എം ടി വാസുദേവൻ നായർ

M T Vasudevan Nair
Date of Birth: 
Saturday, 15 July, 1933
എഴുതിയ ഗാനങ്ങൾ: 4
സംവിധാനം: 7
കഥ: 57
സംഭാഷണം: 61
തിരക്കഥ: 60

 പൊന്നാനി താലൂക്കില്‍ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 ന് ജനനം. മുഴുവന്‍ പേര്: മാടത്ത്‌തെക്കെപാട്ട് വാസുദേവന്‍ നായര്‍ . അച്ഛന്‍: ടി. നാരായണന്‍ നായര്‍ , അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‍ 1953 ല്‍ ബിഎസ്‌സി(കെമിസ്ട്രി) ബിരുദം. അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്, നോവലിസ്റ്റ്,തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായി. മുറപ്പെണ്ണ് എന്നാ സിനിമക്ക്‌ ആദ്യ തിരക്കഥ എഴുതി. നിര്‍മാല്യം, കടവ്‌, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡും, ഓളവും തീരവും, ബന്ധനം, ഓപ്പോള്‍ , ആരൂഡം,വളര്‍ത്തുമൃഗങ്ങള്‍ , അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതംഗമയ: , പെരുന്തച്ചന്‍, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ഥാടനം എന്നിവയ്ക്ക് സംസ്ഥാന ബഹുമതികളും ലഭിച്ചു. തിരക്കഥയെഴുതി സംവിധാനം ചെയ്ത കടവ്‌, സിംഗപ്പൂര്‍ , ജപ്പാന്‍ എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡുകള്‍ നേടി. മലയാള സിനിമക്ക്‌ നല്‍കിയ സംഭാവനകള്‍ക്ക് പ്രേംനസീര്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴം വയലാര്‍ അവാര്‍ഡും, മുട്ടത്തുവര്‍ക്കി ഫൌണ്ടേഷന്‍ അവാര്‍ഡും നേടി. നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1995 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹാനായി. 1996 ല്‍ ഓണററി ഡി-ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു. 2005 ലെ പത്മഭൂഷണ്‍ ലഭിച്ചു. 2005ല്‍ കേരള അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.   മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2014 കേരള സർക്കാർ ജെ സി ദാനിയേൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു

പ്രധാന കൃതികള്‍ :

മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി(നോവലുകള്‍ ) ; ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓര്‍മ്മക്ക്, വാനപ്രസ്ഥം, എം ടി യുടെ തിരഞ്ഞെടുത്ത കഥകള്‍, ഡാര്‍ എസ് സലാം, രക്തം പുരണ്ട മണല്‍തരികള്‍ , വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്‌(കഥകള്‍ ) ഗോപുരനടയില്‍ (നാടകം) കാഥികന്റെ കല, കാഥികന്റെപണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളി പൂക്കളുടെ കാലം(പ്രബന്ധങ്ങള്‍ ) ആള്‍കൂട്ടത്തില്‍ തനിയെ(യാത്രാവിവരണം) എംടിയുടെ തിരക്കഥകള്‍ , പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീര ഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറു പുഞ്ചിരി, നീലത്താമര, പഴശ്ശിരാജ(തിരക്കഥകള്‍ ) സ്നേഹാദരങ്ങളോടെ, അമ്മക്ക്(ഓര്‍മ്മകള്‍ )

ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Profile photo drawing by : നന്ദൻ