അനിരുദ്ധൻ

Anirudhan

പ്രമുഖ നാടകനടനായ വൈക്കം സുകുമാരൻ നായരുടെ മകനാണ് അനിരുദ്ധൻ. പ്രശസ്ത ചലച്ചിത്രനടനായ ജനാർദ്ദനൻ ഇദ്ദേഹത്തിൻ്റെ പിതൃസഹോദരനാണ്.

      പത്മരാജൻ്റെ തിരക്കഥയിലും ഭരതൻ്റെ സംവിധാനത്തിലും 1979 പുറത്തിറങ്ങിയ തകര എന്ന സിനിമയിൽ 'പുള്ള' എന്ന് വിളിക്കപ്പെടുന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്.  പതിനഞ്ചുകാരനായ അനിരുദ്ധനിലേക്ക് ഈ കഥാപാത്രം എത്തപ്പെട്ടത്, നടൻ ജനാർദ്ദനൻ വഴിയാണ്.  തകരയിൽ മറ്റൊരു പ്രധാന കഥാപാത്രമായ മാതുമൂപ്പനെ അവതരിപ്പിച്ചത് അനിരുദ്ധൻ്റെ പിതൃസഹോദരീ ഭർത്താവും, നടനും, ആകാശവാണിയിലെ ആർട്ടിസ്റ്റുമായ കെ.ജി.മേനോനായിരുന്നു..

     സിനിമാഭിനയത്തിനു ശേഷം പിന്നിട് പത്തൊൻപതാം വയസ്സിൽ അനിരുദ്ധൻ നാടകരംഗത്തേക്കെത്തി. പ്രശസ്ത നാടക നടനും സംവിധായകനുമായ ടി.കെ.ജോണിൻ്റെ ശിക്ഷണത്തിൽ 'വൈക്കം മാളവിക' എന്ന സമിതിയിലായിരുന്നു അരങ്ങേറ്റം. പിൽക്കാലത്ത് മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തായി മാറിയ ലോഹിതദാസാണ് അന്ന് മാളവികയുടെ നാടകങ്ങൾ എഴുതിയിരുന്നത്.

    പിന്നീട് തോപ്പിൽ ഭാസിയുടെ ക്ഷണം സ്വീകരിച്ച് കെ.പി.എ.സി.യുടെ പാഞ്ചാലി എന്ന നാടകത്തിൽ അഭിനയിച്ചു.. തുടർന്നും കെ.പി.എ.സിയുടെ പല ഹിറ്റ് നാടകങ്ങളുടെയും ഭാഗമായി. കായംകുളം സംസ്കാര, കൊല്ലം തൂലിക, തൃശൂർ യമുന എൻറർടൈനേഴ്സ് തുടങ്ങി നിരവധി സമിതികളിൽ പ്രവർത്തിച്ചു.
    തകഴിയുടെ കഥാപാത്രങ്ങളായ ചെമ്മീനിലെ പരീക്കുട്ടിയും, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനുമടക്കം അനവധി വേഷങ്ങൾ വേദിയിൽ അവതരിപ്പിച്ചു.
    
     നാടക അഭിനേത്രി കൂടിയായ വത്സലയാണ് അനിരുദ്ധൻ്റെ ഭാര്യ. കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലയിലാണ് താമസം.