കെ ജെ യേശുദാസ്

K J Yesudas
Date of Birth: 
Wednesday, 10 January, 1940
ദാസേട്ടൻ
ദാസ്‌ സാർ
യേശുദാസ്‌
സംഗീതം നല്കിയ ഗാനങ്ങൾ: 61
ആലപിച്ച ഗാനങ്ങൾ: 5,407

മലയാളികൾ "ദാസേട്ടൻ" എന്നു വിളിക്കുകയും ആസ്വാദകർ "ഗാനഗന്ധർവ്വൻ" എന്നു പുകഴ്തുകയും ചെയ്യുന്ന മലയാളത്തിലേയും ഇന്ത്യയിലെതന്നെയും പ്രമുഖ ഗായകരിൽ ഒരാളാണ്‌ യേശുദാസ്‌. 

മലയാളം, തമിഴ്‌, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലായി വളരെ അധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി. 1965ൽ യു എസ്‌ എസ്‌ ആർ ഗവണ്മെന്റിന്റെ അതിഥിയായി അവിടെ വിവിധ നഗരങ്ങളിൽ ഗാനാലാപനം നടത്തുകയും ഖസാക്കിസ്ഥാൻ റേഡിയോയ്ക്ക്‌ വേണ്ടി റഷ്യൻ ഭാഷയിൽ പാടുകയും ചെയ്തു. മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നടത്തിയ സംഗീത പര്യടനങ്ങളിൽ കർണ്ണാടിക്‌ ശൈലിയിൽ അറബിക്‌ ഗാനങ്ങൾ പാടുമായിരുന്നു. 2001ൽ "അഹിംസ" എന്ന ആൽബത്തിനുവേണ്ടി സംസ്കൃതത്തിലിലും ഇംഗ്ലീഷിലും ലാറ്റിനിലും പാടിയിട്ടുണ്ട്‌. ആറു ദശകങ്ങള്‍ ആയി ഒരു ജനതയുടെ ജീവിതത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന നാദവിസ്മയമാണ്‌ യേശുദാസ്‌. 

1940-60

1940 ജനുവരി 10 നു ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും 5 മക്കളിൽ മൂത്ത പുത്രനായി കട്ടശേരി ജോസഫ്‌ യേശുദാസ് എന്ന കെ.ജെ.യേശുദാസ്‌ ജനിച്ചു.ചെറുപ്രായത്തിൽ തന്നെ പിതാവ്‌ ഗുരുനാഥനായി യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. എട്ടു വയസ്സുള്ളപ്പോൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ സ്വന്തമാക്കി.1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റെ കീഴിൽ ഒരു വർഷത്തെ സംഗീതാഭ്യസനം.തുടർന്ന് പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുളം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്നു വർഷവും സംഗീതം പഠിച്ചു.

എസ് എസ് എൽ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ ചേർന്നു.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതജ്ഞനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ. യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാടാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

സിനിമയിലേക്ക്‌: 1960-70

1961 നവംബർ 14ന്‌ എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ "കാല്പാടുകൾ" എന്ന ചിത്രത്തിനായി "ജാതിഭേദം മതദ്വേഷം" എന്നുതുടങ്ങുന്ന വരികൾ ശബ്ദലേഖനം ചെയ്തതാണ്‌ ചലച്ചിത്രപ്രവേശം. എങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ ദക്ഷിണാമൂർത്തി ഈണമിട്ട "വേലുത്തമ്പിദളവ"ആയിരുന്നു.ചുരുങ്ങിയ കാലം കൊണ്ട്‌ പ്രശസ്തരായ പല സംഗീത സംവിധായകരുടേയും ഈണങ്ങളിൽ തെന്നിന്ത്യൻ ഭാഷകളിലെല്ലാം പാടാൻ യേശുദാസിനായി. ജി ദേവരാജൻ "ഭാര്യ"യും ബാബുരാജ്‌ "ഉദ്യോഗസ്ഥ"യും യേശുദാസിനു നൽകിക്കൊണ്ട്‌ യേശുദാസിന്‌ വലിയ മുന്നേറ്റം നൽകി. മലയാളചലച്ചിത്രഗാനശാഖയുടെ വളര്‍ച്ചയും യേശുദാസിന്റെ വളര്‍ച്ചയും സമാന്തരമായിട്ടാണ് പോകുന്നത്. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ രാഘവന്‍, എം കെ അര്‍ജുനന്‍ എന്നീ സംഗീതസംവിധായകരുടെ ഈണത്തില്‍ യേശുദാസ് 60കളില്‍ ആലപിച്ച ഗാനങ്ങള്‍ ഒരു പുത്തന്‍ സംഗീത സംസ്കാരം ആണ് കൊണ്ടുവന്നത്. തിരശീലയിൽ പ്രേം നസീറാണെങ്കിൽ ഗായകൻ യേശുദാസ്‌ എന്ന നിലയിലേക്ക്‌ ആസ്വാദകമനസ്സും സിനിമാലോകവും മാറി.

1963ൽ എസ്‌ ബാലചന്ദർ ഈണമിട്ട "നീയും ബൊമ്മൈ നാനും ബൊമ്മൈ"എന്ന ഗാനം ആലപിച്ചുകൊണ്ട്‌ "ബൊമ്മൈ" എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു. 

1970ൽ കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായി യേശുദാസ്‌ നിയമിക്കപ്പെടുമ്പോൾ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അദ്ദേഹം. 

1970നു ശേഷം

മലയാളത്തിലും മറ്റു ഇൻഡ്യൻ ഭാഷകളിലുമായി അദ്ദേഹത്തിന്‍റെ ശബ്ദത്തെ ഉപയോഗിക്കാത്ത മുന്‍നിര സംഗീത സംവിധായകര്‍ ഉണ്ടാവില്ല.1971ൽ "ജയ്‌ ജവാൻ ജയ്‌ കിസാൻ" എന്ന സിനിമയിലൂടെ ബോളിവുഡിലും പാടിത്തുടങ്ങി. ആദ്യം പുറത്തുവന്ന "ഛോട്ടീ സീ ബാത്‌" ഹിന്ദിയിലും യേശുദാസിനെ ശ്രദ്ധേയ ഗായകനാക്കി. രവീന്ദ്ര ജയിൻ, ബാപ്പി ലാഹിരി, ഖയാം, രാജ്കമൽ, സലിൽ ചൗധരി തുടങ്ങി ഇന്ത്യയിലെ തന്നെ മികച്ച സംഗീതസംവിധായകരുടെ പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. 

ഇവര്‍ക്ക് പുറകെ രവീന്ദ്രന്‍, ജോണ്‍സണ്‍, എം ജി രാധാകൃഷ്ണന്‍, ശ്യാം, എ ടി ഉമ്മര്‍ തുടങ്ങി പുതിയ നൂറ്റാണ്ടിലെ വരെ സംഗീത സംവിധായകരുടെ കൂടെ യേശുദാസിന്റെ ശബ്ദം ചേര്‍ന്നപ്പോള്‍ ജനപ്രിയ സംഗീതം അതിന്‍റെ ഔന്നത്യത്തില്‍ എത്തുകയായിരുന്നു.

സംഗീത സംവിധായകൻ

1973ല്‍ അഴകുള്ള സെലീന എന്ന ചിത്രത്തിന് വേണ്ടി വയലാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നുകൊണ്ട് സംഗീത സംവിധായകന്റെ കുപ്പായവും യേശുദാസ് അണിഞ്ഞു. 12ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി അന്‍പതിനടുത്ത് ചലച്ചിത്രഗാനങ്ങളും ഒരുപിടി ഭക്തിഗാനങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ഈണം പകര്‍ന്നിട്ടുണ്ട്. ചെയ്ത ഭൂരിഭാഗവും ഹിറ്റുകള്‍ ആയിരുന്നിട്ടും ഈണങ്ങള്‍ ഒരുക്കാന്‍ ഇരിക്കുമ്പോള്‍ മറ്റുള്ള സംഗീതസംവിധായകാര്‍ക്ക് വേണ്ടി താന്‍ പാടുന്ന ഈണങ്ങളുടെ സ്വാധീനം മനസിലേക്ക് വരുന്നത് മൂലം സംഗീത സംവിധാനത്തില്‍ നിന്നും അദ്ദേഹം പിന്തിരിയുകയായിരുന്നു.

തരംഗിണി

1980ല്‍ തിരുവനന്തപുരത്ത് തരംഗിണി എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഓഡിയോ നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു. തരംഗിണിയിലൂടെ പുറത്ത് വന്ന സിനിമേതര ഉത്സവഗാനങ്ങളും ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളെ വെല്ലുന്ന ജനപ്രീതിയോടെ വലിയ തരംഗം ആണ് കേരളത്തിലും തമിഴ്നാട്ടിലും അക്കാലത്ത് തീര്‍ത്തത്. 1992ല്‍ തരംഗിണി ചെന്നൈയിലേക്ക് പറിച്ചുനട്ടു.

കച്ചേരികൾ,ഗാനമേളകൾ

മഹാകവി ജി ശങ്കരക്കുറുപ്പ് ആണ് യേശുദാസിന് ഗാനഗന്ധര്‍വന്‍ എന്ന പേര് നല്‍കിയത്. സിനിമാ - ജനപ്രിയ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് തിരക്കുകള്‍ക്ക് ഇടയിലും കര്‍ണ്ണാടക സംഗീതോപാസന കൈവിടാത്ത അദ്ദേഹം തന്‍റെ കച്ചേരികളിലൂടെ കര്‍ണാടക സംഗീതത്തെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം ലോകത്ത് എല്ലായിടത്തും അദ്ദേഹത്തിന്‍റെ ഗാനമേളകള്‍ വലിയ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിച്ചിട്ടുമുണ്ട്.

നടൻ

ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കാവ്യ മേള,കായംകുളം കൊച്ചുണ്ണി, അനാർക്കലി, പഠിച്ച കള്ളൻ, അച്ചാണി, ഹർഷ ബാഷ്പം, നിറകുടം, കതിർ മണ്ഡപം, പാതിരാ സൂര്യൻ, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.

സിനിമാ നിർമ്മാണം

1966ൽ യേശുദാസ്‌ തന്റെ അമ്മ എലിസബത്തിന്റെ പേരിൽ ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. മലേഷ്യൻ പ്രവാസിയായ പി എസ്‌ വല്യത്തും മറ്റു ചില കൂട്ടുകാരും പാർട്ട്ണർമ്മാരായി യേശുദാസ്‌ ആരംഭിച്ചതാണ്‌ ശ്രീവാണി പ്രൊഡക്ഷൻസ്‌. "ചാകര" എന്നായിരുന്നു നിർമ്മിച്ച സിനിമയുടെ പേര്‌. റാണി ചന്ദ്രയും കുറേ പുതുമുഖങ്ങളും അഭിനയിച്ചു. അഞ്ചാറു മാസം ഷൂട്ട്‌ ചെയ്തെങ്കിലും പടം പൂർത്തിയായില്ല. ഉദയാ സ്റ്റുഡിയോയിലെ ക്യാമറാമാൻ ആയിരുന്ന റയ്നോൾഡ്സ്‌ ആയിരുന്നു സംവിധായകൻ.

കുടുംബം

1970ൽ യേശുദാസ്‌ പ്രഭയെ വിവാഹം ചെയ്തു. വിനോദ്‌, വിജയ്‌, വിശാൽ എന്നിവരാണ്‌ മക്കൾ. വിജയ്‌ യേശുദാസും അറിയപ്പെടുന്ന ചലച്ചിത്രപിന്നണി ഗായകനാണ്‌. 

അവാര്‍ഡുകള്‍:

  • പദ്മവിഭൂഷന്‍ (2017), പദ്മഭൂഷന്‍ (2002), പദ്മശ്രീ (1975)
  • ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം - 8 തവണ
  • ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം - 25 തവണ
  • തമിഴ്നാട്‌ സംസ്ഥാന പുരസ്ക്കാരം - 5 തവണ
  • ആന്ധ്രാപ്രദേശ് സംസ്ഥാന പുരസ്ക്കാരം - 4 തവണ
  • കര്‍ണ്ണാടക സംസ്ഥാന പുരസ്ക്കാരം - 1 തവണ
  • ബംഗാള്‍ സംസ്ഥാന പുരസ്ക്കാരം - 1 തവണ
  • 2002ൽ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയേല്‍ പുരസ്കാരം