക്കളും തിരിഞ്ഞ് നോക്കിയതുമില്ല. പക്ഷവാതവും അന്ധതയും ബാധിച്ച് 1975ൽ മരിക്കുമ്പോൾ വരെയും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ചുരുക്കത്തിൽ മലയാളസിനിമയുടെ ചരിത്രം നിലവിലെ തമിഴ്നാട് ജില്ലയിലെ ഈ കന്യാകുമാരി സ്വദേശിയുടെ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു.

തലക്കെട്ട്
Vigathakumaran-First Malayalam movie -1928
വർഷം: 
1928
കഥാസന്ദർഭം: 

ആദ്യകാല ഇന്ത്യൻ സിനിമകളെല്ലാം പുരാണകഥ പറഞ്ഞപ്പോൾ ആദ്യമലയാള ചിത്രത്തിന് ഡാനിയൽ തിരഞ്ഞെടുത്തത് സാമൂഹികപ്രസക്തിയുള്ള പ്രമേയമാണ്. നിശബ്ദ ചിത്രമാണ് വിഗതകുമാരൻ‍. അച്ഛനമ്മമാർ വേർപിരിഞ്ഞുപോയ ഒരു കുഞ്ഞിന്റെ കഥ

കഥാസംഗ്രഹം: 

ബാലനായ ചന്ദ്രകുമാറിനെ ഭൂതനാഥൻ എന്നയാൾ അപഹരിക്കുന്നു.ചന്ദ്രകുമാറിനെ സിലോണിലേക്കാണ് ഭൂതനാഥൻ കൊണ്ട് പോകുന്നത്.അച്ചനമ്മമാർ തങ്ങളുടെ കളഞ്ഞ് പോയ കുട്ടിയെ തിരികെക്കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ വിഫലമാവുകയാണ്. വളരെ വർഷങ്ങൾക്ക് ശേഷം ചന്ദ്രകുമാർ തിരിച്ചെത്തുന്നു.ഒരു തോട്ടം മാനേജരായി ഉയർന്ന നിലയിലാണ് നാട്ടിലേക്കുള്ള അയാളുടെ തിരിച്ചു വരവ്.ഒപ്പം താൻ രക്ഷിച്ച ജയച്ചന്ദ്രൻ എന്ന സുഹൃത്തുമുണ്ട്. സരോജം എന്ന യുവതിയെ ജയച്ചന്ദ്രൻ പ്രണയിക്കുന്നു. തന്റെ സുഹൃത്തിന്റെ പ്രണയിനിയായ സരോജം തന്റെ സഹോദരിയാണ് എന്ന് ചന്ദ്രകുമാറിന് മനസിലാവുന്നു.പുനസമാഗമത്തിന്റെ സന്തോഷത്തിൽ അവർ ഒത്ത് ചേരുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

അനുബന്ധ വർത്തമാനം: 

പഴയ തിരുവിതാംകൂറിൽ ഇന്ന് തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്ത് അഗസ്തീശ്വരം സ്വദേശിയായിരുന്നു ജെ.സി.ഡാനിയൽ‍. കർമ്മം കൊണ്ട് ദന്തവൈദ്യൻ‍. കുടുംബസ്വത്ത് കടപ്പെടുത്തി കിട്ടിയ നാലു ലക്ഷത്തോളം രൂപയുമായാണ് 'വിഗതകുമാരൻ' നിർമിക്കാനൊരുങ്ങുന്നത്. ചിത്രീകരണത്തിനുള്ള സാങ്കേതിക ഉപകരണങ്ങളും അണിയറപ്രവർത്തകരും ഒരുങ്ങിനിന്നപ്പോൾ നായികയെ കിട്ടാനില്ല. ഡാനിയേൽ ഒരു നടിക്കുവേണ്ടി നാടു മുഴുവൻ അലഞ്ഞു. പത്രങ്ങളിൽ പരസ്യംകൊടുത്തു. ബോംബെയിൽ നിന്നു വന്ന ലാന എന്ന യുവതി അഭിനയിക്കാൻ സന്നദ്ധയായി. പക്ഷേ ആ നടിയെ സംവിധായകനു ബോധിച്ചില്ല. ഒടുവിൽ ലാന തിരിച്ചുപോയി. പിന്നീട് വന്നത് റോസി എന്ന യുവതി. സിനിമയിൽ അഭിനയിക്കുന്നതിനെ വേശ്യാവൃത്തിപോലെ അസാന്മാർഗിക പ്രവർത്തനമായി കണ്ട കാലം. യാഥാസ്ഥിതികരിൽ നിന്ന് പല എതിർപ്പുകളെയും കടമ്പകളെയും നേരിട്ട് ചിത്രീകരണം പൂർത്തിയാക്കി. ചിത്രം പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനിലേക്ക് കല്ലേറുണ്ടായി.ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.ഡാനിയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തന്റെ കൈയിലുള്ള സാങ്കേതിക ഉപകരണങ്ങൾ അദ്ദേഹത്തിനു വിൽക്കേണ്ടി വന്നു. സ്റ്റുഡിയോ അടച്ചുപൂട്ടുകയും ചെയ്തു. സിനിമക്കു വേണ്ടി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഡാനിയേൽ ആണ് മലയാള സിനിമയുടെ പിതാവ്. ആദ്യമലയാള സിനിമയിൽ അഭിനയിക്കാൻ വന്ന യുവതി നേരിട്ട സാമൂഹികഭ്രഷ്ടും ദുരന്തങ്ങളും വിവരിക്കുന്ന വിനു എബ്രഹാമിന്റെ 'നഷ്ടനായിക' എന്ന നോവൽ ഈയിടെ പുറത്തിറങ്ങി.

വിഗതകുമാരൻ എന്ന വാക്കിന്റെ അർത്ഥം സൂചിപ്പിക്കുന്ന "ദി ലോസ്റ്റ് ചൈൽഡ് " എന്ന പേരിലും ഈ ചിത്രം അറിയപ്പെട്ടിരുന്നു.

മേൽക്കൂരയില്ലാത്ത മുറിയിൽ വച്ച് പകൽവെളിച്ചത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം.

1928 നവംബർ ഏഴിന് തിരുവനന്തപുരത്തെ കാപ്പിറ്റോൾ തിയറ്ററിലാണ് വിഗതകുമാരൻ ആദ്യപ്രദർശനം നടത്തിയത്.

(അവലംബം - വിജയകൃഷ്ണന്റെ മലയാളസിനിമയുടെ ചരിത്രത്തിൽ നിന്ന് എന്ന പുസ്തകം )

Main Crew
തിരക്കഥ: 
ജെ സി ദാനിയേൽ
സംഭാഷണം: 
ജെ സി ദാനിയേൽ
സംവിധാനം: 
ജെ സി ദാനിയേൽ
നിർമ്മാണം: 
ജെ സി ദാനിയേൽ
ഛായാഗ്രഹണം: 
ജെ സി ദാനിയേൽ
അഭിനേതാക്കൾ
അഭിനേതാവ്കഥാപാത്രം
അഭിനേതാവ്: 
ജെ സി ദാനിയേൽ
കഥാപാത്രം: 
ചന്ദ്രകുമാർ
അഭിനേതാവ്: 
ജോൺസൺ
കഥാപാത്രം: 
ഭൂതനാഥൻ
അഭിനേതാവ്: 
പി കെ റോസി
അഭിനേതാവ്: 
സുന്ദർ ഡാനിയേൽ

ആസ്വാദനങ്ങൾ

നിങ്ങൾ ഈ ചിത്രം കണ്ടുവോ? മറ്റു പ്രേക്ഷകർക്കായി നിങ്ങളുടെ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം. ആസ്വാദനം എഴുതുക

Facebook Comments

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 20 Oct 2014 - 13:30
Kiranz 3 Jun 2011 - 13:04 കഥാസാരവും മറ്റ് വിശദാംശങ്ങളും ചേർത്തു
Kiranz 3 Jun 2011 - 11:54 ചിത്രം ചേർത്തു
vinamb 23 Mar 2011 - 18:11
Pachu 6 Dec 2010 - 17:18
Pachu 6 Dec 2010 - 17:17