രാജീവ് രവി

Rajeev Ravi

കൊച്ചി കടവന്ത്ര സ്വദേശിയായ രാജീവ് രവി എറണാകുളം മഹാരാജാസ് കോളേജിലെ പഠനത്തിനു ശേഷം 1997ൽ പൂനെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്ന് ബിരുദവും പൂർത്തിയാക്കി. മലയാളി ആണെങ്കിലും ഹിന്ദി സിനിമകളിലൂടെ ആണ് സിനിമാ രംഗത്ത് തുടക്കമിടുന്നത് .2001ൽ മധു ഭണ്ടാർക്കർ പുറത്തിറക്കിയ "ചാന്ദ്നി ബാറി"ലെ മനോഹരമായ ഛായാഗ്രഹണ ദൃശ്യങ്ങൾ രാജീവിനെ പ്രശസ്തനാക്കി. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കാശ്യപുമൊത്ത് അനേകം ഹിറ്റ് ചിത്രങ്ങൾ പുറത്തിറക്കി ഇന്ത്യയിൽ മുൻ നിര ക്യാമറാമാന്മാരിൽ ഒരാളെന്ന് പേരെടുത്തു . റസൂൽ പൂക്കുട്ടി,അജിത് കുമാർ തുടങ്ങിയ കോളേജ് സുഹൃത്തുക്കളോടൊത്ത് ചേർന്ന് "ഐഡി" എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. "ഐഡി" കേരളത്തിൽ വച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. "ശേഷം", "അന്യർ", "ചക്രം", "ക്ലാസ്സ്മേറ്റ്സ്" , "ഇവൻ മേഘരൂപൻ" എന്ന് തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിലെ മിക്ക സംവിധായകരൊത്തും രാജീവ് ക്യാമറ ചലിപ്പിച്ചു. 2009ൽ സിനിമാ താരവും സംവിധായകയുമായ ഗീതു മോഹൻദാസിനെ വിവാഹം കഴിച്ചു. ഏഴ് വർഷങ്ങൾക്ക് മുൻപേ എഴുതിയ തന്റെ കഥ ചലച്ചിത്രമാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് 2013ൽ രാജീവ് സംവിധാനം ചെയ്ത് പുറത്തിറക്കിയ "അന്നയും റസൂലും" എന്ന ചിത്രം. രാജീവിന്റെ ആദ്യ സംവിധാന സംരംഭമായ "അന്നയും റസൂലും" പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

അവലംബങ്ങൾ :-

1.ഹിന്ദു ഇന്റർവ്യൂ  - Feb 07, 2009
2.ഹിന്ദു ഇന്റർവ്യൂ - January 4, 2013