കിരണ്‍ റാത്തോഡ്‌

Kiran Rathod

ഇന്ത്യൻ ചലച്ചിത്ര നടി.  1981 ജനുവരിയിൽ രാജസ്ഥാനിലെ ജയ്പൂരിൽ മോഹൻ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനിച്ചു. ബോളിവുഡ് താരം രവീണ ഠണ്ഡന്റെ ബന്ധുവാണ്. 1996- ൽ കിരൺ റാത്തോഡ് തന്റെ ബിരുദപഠനത്തിനായി മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. 1996-ൽ Bal Bramhachari എന്ന ഹിന്ദി ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമയിലെ തുടക്കം. 1990- കളുടെ അവസാനത്തോടെ ഹിന്ദി പോപ്പ് സോംഗ് ആൽബങ്ങളിലൂടെയാണ് കിരൺ റത്തോഡ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2001- ൽ Yaadein എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചു. ആ വർഷം തന്നെ Siddhu എന്ന തെലുങ്കു ചിത്രത്തിലും Gemini എന്ന തമിഴ് ചിത്രത്തിലും കിരൺ അഭിനയിച്ചു. 

കിരൺ റത്തോഡ് 2002- ലാണ് മലയാള സിനിമയിലേയ്ക്കെത്തുന്നത്. താണ്ഡവം എന്ന സിനിമയിൽ മോഹൻ ലാലിന്റെ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം 2008- ൽ മായക്കാഴ്ച്ച  എന്ന സിനിമയിൽ അഭിനയിച്ചു. 2010- ൽ മനുഷ്യ മൃഗം, 2011- ൽ ഡബിൾസ് എന്നീ സിനിമകളിലും കിരൺ റാത്തോഡ് അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്കു ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്.  കമൽ ഹാസൻ നായകനായ Anbe Sivam , അജിത്ത് കുമാറിന്റെ Villain  (2002), പ്രശാന്തിന്റെ Winner (2003), ശരത് കുമാർ നായകനായ Diwan (2002) എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കഴിഞ്ഞു. പ്രധാനമായും ഗ്ലാമർ വേഷങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. കിരൺ അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.