പവിത്രത്തിലൂടെ

അരുൺ ദിവാകരൻ

സ്വന്തം അമ്മയുടെ ഗർഭകാലം കണ്ട അപൂർവ്വം മക്കളിൽ ഒരാളാകും പവിത്രം എന്ന സിനിമയിലെ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി . തന്റെ 'അമ്മ ഗർഭം ധരിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ഉണ്ണിയാണ് . ഒരു കുല പച്ചമാങ്ങയാണ് ഉണ്ണി മാവീന്നു പറിച്ചു അമ്മക്ക് കൊണ്ടുക്കൊടുത്തത്. ഭീമനായിരുന്നെങ്കിൽ ഒരു മരം തന്നെ പിഴുതു അമ്മയ്ക്കു തരുമായിരുന്നെന്ന് ഉണ്ണി പറഞ്ഞു. പക്ഷേ എന്തോ ഉണ്ണിയുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി അമ്മക്കില്ലായിരുന്നു. 

ഒരു പെൺകുഞ്ഞു കൂടി വേണമെന്നുള്ളത് ഈശ്വരപിള്ളയുടെയും ദേവകിയമ്മയുടെയും ആഗ്രഹമായിരുന്നു. പക്ഷെ ഈശ്വരകടാക്ഷം അല്പം വൈകിയാണ് അവരിലെത്തിയത്. ഇളയമകന്‍ വിവാഹപ്രായമായി നില്‍കുന്നതും മൂത്ത മകന്‍ വിവാഹം കഴിഞ്ഞു ഏറെ കാലമായി കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതും അവര്‍ക്ക് ഈയൊരു സന്തോഷത്തോടൊപ്പം ചെറിയ വൈഷമ്യവും ഉണ്ടാക്കിയിരുന്നു. 

ധാരാളം രസകരമായ മുഹൂര്‍ത്തങ്ങളുണ്ടായിരുന്ന ചിത്രമായിരുന്നു പവിത്രം. അതില്‍ ഒന്നാണ് ഈശ്വര പിള്ളയുടെ മൂത്ത മകന്‍ ആയി ശ്രീനിവാസന്‍ ചെയ്ത ഡോക്ടര്‍ രാമൃഷ്ണന്‍ എന്ന കഥാപാത്രം അമ്മ ഗര്‍ഭം ധരിച്ചിരിക്കുക യാണെന്നറിഞ്ഞ് വീട്ടില്‍ എത്തുന്ന രംഗങ്ങള്‍ . മകനെ കണ്ടയുടന്‍ തിലകന്‍റെ കഥാപാത്രം ചെറിയ ചമ്മലോടു കൂടി പുറത്തേക്കു പോകുന്നതും അമ്മ മകന്റെ മുമ്പില്‍ ചെറിയ നാണത്തോടെ നില്‍ക്കുന്നതുമായ രംഗങ്ങള്‍. 

ശ്രീരാഗം പോലെ മനോഹരിയായിരുന്നു മീര ...ശോഭന ചെയ്ത കഥാപാത്രമായിരുന്നു മീര..ഉണ്ണിയുമായി പ്രണയത്തിലാണവൾ. അതുപോലെ തന്നെ പ്രണയിക്കുകയാണ് ഈശ്വരപിള്ളയും ദേവകിയമ്മയും. വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട് ഇവരുടെ പ്രണയം "ശ്രീരാഗമോ തേടുന്നു നീയീ വീണതൻ പൊൻതന്ത്രിയിൽ?" എന്ന ഗാനത്തിലൂടെ. പക്കാല നിലബടി എന്ന ഖരഹരപ്രിയ രാഗത്തിലെ പ്രശസ്തമായ ത്യാഗരാജ കൃതി ബേസ് ചെയ്തു ശരത് കമ്പോസ് ചെയ്ത ഗാനമാണിത്. ഖഹരഹരപ്രിയ രാഗത്തിലെ അതിമനോഹരമായ ഒരു ഗാനം 

"വാലിന്മേൽ പൂവും" എന്ന ഗാനചിത്രീകരണത്തിലൂടെയാണ് ശ്രീവിദ്യ ചെയ്ത കഥാപാത്രത്തിന്റെ ഗര്ഭകാലം കാണിച്ചിരിക്കുന്നത് . ഇത്രയും മനോഹരമായ ഒരു ഗാനചിത്രീകരണം മുൻപ് കണ്ടിട്ടില്ല. പ്രകൃതിയോട് ഇത്ര അടുത്ത് ഇടപഴകുന്ന അപൂർവ്വം ഗാനരംഗങ്ങളിൽ ഒന്ന്. ചട്ടിയിലെ കരി എടുത്തു തിലകൻ മീശ കറുപ്പിക്കുന്നതും. ശ്രീവിദ്യ വിളക്കിലെ കരികൊണ്ടു കണ്ണെഴുതുന്നതും. തിലകനും നെടുമുടി വേണുവും പാടത്തു നടക്കുമ്പോൾ കൊയ്ത്തുകാരിപ്പെണ്ണുങ്ങൾ തിലകനെ നോക്കി കളിയാക്കിച്ചിരിക്കുന്നതുമെല്ലാം വളരെ നർമ്മത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഗർഭിണിക്ക് പച്ചമാങ്ങ തിന്നാനുള്ള കൊതി മുതൽ സുഖ പ്രസവത്തിനു അവരെക്കൊണ്ടു ചെയ്യിപ്പിക്കുന്ന ചെറിയ വ്യായാമങ്ങൾ വരെ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകൻ ഈ ഗാനരംഗത്തിൽ . 

അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഒരു കുഞ്ഞരിപ്രാവിനോട് ഉപമിക്കുകയാണ് പ്രിയ കവി  ഓ എൻ വി:
"അമ്മത്തിരുവയറുള്ളിൽ കുറുകണ് 
കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണി പ്രാവ്" 

കല്യാണി രാഗമായിരുന്നു ശരത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. എം ജി ശ്രീകുമാറിന്റെ മനോഹരാലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ് . 

പക്ഷെ ആ സന്തോഷം ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പ്രസവത്തോടെ 'അമ്മ' മരിക്കുന്നു . ആകെ ദുഃഖം തളം കെട്ടി നിൽക്കുന്ന അവസ്ഥ . ശുഭപന്തുവരാളി രാഗമായിരുന്നു ആ ഒരു സിറ്റുവേഷന് വേണ്ടി ശ്രീ ശരത്ത് ഉപയോഗിച്ചത് " ദാസേട്ടൻ പാടിയ "പറയൂ നിന്‍ ഹംസഗാനം" എന്ന ഗാനം ..... ചിത്രത്തിലെന്നപോലെ പ്രേക്ഷകരെയും വളരെയേറെ ദുഃഖത്തിൽ ആഴ്ത്തുന്നു ഈ ഗാനം. 

കുറ്റബോധത്താൽ അച്ഛൻ നാടുവിട്ടു പോയി. കുഞ്ഞിനു ഒരിറ്റു മുലപ്പാൽ നൽകാൻ പുഞ്ചിരിച്ചേച്ചിക്ക് തോന്നി . ഉണ്ണിക്കു എന്തുചെയ്യണമെന്ന് അറിയില്ല. ഒരു ഭാഗത്തു സ്വന്തം അനുജത്തി . മറ്റൊരു ഭാഗത്തു മീരയോടൊപ്പമുള്ള കുടുംബജീവിതം. കുഞ്ഞുങ്ങളില്ലാതിരുന്ന മൂത്തജ്യേഷ്ടന്‍ സ്വന്തം അനുജത്തിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ സ്വന്തം അനുജത്തിക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ചു ഉണ്ണി. 

മീനാക്ഷി വളരുന്നു ആ വളർച്ച കാണിക്കുന്നത് ഒരു ഗാനരംഗത്തിലൂടെയാണ്. "താളമയഞ്ഞു ഗാനമപൂർണ്ണം തരളലയം താഴും രാഗധാര" എന്ന ഗാനമാണ് ഈ സിറ്റുവേഷനില്‍ ചിത്രത്തില്‍ വരുന്നത്. രണ്ടു രാഗങ്ങളാആണ് ഇതിന്റെ സംഗീത സംവിധായകന്‍ ശരത്ത് ഈ ഗാനത്തിന് വേണ്ടി തെരഞ്ഞെടുത്തത്. ഗാനം തുടങ്ങുന്നത് ഒരു ശോക ഭാവത്തിലാണ്. അതിനു വേണ്ടി ദ്വിജാവന്തി എന്ന രാഗവും അനുപല്ലവിയിലും ചരണത്തിലും കാണപ്പെടുന്ന സന്തോഷത്തിനു മധ്യമാവതിയും സംഗീത സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു. 

ഉണ്ണി മീനാക്ഷിയെ ചേട്ടാ എന്ന് വിളിക്കാൻ പഠിപ്പിച്ചപ്പോൾ മീനാക്ഷിയുടെ നാവിലെ സരസ്വതി ചേട്ടച്ഛാ എന്നു മാറ്റി വിളിപ്പിച്ചു. ചേട്ടച്ഛൻ അവളുടെ അച്ഛനും അമ്മയും ജ്യേഷ്ഠനും കളിക്കൂട്ടുകാരനും എല്ലാമായി. 
മീനാക്ഷി വളർന്നു .അവൾ വയസറിയിച്ചിരിക്കുകയാണ്. പെൺകുട്ടികൾ ഋതുമതിയാകുന്ന രംഗം ചിത്രീകരിച്ച അപൂർവ്വം സിനിമകളിൽ ഒന്നാകും പവിത്രം. പുഴയോരത്ത് മീനാക്ഷി ഇരിക്കുന്നതും പെട്ടന്ന് അടിവയറ്റിൽ ഉണ്ടാകുന്ന വേദനയും മുഖത്തെ ഭാവമാറ്റവും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ടി കെ രാജീവ് കുമാർ.

ഉപരിപഠനത്തിനായി ഗ്രാമീണതയിൽ നിന്നും നാഗരികതയിലൂടെയുള്ള കലാലയകാഴ്ചകൾ മീനാക്ഷിയുടെ മനസ്സിൽ പുതിയ വർണ്ണങ്ങൾ വാരിവിതറി. 
പാരമ്പര്യമായ ദേഹണ്ഡപ്പണി കൈവിടാൻ ഉണ്ണി തയ്യാറായിരുന്നില്ല. പല സന്ദര്ഭങ്ങളിലും മീനാക്ഷിക്ക് ദേഹണ്ടക്കരനായ ഉണ്ണിയെ അംഗീകരിക്കാൻ വൈഷമ്യം ഉണ്ടായി. നാഗരികതയുടെ നാട്യവും ജ്യേഷ്ഠനും ഭാര്യയും മീനാക്ഷിയെ തന്നിൽ നിന്ന് അകറ്റുമോ എന്ന് ഉണ്ണി നന്നായി ഭയപ്പെട്ടിരുന്നു 

ആ ഒരു ഭയം ഉണ്ണിയുടെ മനസ്സിനെ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചിരുന്നു. മറ്റൊരു സന്ദർഭത്തിൽ മീനാക്ഷിക്ക് ഉണ്ടാകുന്ന അപകടം ഉണ്ണിയുടെ മനസ്സിന്റെ നിലയാകെ തെറ്റിച്ചു. അതറിഞ്ഞു മീനാക്ഷി ഓടിയെത്തിയപ്പോഴേക്കും സമയം അല്പം വൈകിയിരുന്നു. മീനാക്ഷിക്ക് തന്റെ ചേട്ടച്ഛനെ തിരികെ കിട്ടും എന്ന വിശ്വാസത്തോടെ മീനാക്ഷി തന്റെ ചേട്ടച്ഛനെ മാറോടു ചേർത്തു. പ്രേക്ഷകര്‍ ഈ ചിത്രത്തെയും. 

സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകന്റെ കഴിവ് വേണ്ടുവോളം ഉപയോഗിച്ച ഒരു ചിത്രം കൂടിയായിരുന്നു പവിത്രം. ക്ഷണക്കത്ത് എന്ന ചിത്രം മുതൽ രാജീവ് കുമാറിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും സംഗീതം നിർവഹിച്ചത് ശരത്ത് ആയിരുന്നു. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശരത് തന്നെയായിരുന്നു നിര്‍വഹിച്ചത്. ഗാനസന്ദര്ഭത്തിനനുയോജ്യമായ അതിമനോഹരങ്ങളായ ഗാനങ്ങള്‍ നല്‍കാന്‍ ശരത് , ഓ എന്‍ വി എന്നിവര്‍ക്കായി .

പിറവത്തെ പാഴൂരുള്ള അഞ്ഞൂറോളം വര്ഷം പഴക്കമുള്ള പടുതോൾ എട്ടുകെട്ടു മനയാണ് ഈ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. മോഹൻലാൽ എന്ന പ്രതിഭയുടെ അസാധ്യമായ പ്രകടനങ്ങളുള്ള ചിത്രം കൂടിയാണ് പവിത്രം . പ്രത്യേകിച്ച് ഈ ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങൾ. 
ചെറുതാണെങ്കിലും കെ പി എ സി ലളിത മനോഹരമാക്കിയ കഥാപാത്രമായിരുന്നു പുഞ്ചിരി. ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങളിൽ നമ്മെ കണ്ണു നനയിപ്പിക്കുന്നു ഈ കഥാപാത്രം. വിന്ദുജാ മേനോന്‍ ചെയ്ത മീനാക്ഷി എന്ന കഥാപാത്രം നമ്മുടെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. അധികം വേഷങ്ങള്‍ ഒന്നും അവര്‍ മലയാള സിനിമയില്‍ ചെയ്തിട്ടില്ല എങ്കിലും മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന കഥാപാത്രമായിരുന്നു മീനാക്ഷി. 

പ്രശസ്തനായ ഒരു മനോരോഗ വിദഗ്ദന്‍ ഒരിക്കല്‍ രാജീവ്‌ കുമാറിനോട് ചോദിക്കുകയുണ്ടായി, മോഹന്‍ലാല്‍ ക്ലൈമാക്സ് രംഗങ്ങളില്‍ കാണിക്കുന്ന ഒരു തരം മാനസിക അസ്വാസ്ഥ്യം അഭിനയിച്ചു കാണിക്കുവാന്‍ വേണ്ടി അങ്ങനെ പെരുമാറുന്ന ഏതെങ്കിലും മനോരോഗിയെ സന്ദര്‍ശിച്ചിരുന്നോ അല്ലെങ്കില്‍ എന്തെങ്കിലും പഠനമോ മറ്റോ നടത്തിന്നോ എന്ന് . ഇല്ല എന്നായിരുന്നു രാജീവ്‌ കുമാറിന്റെ മറുപടി. ആ കഥാപാത്രം അന്നേരം ചെയ്യുന്നപോലെയാണ്‌ ജീവിതത്തിലും അത്തരം മാനസിക രോഗികള്‍ പെരുമാറുന്നത് എന്നു ഡോക്ടര്‍ പറയുന്നത് കേട്ട രാജീവ്‌ കുമാര്‍ അത്ഭുതസ്തബ്ദനായി എന്നാണ് ശ്രീ രാജീവ്‌ കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് 

പി ബാലചന്ദ്രൻ എന്ന അസാമാന്യ പ്രതിഭയുടെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നുകൂടിയാണ് പവിത്രം. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നതു ട്രിവാൻഡ്രം ലോഡ്‌ജ്‌ എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത കോര എന്ന കഥാപാത്രത്തിലൂടെ ആയായിരിക്കും. കമ്മട്ടിപ്പാടം എന്ന അടുത്തിറങ്ങിയ ചിത്രത്തിലെ രചനയിലൂടെ അദ്ദേഹം ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് മലയാള സിനിമയില്‍ നടത്തിയിരിക്കുന്നത്. ഇനിയും പവിത്രമോ ഉള്ളടക്കമോ പോലുള്ള ചിത്രങ്ങളുമായി അദ്ദേഹം നമ്മെ വിസ്മയിപ്പിക്കട്ടെ.