കെ ജെ ജോയ്

K J Joy
K J Joy-Music Director
Date of Birth: 
Friday, 14 June, 1946
Date of Death: 
തിങ്കൾ, 15 January, 2024
സംഗീതം നല്കിയ ഗാനങ്ങൾ: 210

തൃശൂറിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14 നാണ് കുഞ്ഞാപ്പു ജോസഫ് ജോയ് എന്ന കെ. ജെ. ജോയിയുടെ ജനനം. അച്ഛൻ ജോസഫ് ഒരു വ്യവസായി ആയിരുന്നു. പലതരം വ്യാപാരങ്ങൾ കൂടാതെ കുറെയധികം ബസ്സുകളും സ്വന്തമായി ഉണ്ടായിരുന്നു അദ്ദേഹത്തിന്.

നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതി ഒരേയൊരു സംഗീതജ്ഞനേ ഉണ്ടാവൂ. ഒരു കാലത്ത് ഒരു പിടി മലയാളം ഹിറ്റ് ഗാനങ്ങളുമൊരുക്കിയ കെ ജെ ജോയിക്കാണ് ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാവുന്നത്. ചെറുപ്പത്തിൽത്തന്നെ ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ജോയ് തൃശ്ശൂർ സ്വദേശിയാണ്. ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ്  സംഗീത രംഗത്ത് തുടക്കം കുറിക്കുന്നത്.അക്കോർഡിയൻ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ദമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരുവനാണ് കെ ജെ ജോയ്.

പതിനെട്ടാം വയസ്സിൽ പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നു. സംഗീത നൊട്ടേഷനുകൾ നോക്കാതെ പാട്ടുകൾ കേൾക്കുമ്പോൾത്തന്നെ അത്  വായിച്ചു കേൾപ്പിച്ചിരുന്ന ജോയ് എം എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകൾക്ക് സഹായി പ്രവർത്തിച്ചു.അക്കാലത്തെ പ്രമുഖനായിരുന്ന കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായി ജോയി തന്നെയായിരുന്നു.1969ൽ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ കീബോർഡ് ആദ്യമായി അവതരിപ്പിച്ച് ജോയ് അക്കാലത്ത് വിവിധതരം ഭാഷകളിൽ ദിവസത്തിൽ 12ലധികം പാട്ടുകൾക്ക് വേണ്ടി വായിച്ചിരുന്നു.

മലയാളത്തിൽ ഇറങ്ങിയ “ലവ് ലെറ്റർ” (1975) ആയിരുന്നു ആദ്യമായി സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം. ലിസ,സർപ്പം,മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 1990 വരെ മലയാളചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയിരുന്നു.ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നതിൽ മാത്രമായിരുന്നില്ല ജോയിയുടെ താല്പര്യം.ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.അതോടൊപ്പം തന്നെ നൗഷാദ്,ലക്ഷ്മികാന്ത് പ്യാരിലാൽ,മദന്മോഹൻ,ബാപ്പി ലഹരി,ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്യാനും ജോയിക്ക് കഴിഞ്ഞു.ഇപ്പോൾ “സതേൺ കമ്പയിൻസ് എന്നൊരു റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തുന്നു.ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് കെ ജെ ജോയ്.

ചിത്രത്തിനു കടപ്പാട് : ഹിന്ദു ദിനപ്പത്രം