കരകുളം ചന്ദ്രൻ

Karakulam Chandran
Date of Birth: 
Wednesday, 19 April, 1950
Date of Death: 
Friday, 7 December, 2018

 തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്തുള്ള കരകുളത്ത് നെല്ലിവിള വീട്ടില്‍ നാരായണപിള്ളയുടേയും വിശാലാക്ഷി അമ്മയുടേയും മകനായി 1950 ഏപ്രില്‍ 19 ആം തിയതി ജനിച്ചു.

നാലാം വയസില്‍ നാട്ടിന്‍പുറത്തെ വായനശാലയിലെ നാടകത്തില്‍ ബാലനടനായി തുടക്കം. പ്രഫ. ജി.ശങ്കരപിള്ളയുടെ നാടകകളരിയില്‍ വിദ്യാര്‍ഥിയായി 1968 ല്‍ നാടകരംഗത്തു സജീവമായി. വയലാ വാസുദേവന്‍ പിള്ളയുടെ ‘തീര്‍ഥാടന’മാണ് ആദ്യ പ്രഫഷനല്‍ നാടകം.

1970 മുതല്‍ 1981 വരെ കെപിഎസിയില്‍ പ്രവര്‍ത്തിച്ചു. യന്ത്രം സുദര്‍ശനം, ഭരതക്ഷേത്രം, മന്വന്തരം, എനിക്കു മരണമില്ല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ലയനം, കൈയ്യും തലയും പുറത്തിടരുത് തുടങ്ങി കെപിഎസിയുടെ പത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. 

കാമ്പിശേരി, ഒ.മാധവന്‍, കെ.എസ്.ജോര്‍ജ്, സുലോചന എന്നിവരോടൊപ്പം അഭിനയിച്ചു. 1985 ല്‍ കൊല്ലത്തുനിന്ന് ‘അജന്ത’ എന്ന നാടക പ്രസ്ഥാനത്തിനു രൂപം നല്‍കി. ഇരുപതോളം നാടകങ്ങള്‍ അജന്ത അവതരിപ്പിച്ചു.

ആറു പതിറ്റാണ്ടിനിടയില്‍ കെപിഎസിയുടേതുള്‍പ്പെടെ അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചു. ‘അജന്ത’യുള്‍പ്പെടെ 118 നാടകങ്ങള്‍ സംവിധാനം ചെയ്തു. 

അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. കേരള സര്‍ക്കാരിന്റെ നാലു സംസ്ഥാന അവാര്‍ഡുകള്‍ (1997, 1998, 1999, 2000) ലഭിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (2008), മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി പുരസ്കാരവും (2015), സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡും (2008) നേടി. എന്‍പതിലേറെ സംസ്ഥാനതല പുരസ്കാരങ്ങൾക്കും അർഹനായി.

നാടകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018 ഡിസംബർ 7 ആം തിയതി വിടവാങ്ങി.

സൂസൻ ചന്ദ്രനാണ് ഭാര്യ/ നിതീഷ് ചന്ദ്രന്‍/നിതിന്‍ ചന്ദ്രന്‍ എന്നിവർ മക്കളാണ്.