എം ജി രാമചന്ദ്രൻ

M G Ramachandran
Date of Birth: 
Wednesday, 17 January, 1917
Date of Death: 
Friday, 25 December, 1987
എം ജി ആർ

മേലകത്ത് ഗോപാലൻ മേനോന്റേയും മരുതൂർ സത്യഭാമയുടേയും മകനായി ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു. രാമചന്ദ്രന് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതോടെ അദ്ദേഹത്തിന്റെ അമ്മ മക്കളുമായി നാട്ടിലേക്ക് മടങ്ങി. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയ രാമചന്ദ്രൻ ബോയ്സ് കമ്പനി ഡ്രാമാ ട്രൂപ്പിൽ ചേർന്നിരുന്നു. അവിടെ നിന്നും പാട്ടും നൃത്തവും വാൾപ്പയറ്റും എല്ലാം അദ്ദേഹം അഭ്യസിച്ചു.

ഏതാനും വർഷങ്ങൾ നാടകങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് രാമചന്ദ്രൻ സിനിമയിലേയ്ക്കെത്തുന്നത്. 1936 -ൽ സതി ലീലാവതി എന്ന തമിഴ് ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യം അഭിനയിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം 1954 -ൽ മലൈക്കള്ളൻ എന്ന സിനിമയിലൂടെയാണ് പ്രശസ്തിയിലേയ്ക്കുയർന്നത്. എം ജി ആർ എന്ന പേരിൽ തമിഴ് സിനിമയിലെ ആദ്യ സൂപ്പർതാരമായി രാമചന്ദ്രൻ വളർന്നു. 1953 -ൽ ജനോവ എന്ന മലയാള സിനിമയിൽ എം ജി ആർ നായകനായി അഭിനയിച്ചിരുന്നു. 1972 -ൽ റിക്ഷാക്കാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് എം ജി ആറിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.

സിനിമാഭിനയത്തിന് പുറമേ രാഷ്ട്രീയത്തിൽ ഇറങ്ങിയ എം ജി ആർ ആദ്യകാലത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകനായിരുന്നെങ്കിലും 1953 -ൽ ഡി എം കെ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അംഗമായി. 1972 -ൽ ഡി എം കെയിൽ നിന്നും വിട്ട എ ഐ എ ഡി എം കെ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച എം  ജി ആർ 1977 -ൽ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടർന്ന് 1987 -ൽ മരിക്കുന്നതു വരെ അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ തുടർന്നു. 1987 ഡിസംബർ 4 -ന് എം ജി ആർ അന്തരിച്ചു. മരണശേഷം എം ജി ആറിനെ പരമോന്നത ബഹുമതിയായ ഭാരത രത്നം നൽകി രാജ്യം ആദരിച്ചു.