എൽ ആർ ഈശ്വരി

LR Eeswari
എൽ ആർ ഈശ്വരി-ഗായിക-ചിത്രം
Date of Birth: 
Thursday, 7 December, 1939
ആലപിച്ച ഗാനങ്ങൾ: 193

ഒരു കാലഘട്ടത്തില്‍ തമിഴ്, മലയാളം സിനിമകളെ ആവേശം കൊള്ളിക്കുകയും ശ്രോതാക്കളെ വശീകരിക്കുകയും ചെയ്ത ഗാനങ്ങളായിരുന്നു എല്‍.ആര്‍.ഈശ്വരിയുടേത്. പ്രേമവും കാമവും തുള്ളിതുളുമ്പുന്ന ഗാനങ്ങളാണ് ഈ ഗായികയെ ഏറെ പോപ്പുലറാക്കിയതെങ്കിലും വശീകരണ ശക്തിയുള്ള ആ ശബ്ദം നിരവധി ഇമ്പമാര്‍ന്ന ഹാസ്യഗാനങ്ങള്‍ക്കും ജന്മം നല്‍കി. മലയാളത്തിലെ 'അയല പൊരിച്ചതുണ്ട്...' മാത്രം മതി ആ ഗാനങ്ങളുടെ രുചിയറിയാന്‍. തമിഴ്, കന്നഡ,മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ ഈശ്വരി പാടിയിട്ടുണ്ട്.

ശാസ്ത്രീയ സംഗീതത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് അരനൂറ്റാണ്ടുമുമ്പ് എല്‍.ആര്‍.ഈശ്വരി സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. ഒരിക്കല്‍ ജമിനി സ്റ്റുഡിയോയില്‍ 'വോയിസ്് ടെസ്റ്റിനു'ചെന്നപ്പോള്‍ സൗണ്ട് എഞ്ചിനീയര്‍ അധിക്ഷേപിക്കുകയും ചെയ്തു. '' ഈ ശബ്ദവുംവെച്ചുകൊണ്ട് നിനക്കെങ്ങനെ ഒരു പിന്നണിഗായികയാകാന്‍ പറ്റും'' എന്നു പറയുകമാത്രമല്ല റെക്കാഡിംഗ് തിയേറ്ററില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടക്കത്തില്‍ ഇതേപോലെ പല തിക്താനുഭവങ്ങളുണ്ടായെങ്കിലും സിനിമാ ഗായികയാവണമെന്ന ഈശ്വരിയുടെ ആഗ്രഹത്തിനുമാറ്റമുണ്ടായില്ല. ജീവിതത്തില്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ചുവളര്‍ന്ന അവര്‍ക്ക് തിരിച്ചടികള്‍ പുതിയ അനുഭവവുമല്ലായിരുന്നു.

ചെന്നൈയില്‍ എംഗ്മുറിനടുത്ത് പുതുപ്പേട്ടയിലായിരുന്നു ലൂര്‍ദ്‌മേരി എന്ന് ശരിപ്പേരുള്ള എല്‍.ആര്‍.ഈശ്വരിയുടെ താമസം. ലൂര്‍ദ്‌മേരി പിന്നീട് എല്‍.രാജേശ്വരിയായത് സ്‌കുളില്‍ ചേര്‍ന്നപ്പോഴാണ്. ദേവരാജിന്റേയും റജിനമേരിനിര്‍മ്മലയുടെയും മകളായ രാജേശ്വരിക്ക് കുട്ടിക്കാലം മുതലേ ഹിന്ദിപാട്ടുകളോടായിരുന്നു കമ്പം. അച്ഛന്‍ ദേവരാജ് രോഗിയായി കിടപ്പിലായിരുന്നു. അമ്മ ജമിനി സ്റ്റുഡിയോയിലേ കോറസ് പാടുന്ന ഗ്രൂപ്പില്‍ ഉണ്ടായിരുന്നു .ഇതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. നിര്‍മ്മലയുടെ കുടുംബ പ്രാരാബ്ദങ്ങളറിഞ്ഞ പല സംഗീതസംവിധായകരും അവര്‍ക്കു കോറസ് പാടാന്‍ അവസരം കൊടുത്തു. സ്‌കുളില്‍ പഠിക്കുമ്പോള്‍ തന്നെ രാജേശ്വരി പല സംഗീതമത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി. അമ്മയുടെകൂടെ ഇടയ്ക്കിടെ രാജേശ്വരിയും സ്റ്റുഡിയോയില്‍ പോവുക പതിവായിരുന്നു. 'മനോഹര' എന്ന ചിത്രത്തിന്റെ റെക്കാഡിംങ്ങ് സമയത്ത് സംഗീതസംവിധായകന്‍ അമ്മയ്ക്കു ഹമ്മിങ്ങ് പറഞ്ഞുകൊടുക്കുമ്പോള്‍ അടുത്തിരുന്ന മകള്‍ രാജേശ്വരിയും അതുകേട്ടുമൂളുന്നുണ്ടായിരുന്നു. ഇതു ശ്രദ്ധിച്ച സംഗീതസംവിധായകന്‍ എസ്.വി.വെങ്കട്ടരാമന്‍ രാജേശ്വരിയോട് ഏതെങ്കിലും ഒരു പാട്ടുപാടാന്‍ പറഞ്ഞു. 'ബച്പന്‍ കേ ദിന്‍....' എന്ന ഹിന്ദിപാട്ടാണ് അവര്‍ പാടിയത്. അതിഷ്ടപ്പെട്ടതോടെ ആ ചിത്രത്തില്‍തന്നെ കോറസ് പാടാന്‍ രാജേശ്വരിക്കും അവസരവും നല്‍കി. അങ്ങനെ സ്‌ക്കുളില്‍ പഠിക്കുന്ന കാലത്തുതന്നെ രാജേശ്വരി അമ്മയോടൊപ്പം കോറസ് പാടിതുടങ്ങി. എം.എസ്. വിശ്വനാഥന്റെ അക്കാലത്തെ എല്ലാ പാട്ടുകളിലും സ്ഥിരമായി രാജേശ്വരിക്ക ്അവസരം കിട്ടി. എന്നാല്‍ ആദ്യമായി ഒരു പാട്ടുപാടാന്‍ അവസരംകൊടുത്തത് കെ.വി.മഹാദേവനാണ്. എ.പി.നാഗരാജന്‍ സംവിധാനംചെയ്ത 'നല്ല ഇടത്തു സംബന്ധം'(1958)എന്ന ചിത്രത്തില്‍. അപ്രതീക്ഷിതമായ തുടക്കമായിരുന്നു അത്. 'ഇവരേതാന്‍ അവര്...' എന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ അതിലെ മൂന്നുപാട്ടുകള്‍കുടി പാടാന്‍ അവസരം കിട്ടി. അങ്ങനെ ഒരു ചിത്രത്തില്‍തന്നെ നാലുപാട്ടുകള്‍ പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. എം.എസ്.രാജേശ്വരി അക്കാലത്തെ പ്രശസ്ത ഗായികയായിരുന്നു അതുകൊണ്ട് എല്‍.രാജേശ്വരി എന്നപേര് മാറ്റി എല്‍.ആര്‍. ഈശ്വരി എന്നാണ് ആ ചിത്രത്തിന്റെ ടെറ്റില്‍ കാര്‍ഡില്‍ ഉപയോഗിച്ചത്. ഈശ്വരിക്ക് അടുത്ത അവസരംകൊടുത്തതും മഹാദേവന്‍ തന്നെ. എസ്.വി.സഹസ്രനാമം നിര്‍മ്മിച്ച 'നാലുവേലി നിലം'(1959).. അക്കാലത്തെ ഗായികമാരായ ജമുനറാണി, എം.എസ്.രാജേശ്വരി എന്നിവരോടൊപ്പം പാടാനും ഇതില്‍ അവസരം കിട്ടി. എന്നാല്‍ പിന്നീടും ഈശ്വരി അവസരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ കോറസ് പാടല്‍ തുടര്‍ന്നു.

''1961ലാണ്. 'പാശമലര്‍'എന്ന ചിത്രം. ജമുനാറാണി പാടുന്ന 'പാട്ടൊന്നു കേട്ടേന്‍...' എന്ന ഗാനത്തിന്റെ റിക്കാഡിംഗ്. ആ പാട്ടിനു കോറസ്‌കൊടുക്കുന്നത് ഞാനാണ്. അതുകഴിഞ്ഞ് എനിക്കും അതിലൊരു പാട്ടുണ്ട്. എന്നാല്‍ രാവിലെ 9 മണിക്കു തുടങ്ങിയ ജമുനാറാണിയുടെ റെക്കാഡിംഗ് ഒ.കെ ആയത് രാത്രി 9 മണിക്കായിരുന്നു. ഇതിനിടെ പല തവണ കോറസ് പാടി എന്റെ ശബ്ദം അടഞ്ഞുവെങ്കിലും ആദ്യ പാട്ടുകഴിഞ്ഞ ഉടനെസ്റ്റുഡിയോയില്‍ എന്റെ പാട്ടെടുക്കാനുളള ഒരുക്കമായി. മൈക്കിനുമുന്നില്‍ പാടാന്‍ നിന്നപ്പോള്‍, ഇപ്പോള്‍ പാടിയാല്‍ ശരിയാവില്ലെന്നുതോന്നിയെങ്കിലും നല്ലൊരവസരം നഷ്ടപ്പെട്ടുപോകുമല്ലോ എന്നോര്‍ത്ത് വലിയ വിഷമം തോന്നി.ഒടുവില്‍ ശബ്ദത്തിന്റെ കാര്യം മനസ്സില്ലാമനസ്സോടെ സംഗീതസംവിധായകനോടുപറഞ്ഞു. എന്നാല്‍ നാളെ എടുക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും എനിക്ക് ആശങ്കയായിരുന്നു. നാളെ എനിക്കുപകരം ഈ പാട്ട് വേറെ ആരെക്കൊണ്ടെങ്കിലും പാടിക്കുമോ എന്ന സംശയവുമുണ്ടായിരുന്നു. അന്നുരാത്രി ഞാന്‍ ഉറങ്ങിയില്ല. അടുത്ത ദിവസം രാവിലെ തന്നെ ഭാഗ്യത്തിന് റിക്കാഡിംഗ് തുടങ്ങി.''വാരായ് എന്‍ തോഴി....'' ഞാന്‍ പാടി തുടങ്ങിയെങ്കിലും ശരിയായില്ല. ഈ പാട്ടിനൊപ്പം വേദമന്ത്രങ്ങളും നാദസ്വരവുമുണ്ട്. പാട്ട് ഒരുവിധം ശരിയാകുമ്പോള്‍ മന്ത്രങ്ങളോ നാദസ്വരമോ ഏതെങ്കിലും പിഴയ്ക്കും. പത്തുടേക്കായപ്പോള്‍ എനിക്ക് ആകെ വിഷമമായി, ഭാഗ്യത്തിന് പതിനൊന്നാമത്തെ ടേക്ക് ഒ.കെ ആയി. റിക്കാഡിംഗ് കഴിഞ്ഞഉടനെ കെ.വി.മഹാദേവന്‍ പറഞ്ഞു.'രാജ, പാട്ടു നന്നായിരിക്കുന്നു ഈ പാട്ട് നിനക്ക് വലിയൊരു ഭാവി ഉണ്ടാക്കാന്‍ പോകുകയാണ് ' രാജയെന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്.'' ഈശ്വരി ഓര്‍മ്മിക്കുന്നു.

1961 ദീപാവലി ദിവസമാണ് 'പാശമലര്‍' റില:ീസായത്. പടം ഗംഭീരവിജയമായതോടൊപ്പം അതിലെ 'വാരായ് എന്‍ തോഴിയും പ്രശസ്തമായി. പിന്നീട് ഈ ഗായികയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കൈ നിറയെ ഒന്നൊന്നായി പടങ്ങള്‍ വന്നു. 'പൊറുത്താലും ആമ്പിളിയ..(പോലീസുകാരന്‍ മകന്‍), പുത്തി ശിഖാമണി പെത്തപിള്ളെ..(ഇരുവര്‍ ഉള്ളം)ചീട്ടുക്കട്ട രാജ..(വേട്ടക്കാരന്‍) ഇങ്ങനെ അക്കാലത്തെ പ്രശസ്ത ഗായകരോടൊപ്പമുള്ള യുഗ്മഗാനങ്ങളും ഒന്നിനൊന്ന് ഹിറ്റായി. നിരവധി കോമഡിഗാനങ്ങളും പാടാന്‍ ഈശ്വരിക്ക് അവസരം കിട്ടി. പാട്ടിനിടയുള്ള കൊഞ്ചലുകള്‍ ഹമ്മിങ് ഇവയെല്ലാം ചേര്‍ന്ന ആ ഗാനങ്ങളും ശ്രോതാക്കള്‍ക്ക് പുതിയ അനുഭവമായി. 'വെണ്‍പളിങ്കുമേടകെട്ടി..'(പൂജക്കുവന്ത മലര്‍), നാന്‍ മാന്തോപ്പില്‍ നിന്നിരുന്തേന്‍..'(എങ്കവീട്ടുപിളെള), അവളുക്കെന്ന അഴകിയമുഖം..(സര്‍വര്‍ സുന്ദരം) തുടങ്ങിയവയിലൂടെ പ്രേമ ഗാനങ്ങളിലും ഈശ്വരി ശ്രദ്ധേയയായി. ഈശ്വരിയുടെ ഗാനങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു വശ്യതയുണ്ട്. അത് ഏതുഭാവത്തിനും എളുപ്പം വഴങ്ങുന്നതായിരുന്നു.അതുകൊണ്ട് എല്ലാ സ്വഭാവത്തിലുളള ഗാനങ്ങളും ഈശ്വരി ടച്ചോടെ അവര്‍ക്കു പാടാന്‍ കഴിഞ്ഞു. ആയിടയ്ക്കാണ് കെ.വി. മഹാദേവന്റെ കീഴില്‍ പാടിയ ഈശ്വരിയുടെ 'എലന്തപ്പഴം....' എന്ന ഗാനം പേക്ഷകരെ ഇളക്കിമറിച്ചത്.

''ഇങ്ങനെ നിരവധി നല്ല പാട്ടുകള്‍ കിട്ടി.അതെല്ലാം വിജയിപ്പിക്കാനായത് എന്റെ മാത്രം മിടുക്കുകൊണ്ടല്ല. എന്നെ പാടാന്‍ പഠിപ്പിച്ചുതന്നത് എം.എസ്. വിശ്വനാഥനാണ് പിന്നെ കെ.വി.മഹാദേവന്‍,പുകഴേന്തി എന്നിവരും. അവര്‍ പറഞ്ഞുതന്നത് പാടി. ശബ്ദംമാത്രം എന്റേത്, പാട്ടിന്റെ വിജയം മുഴുവനും അവരുടേതും'' ഈശ്വരി പറയുന്നു.

വശീകരണ ഭാവമുള്ള നിരവധി ഗാനങ്ങളും ഈശ്വരി പാടി. കേള്‍വിക്കാരെ ഇളക്കിമറിക്കുന്ന ആവേശം കൊള്ളിച്ച വികാരം തുളുമ്പുന്ന ആ ശബ്ദം സിനിമയിലെ നൃത്ത കഌമ്പുരംഗങ്ങള്‍ക്ക് ഒഴിച്ചുകൂടുനാവാത്തതായിരുന്നു. ആടവരെല്ലാം ആടവരാലാം...(കറുപ്പണം), യാരോ ആടത്തെരിന്തവര്‍..(കുമരിപ്പെണ്‍), കണ്‍കളുക്കെന്നാ..(നില്‍ കവനി കാതലി..) തുടങ്ങിയ ഇത്തരം ഗാനങ്ങള്‍ക്കു വന്‍വരവേല്പു ലഭിച്ചതോടെ അന്നത്തെ നിര്‍മ്മാതാക്കള്‍ ഏതുവിധേനയും ഈശ്വരിയുടെ പാട്ടുചേര്‍ക്കാന്‍ മത്സരിച്ചു.

അക്കാലത്ത് ജയലളിത ഏറ്റവും തിരക്കുള്ള നായികയായിരുന്നു. അവര്‍ക്കുവേണ്ടിയുള്ള ഗാനങ്ങളെല്ലാം പതിവായി പാടിയിരുന്നത് ഈശ്വരിയായിരുന്നു. വെണ്ണിറ ആടൈ, കുമരിപ്പെണ്‍, നാന്‍, ഒളിവിളക്ക്, കണ്ണന്‍ എന്‍ കാതലന്‍, കുമരിക്കോട്ടം തുടങ്ങിയ ജയലളിത ചിത്രങ്ങളിലെ ഗാനങ്ങള്‍ ഈശ്വരിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചു. 69 ല്‍ 'ശിവന്തമണ്‍' എന്ന ചിത്രത്തിലെ ഈശ്വരിയുടെ മറ്റൊരു ഹിറ്റുഗാനമായിരുന്നു 'പട്ടത്തുറാണി പാര്‍ക്കും പാര്‍വെ..'.

അറുപതികളില്‍തന്നെ എല്‍. എര്‍. ഈശ്വരിയുടെ ശബ്ദം മലയാളസിനിമയിലുമെത്തി. ബാബുരാജ്, കെ.രാഘവന്‍, ദേവരാജന്‍ എന്നിവരുടെ ഗാനങ്ങള്‍ അവര്‍ ആലപിച്ചു. 'ഒരുകൊട്ട പൊന്നുണ്ടല്ലോ..' 'ഉമ്മയ്ക്കും ബാപ്പയ്ക്കും...(കുട്ടിക്കുപ്പായം) ഒരു കുടുക്ക....(സുബൈദ) തങ്കവര്‍ണപ്പട്ടുടുത്ത...(യത്തീം) മധുരപ്പൂവന പുതുമലര്‍ക്കൊടി...(കുപ്പിവള) ഓമനപ്പാട്ടുമായ്..(അര്‍ച്ചന) ലില്ലിപൂമാല...(നഗരമേ നന്ദി) കണ്ണാടിക്കടപ്പുറത്ത്...(പ്രിയതമ) പൊന്നണിഞ്ഞ രാത്രി...(അന്ന) തുടങ്ങിയ നിരവധി ഗാനങ്ങള്‍ . . സിനിമയ്ക്കുവേണ്ടി നിരവധി ഭക്തിഗാനങ്ങളും അവര്‍ പാടി. ഇതില്‍ കുന്നുകുടി വൈദ്യനാഥന്റെ സംഗീതത്തില്‍ പാടിയ'കര്‍പ്പൂര നായകിയേ കനകവല്ലി...', 'തായേ കരുമാരി...' എന്നിവ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

'മന്മഥലീല' എന്ന ചിത്രത്തിലെ 'ഹലോ മൈഡിയര്‍ റോങ്‌നമ്പര്‍'എന്ന ഗാനമായിരുന്ന എഴുപതുകളിലെ ഈശ്വരിയുടെ മറ്റൊരു ഹിറ്റ്. തുടര്‍ന്ന് തമിഴിലെ പുതിയതലമുറക്കാരായിവന്ന ഇളയരാജ, എസ്.പി.ബാലസുബ്രമണ്യം എന്നിവരുടെ കൂടെ സഹകരിച്ചെങ്കിലും പാട്ടുകളുടെ എണ്ണം കുറവായിരുന്നു.സിനിമയിലെ തിരക്കുകുറഞ്ഞപ്പോള്‍ അവര്‍ നിരവധി ഭക്തിഗാനങ്ങള്‍ കാസറ്റുകള്‍ക്കുവേണ്ടി പാടി. ഇപ്പോള്‍ എല്‍.ആര്‍.ഈശ്വരി ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്തുള്ള വീട്ടില്‍ ബന്ധുക്കളോടൊപ്പം കഴിയുന്നു.

'അന്നു കഷ്ടപ്പെട്ടു പാടുമ്പോഴും പലതവണ വഴക്കുകേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍വെച്ച് വഴക്കുകേള്‍ക്കമ്പോള്‍ വലിയ വിഷമംതോന്നും.എം.എസ്.വിശ്വനാഥന്‍ സാറൊക്കെ എന്നെ എത്ര വഴക്കു പറഞ്ഞിരിക്കുന്നു. സാര്‍ എന്തു മനസ്സില്‍ ഉദ്ദേശിച്ചുവോ അതു കൃത്യമായികിട്ടാതെ വിടില്ല. അതുകൊണ്ട് അവര്‍ക്കല്ല മെച്ചം നമുക്കുതന്നെ ലാഭം.ആ പാട്ടുകള്‍ ഇന്നും നില്‍ക്കുന്നതുകൊണ്ടാണ് നമ്മളെ ആളുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ ഈ രംഗത്തുടണ്ട്. എനിക്ക് ഇനിയും പാടണം..എന്റെ അവസാനശ്വാസം വരെ പാടണം...ഏതായിരിക്കും എന്റെ അവസാന ഗാനമെന്ന് എനിക്കറിയില്ല........' ഈശ്വരി പറയുന്നു

കടപ്പാട് : മാതൃഭൂമി (http://frames.mathrubhumi.com/story.php?id=25096)