പി ഗോപികുമാർ

P Gopikumar

പി ഭാസ്കരൻ മാഷുടെ ശിഷ്യനായ പി ഗോപികുമാർ കമലഹാസനെ നായകനാക്കി 1977 ൽ അഷ്ടമംഗല്യം എന്ന ചിത്രമൊരുക്കി കൊണ്ടാണ് സ്വതന്ത്ര സംവിധായകനാകുന്നത് .

തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ ഇതിഹാസ ഗായകൻ മുഹമ്മദ് റാഫിയെ കൊണ്ട് പാടിക്കാൻ പി ഗോപികുമാറും മലയാളിയായ ഹിന്ദി സംഗീതസംവിധായകൻ ജിതിൻ ശ്യാമും റാഫി സാഹിബിനെ സമീപിച്ചു . ഭാവതീവ്രമായി പാടാൻ മലയാള ഉച്ചാരണം കൃത്യമായി പഠിക്കണമെന്ന് അനശ്വര ഗായകൻ നിബന്ധനവെച്ചു . പക്ഷെ റെക്കോർഡിങ്ങിന് മുമ്പ്‌ റാഫി സാഹിബ് ഈ ലോകത്തോട് വിടപറഞ്ഞു . ജിതിൻ ശ്യം നേരത്തെ റിക്കോർഡ് ചെയ്ത ' ഷബാബ് ലേകേ വോ...’ എന്ന ഹിന്ദിഗാനം തളിരിട്ട കിനാക്കളിൽ ഉപയോഗിച്ചു . മുഹമ്മദ് റഫി പാടിയ ഏക മലയാള ചിത്രമായി തളിരിട്ട കിനാക്കൾ ചരിത്രത്തിൽ ഇടം നേടി . 2003 ൽ സംവിധാനം ചെയ്ത മിസ്റ്ററി സസ്പെൻസ് ചിത്രമായ സൗദാമിനിയാണ് അവസാന ചിത്രം . ഭാസ്കരൻ മാഷ് അവസാനമായി ഗാനരചന നടത്തിയ ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് സ്വന്തം.

ഒരുപിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പി ഗോപികുമാർ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 19 ഒക്ടോബർ 2020 -ന് അന്തരിച്ചു. പ്രശസ്ത സംവിധായകൻ പി ചന്ദ്രകുമാർ, പ്രശസ്ത ഛായാഗ്രാഹകൻ പി സുകുമാർ എന്നിവർ സഹോദരങ്ങളാണ്.