ജി കെ പള്ളത്ത്

GK Pallath
g-k-pallath-m3db.png
എഴുതിയ ഗാനങ്ങൾ: 22

തൃശൂർ പള്ളത്തുവീട്ടിൽ നാരായണൻനായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, ഗോവിന്ദൻകുട്ടിയെന്ന ജി.കെ.പള്ളത്ത്.കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താൽപ്പര്യം. ഏഴാംക്ലാസ്സ്മുതൽ കവിതകൾ എഴുതിത്തുടങ്ങി. എട്ടാംക്ലാസ്സിൽപഠിക്കുമ്പോൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജി.കെ.യുടെകവിതകൾ അച്ചടിച്ചുവന്നു..1958ൽ തൃശൂരിൽ നടന്ന കമ്മ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോർജും സുലോചനയും ചേർന്നാലപിച്ച  "രക്തത്തിരകൾ നീന്തിവരും"എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു. പിന്നീട് അമച്വർ നാടകങ്ങൾക്കും ബാലെകൾക്കും ഗാനങ്ങളെഴുതിക്കൊണ്ട്അദ്ദേഹം കലാരംഗത്തേക്ക്കടന്നു...തുടർന്ന്,നാടകരചനയിലേക്ക് ശ്രദ്ധതിരിച്ച ജി.കെ.പള്ളത്ത് ധൂർത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വർ നാടകങ്ങളെഴുതി. അവ വലിയ വിജയങ്ങളായതോടെ പ്രൊഫഷണൽ രംഗത്തേക്ക് തിരിഞ്ഞു.എൽ.പി.ആർ.വർമ്മ, എം.കെ.അർജ്‌ജുനൻ, കോട്ടയംജോയി തുടങ്ങിയവരുടെ സംഗീതത്തിൽ അനേകം നാടകങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനങ്ങളെഴുതി.നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്‌സിനിമയിൽ അവസരംനൽകിയത്. തുടർന്ന് ഒരുപിടി ഹിറ്റ്‌ഗാനങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.സിനിമാഗാനങ്ങൾ കൂടാതെ ചിങ്ങനിലാവ്‌, മനസ്സിലെശാരിക തുടങ്ങി അനേകം ആൽബങ്ങൾക്കും ജി.കെ.പള്ളത്ത് പാട്ടുകളെഴുതിയിട്ടുണ്ട്.സംസ്ഥാന റവന്യൂഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു ജി.കെ.മക്കളോടൊപ്പം യൂ.കെ.യിലാണിപ്പോൾ താമസമെങ്കിലും ഗാനരചനയിൽ സജീവമാണ്. സംഗീതസംവിധായകൻ ടി.കെ.ലായനുമായി ചേർന്ന് അനേകം ചിത്രങ്ങൾക്കും പാട്ടുകളെഴുതിയിട്ടുണ്ട്...