നഫീസ അലി

Nafeesa Ali

ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് നഫീസ അലി. പ്രസിദ്ധ ഫോട്ടോഗ്രാഫർ അഹ്‌മദ് അലിയുടെ മകളാണ് നഫീസ. 1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976 -ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ മിസ് ഇൻർനാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി.

1979 -ൽ ശ്യാം ബനഗൽ സംവിധാനം ചെയ്ത ജുനൂൻ എന്ന ഹിന്ദി ചിത്രത്തിൽ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം കൊൽക്കത്ത ജിംഘാനയിൽ ജോക്കിയായും പ്രവർത്തിച്ചു. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ(1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജർ സാബ്(1998) എന്നിവയാണ് തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങൾ. 2007 -ൽ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. എന്ന മലയാള ചിത്രത്തിലും നഫീസ അലി അഭിനയിച്ചു.

എയ്ഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് നഫീസ. 2005 സെപ്റ്റംബറിൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സണായി നിയമിതയായി.

അർജുന അവാർഡ് ജേതാവായ പോളോ താരം രവീന്ദർസിംഗ് സോധിയാണ് ഭർത്താവ്.