കലാനിലയം കൃഷ്ണൻ നായർ

Kalanilayam Krishnan Nair
Date of Birth: 
ചൊവ്വ, 26 June, 1917
Date of Death: 
Thursday, 24 April, 1980
തനിനിറം കൃഷ്ണൻനായർ
സംവിധാനം: 1

തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഭജനമഠത്തിൽ പാച്ചു പിള്ളയുടെ മകനായി കൃഷ്ണൻ നായർ ജനിച്ചു. പത്താം വയസ്സിൽ പ്രിപ്പറേറ്ററി ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകരംഗത്തെത്തിയ അദ്ദേഹത്തിന്റെ ആദ്യ നാടകം മാർത്താണ്ഡവർമ ആയിരുന്നു. കൃഷ്ണൻ നായരുടെ നാടകാഭിനയത്തോടുള്ള താത്പര്യം മനസ്സിലാക്കിയ അച്ഛൻ പാച്ചുപിളള 1933 -ൽ ‘ആനന്ദോദയ സംഗീതനടനസഭ’ എന്ന നാടക സമിതി രൂപീകരിച്ചു. പിന്നീട് കലാനിലയം എന്ന പേരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാടകവേദിയായി ഈ സംരംഭം വളർന്നു. 1963 -ൽ കലാനിലയം ഡ്രാമാ വിഷൻ എന്ന് പുന:നാമകരണം ചെയ്തു.

സിനിമ സിനിമാസ്കോപ്പാവുന്നതിന് മുമ്പുതന്നെ കലാനിലയം കൃഷ്ണൻ നായർ നാടകത്തെ 'ഡ്രാമാസ്കോപ്പ്' ആക്കി. സിനിമാ ലോകം ഇന്നത്തെ സാങ്കേതിക വിദ്യകൾ ആർജ്ജിച്ചു ജനപ്രിയമാകുന്നതിനു മുമ്പ് വേദിയിൽ കാർ ഓടിച്ചു കൊണ്ടുവന്നും ആനയെ കയറ്റിയും വിമാനത്താവളം ഉണ്ടാക്കിയും മറ്റും ജനലക്ഷങ്ങളെ ഹരം കൊള്ളിക്കാൻ അദ്ദേഹത്തിന്റെ കലാനിലയം നാടക വേദികൾക്ക് കഴിഞ്ഞു.

രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത്‌ കത്തന്നാർ, നാരദൻ കേരളത്തിൽ, താജ്മഹൽ, ശ്രീ ഗുരുവായുരപ്പൻ, അലാവുദീനും അത്ഭുതവിളക്കും തുടങ്ങിയ കലാനിലയത്തിന്റെ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണങ്ങളിൽ നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണങ്ങൾ അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1979 -ൽ പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ഈ നാടക കമ്പനിയുടെ അവസാന പ്രദർശനം.

നാടകത്തിനു പുറമേ കൃഷ്ണൻ നായർ 1967 -ൽ ഇന്ദുലേഖ എന്ന സിനിമ സംവിധാനം ചെയ്യുകയും 1976 -ൽ നീലസാരി എന്ന സിനിമ നിർമ്മിക്കുകയും ചെയ്തു. കൂടാതെ തനിനിറം എന്ന പത്രം സ്ഥാപിക്കുകയും നടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. 1980 ഏപ്രിൽ 24 -ന് കലാനിലയം കൃഷ്ണൻ നായർ അന്തരിച്ചു. 

കലാനിലയം കൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ. മകൻ അനന്തപത്മനാഭൻ.