മധു നീലകണ്ഠൻ

Madhu Neelakandan

മൂവാറ്റുപുഴ സ്വദേശിയായ നീലകണ്ഠന്റെയും രാധാമണിയുടെയും മകനായി ജനനം. കോതമംഗലം എം.എ. ആർട്സ് കോളേജിൽ പഠിച്ചു.  കോളേജ് വിദ്യാഭ്യാസ സമയത്ത് കോതമംഗലം സുമംഗലി ഫിലിംസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു. സിനിമയാണ് തന്റെ മേഖല എന്ന് മനസ്സിലാക്കിയ മധു, പിന്നീട് ഫിലിം സൊസൈറ്റിയിലെ മുതിർന്ന അംഗങ്ങളുടെ നിർദ്ദേശപ്രകാരം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ നിന്നും ഛായാഗ്രഹണം കോഴ്സ് പൂർത്തിയാക്കി മുംബൈയിൽ ഛായാഗ്രഹക സഹായിയായി പ്രവർത്തിച്ചു തുടങ്ങി. നിരവധി പരസ്യചിത്രങ്ങൾ കൈകാര്യം ചെയ്തു. 2002ൽ അശോക്.ആർ നാഥ് സംവിധാനം ചെയ്ത 'സഫല'ത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി അരങ്ങേറി. പിന്നീട് ടി കെ രാജീവ്കുമാറിന്റെ 'ഇവർ', പ്രമോദ് പപ്പന്റെ 'വജ്രം' എന്നീ സിനിമകൾക്ക് വേണ്ടിയും പ്രവർത്തിച്ചു. വീണ്ടും മുംബൈ തട്ടകമാക്കിയ മധു, കെ യു മോഹനന്റെ സഹായിയായി മാറി. ഫർഹാൻ അക്തറിന്റെ 'ഡോണ്‍' എന്ന ചിത്രത്തിലെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചു. ജോണി ആന്റണി സംവിധാനം ചെയ്ത 'മാസ്റ്റേർസ്' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ തിരിച്ചെത്തി. 2012 ലെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് 'അന്നയും റസൂലി'ലൂടെ അദ്ദേഹത്തെ തേടി എത്തി. രാജീവ് രവിയുടെ തന്നെ 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയായി.