സിലോൺ മനോഹർ

Ceylon Manohar
Ceylon Manohar
Date of Death: 
ചൊവ്വ, 23 January, 2018
എ ഇ മനോഹരൻ
സുരാംഗനി മനോഹർ
ആന്റണി ഇമ്മാനുവല്‍ മനോഹര്‍

സ്കൂൾ ടീച്ചർമാരായ മാതാപിതാക്കളുടെ ഏകമകനായി ശ്രീലങ്കയിൽ ജനനം. അമ്മയിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ നന്നായി ഹാർമോണിയം വായിച്ചിരുന്നു. ചെറുപ്പകാലത്ത് അദ്ദേഹം പള്ളിയിലെ ക്വയറിലെ സ്ഥിരം അംഗമായി. വിദ്യാഭ്യാസകാലത്ത് കലാലയ വേദികളിലും അദ്ദേഹം തിളങ്ങി. പോർച്ചുഗീസുകാർ പകർന്നു നൽകിയ സംഗീതം ശ്രീലങ്കയുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ആ കാലത്ത് ധാരാളം മ്യൂസിക് ട്രൂപ്പുകളും സംഗീത ഫെസ്റ്റിവലുകളും വ്യാപകമായിരുന്നു. പാടുവാനായി നിരവധി ട്രൂപ്പുകളെ സമീപിച്ചുവെങ്കിലും അവരൊന്നും അദ്ദേഹത്തിനു അവസരങ്ങൾ നൽകിയില്ല. പക്ഷേ അദ്ദേഹത്തിനു ട്രൂപ്പിലെ വാദ്യോപകരണങ്ങൾ ചുമക്കാനുള്ള അവസരം നൽകി. ഒടുവിൽ ശ്രീലങ്കയിലെ കൊട്ടഹേന എന്ന സ്ഥലത്ത് ട്രൂപ്പിനൊപ്പം പോയ മനോഹറിനു ഒരേ ഒരു പാട്ട് പാടുവാനുള്ള അവസരം കൈവന്നു. സുരാംഗനി എന്ന ഗാനമായിരുന്നു അന്ന് ആലപിച്ചത്. ആ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ മനോഹറിനു കൂടുതൽ അവസരങ്ങൾ കൈ വന്നു.

ആ സമയം അദ്ദേഹം ഇന്ത്യയിൽ വരികയും എച്ച് എം വി കമ്പനിയെ സമീപിച്ച് സുരാംഗനി എന്ന ഗാനം റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.. പക്ഷേ അവർ അദ്ദേഹത്തെ മടക്കി അയച്ചു. തുടർച്ചയായി ഒരു മാസത്തോളം അവരെ കാണുവാൻ അദ്ദേഹം ചെന്നു. അവിടെ ജോലി നോക്കിയിരുന്ന, ഗായികമാരായ തേരളിന്തൂർ സഹോദരികളുടെ സഹോദരൻ ശ്രീനിവാസന് അദ്ദേഹത്തോട് അനുകമ്പ തോന്നുകയും പാടാനായി ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ കമ്പനി മാനേജർ ഒരു കച്ചേരി നടത്തിയാൽ മാത്രമേ റെക്കോർഡിംഗ് ചെയ്യാൻ കഴിയൂ എന്ന് പറയുന്നു. ഒരു മാസത്തെ മദ്രാസിലെ താമസം സാമ്പത്തികമായി അദ്ദേഹത്തെ തളർത്തിയിരുന്നു. തിരിച്ചു പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് മാത്രം കയ്യിൽ ഉണ്ടായിരുന്ന അവസരത്തിലാണ്, മനോഹറിന്റെ പാട്ട് ശ്രീലങ്കയിൽ വച്ചു കേട്ടിട്ടുള്ള ഒരു ബിസിനസുകാരനെ അദ്ദേഹം അവിചാരിതമായി മദ്രാസ്സിൽ വച്ചു കാണുന്നത്. കാര്യം പറഞ്ഞപ്പോൾ അയാൾ മനോഹറിനെ കച്ചേരി നടത്തുവാനും അത് കഴിയുന്നത്  വരെ മദ്രാസിൽ താമസിക്കുവാനും  സഹായിക്കുകയും ചെയ്തു. കച്ചേരി കഴിഞ്ഞതോടെ അദ്ദേഹത്തിനു എച്ച് എം വി കമ്പനിക്ക് വേണ്ടി പാട്ട് പാടുവാനുള്ള കോണ്‍ട്രാക്റ്റ് കിട്ടി. സുരാംഗിനിയുടെ റെക്കോർഡിംഗ് കഴിഞ്ഞു മടങ്ങിയ അദ്ദേഹം പിന്നീട് ബി എ പഠനത്തിനായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലേക്ക് അദ്ദേഹത്തെ എത്തിച്ചത് അഭിനയമോഹമായിരുന്നു. 1964 ൽ പാസ നില എന്നൊരു ശ്രീലങ്കൻ തമിഴ് ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഇന്ത്യയിലെത്തി സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തിന്റെ പേരിലാണ് അച്ഛനോട് കള്ളം പറഞ്ഞു മദ്രാസ് സെന്റ്‌ ജോസഫ് കോളേജിൽ അഡ്മിഷൻ വാങ്ങുന്നത്.  ആ കാലഘട്ടത്തിൽ കോളേജ് നാടക വേദികളിൽ അദ്ദേഹം സജീവമായി. സ്ഥിരം നായകവേഷം കൈകാര്യം ചെയ്തത് മനോഹറായിരുന്നു.

ആദ്യമായി അഭിനയിച്ചത്  'തുഫാൻ മെയിൽ' എന്ന തെലുങ്ക് ചിത്രത്തിലാണ്. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന സമയത്താണ് നവോദയ അപ്പച്ചൻ മാമാങ്കം എന്ന ചിത്രത്തിനായി മനോഹറിനെ വിളിക്കുന്നത്. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അതിനിടയിൽ നിരവധി തമിഴ് ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. നടൻ ജയന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന അദ്ദേഹം,  കഴുകൻ, ശക്തി, മൂർഖൻ, ആവേശം തുടങ്ങി ആ കാലഘട്ടത്തിലെ ഒട്ടുമിക്ക ജയൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രകുമാറിന്റെ തടവറ എന്ന ചിത്രത്തിൽ ഇരട്ട വില്ലൻ വേഷം ചെയ്തു. ജയന്റെ അവസാന ചിത്രമായ കോളിളക്കത്തിലും അവർ ഒരുമിച്ച് അഭിനയിച്ചു. അടുത്ത സുഹൃത്തായ ജയന്റെ മരണം മനോഹറെ ഒരുപാട് വേദനിപ്പിച്ചു. സിനിമ ഉപേക്ഷിച്ച് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ ബിബിസിയിൽ ഒൻപത് വർഷം ജോലി നോക്കി. പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് തിരികെ ഇന്ത്യയിൽ എത്തുന്നത്. പിന്നീട് മലയാളത്തിൽ തുറുപ്പുഗുലാൻ എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു ചെറു വേഷം അഭിനയിച്ചു.  ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും കൂടുതലായും സംഗീത രംഗത്താണ് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്.  

അഭിനയ രംഗത്ത് മാറി നിന്നപ്പോഴും സംഗീതവേദികളിൽ സജീവമായിരുന്നു അദ്ദേഹം. നിരവധി പരിപാടികൾ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. സുരാംഗനി എന്ന ഗാനം ഏഴു ഭാഷയിൽ അദ്ദേഹം ആലപിച്ചിട്ടുണ്ട്. സുംരാംഗനി എന്ന ഗാനം ട്രേഡ്മാർക്കായി കൊണ്ടു നടന്ന അദ്ദേഹത്തെ ആളുകൾ സുരാംഗനി മനോഹർ എന്ന് വിളിച്ചു. മൂന്നൂറിലധികം ആൽബങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം ശ്രീലങ്കയിലാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് 2018 ജനുവരി 23 നു ചെന്നൈയിൽ വച്ച് അന്തരിച്ചു.