എ എസ് ദിനേശ്

A S Dinesh

കൊച്ചി പള്ളുരുത്തി സ്വദേശി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിലും പബ്ലിക് റിലേഷൻസിലും ഡിപ്ലോമയും നേടിയ ശേഷമാണ് എ എസ് ദിനേശ് മലയാള സിനിമാ രംഗത്തെത്തുന്നത്. കാക്കനാട് പ്രസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു എ എസ് ദിനേശ്.

ജേർണലിസം വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദിനേശ് ഫ്രീലാൻസ് പത്രപ്രവർത്തനവും ചെയ്തിരുന്നു. ചലച്ചിത്ര താരങ്ങളുമായി ദിനേശ് നടത്തിയ അഭിമുഖങ്ങളും അദ്ദേഹം ചെയ്ത സിനിമാവിശേഷങ്ങളും മലയാളത്തിലെ ഒട്ടുമിക്ക മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രാധിപന്മാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സിനിമാമേഖലയിൽ നിന്നുള്ള  കൂടുതൽ ഫീച്ചറുകൾ തുടരെത്തുടരെ ചേയ്യേണ്ടി വന്നതോടെ ക്രമേണ ദിനേശിന്റെ പ്രവർത്തന രംഗം ഈ മേഖലയായി.

1997ൽ റിലീസായ “ആറ്റുവേല” എന്ന ചിത്രത്തിന്റെ പി ആർ ഓ വർക്ക് ചെയ്തു കൊണ്ടാണ് എ എസ് ദിനേശ് മലയാള സിനിമയിലെത്തുന്നത്. പിന്നീട് "പഞ്ചലോഹം" എന്ന സിനിമയ്ക്ക് വേണ്ടിയും പ്രവർത്തിച്ചു. തുടർന്ന് സിനിമയിൽ സജീവമായി. സിനിമയുടെ ചിത്രങ്ങളും ഷൂട്ടിങ്ങ് റിപ്പോർട്ടും വാരികകളിൽ എത്തിച്ചു കൊടുക്കുന്ന ആദ്യകാല പി ആർ ഓ ജോലികളിൽ നിന്നും വ്യത്യസ്ഥമായി സിനിമയുടെ പൂജ മുതൽ റിലീസിങ്ങ് വരെയുള്ള എല്ലാ പബ്ലിക്ക് റിലേഷൻസ് വർക്കുകളും ദിനേശ് ചെയ്യുന്നു. പത്ര മാഗസിനുകൾ കൂടാതെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയും വൈവിധ്യവും സർഗ്ഗത്മകതയുമുള്ള സിനിമാ വിശേഷങ്ങളും വാർത്തകളും നൽകുന്ന ദിനേശിന്റെ സ്ഥാനം മലയാള സിനിമയിലെ മുൻനിര പി ആർ ഓകളുടെ നിരയിലാണ്.

എ എസ് ദിനേശ് ഇപ്പോൾ കൊച്ചിയിലെ പാണ്ടിക്കുടിയിൽ താമസിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ ചന്ദ്രാബായിയാണ് ഭാര്യ. ഗോപാലകൃഷ്ണപ്രഭു, മഞ്ജു എന്നിവരാണ് മക്കൾ.

AS Dinesh