ഫഹദ് ഫാസിൽ

Fahadh Faasil

ആലപ്പുഴ സ്വദേശി. 1982 ഓഗസ്റ്റ് 8ന് പ്രശസ്ത മലയാള സിനിമാ സംവിധായകൻ ഫാസിലിന്റെയും റോസിനയുടെയും മകനായി ആലപ്പുഴയിൽ ജനനം. ആലപ്പുഴയിലെ SDV സെൻട്രൽ സ്കൂൾ, തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ, ഊട്ടിയിലെ ലോറൻസ് എന്നിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ എസ് ഡി കോളേജിൽ ചേർന്ന് ബി.കോം ബിരുദം കരസ്ഥമാക്കി. ആദ്യ സിനിമയായ “കൈ എത്തും ദൂരത്ത് ”നു ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത് അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദത്തിനു ചേർന്നെങ്കിലും അത് പകുതി വഴിക്ക് ഉപേക്ഷിച്ച് പല ആക്റ്റിംഗ് വർക്‌ഷോപ്പുകളിലും മറ്റും പങ്കെടുത്ത ശേഷം തിരികെ നാട്ടിലെത്തി. 

ആദ്യ സിനിമയിലെ പരാജയം ഫഹദിന്റെ സിനിമാജീവിതത്തിന് അന്ത്യമാകമെന്ന് കരുതപ്പെട്ടെങ്കിലും ഏഴുവർഷം നീണ്ട ഇടവേളക്ക് ശേഷം 2009ൽ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട കേരള കഫെ എന്ന പത്ത് ചിത്രങ്ങളുടെ ആന്തോളജിയിലെ "മൃത്യുഞ്ജയം" എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് രണ്ടാമത് തുടക്കമിട്ടു. തുടർന്ന് ബി.ഉണ്ണിക്കൃഷ്ണന്റെ പ്രമാണിയിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. തുടർന്നെത്തിയ "കോക്ക്ടെയിലി"ലാണ് ഫഹദ് ഫാസിലെന്ന നടന്റെ അഭിനയപ്രതിഭ തെളിഞ്ഞത്. ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. അടുത്തതായി ഇറങ്ങിയ ടൂർണ്ണമെന്റെന്ന സിനിമയിലെ വേഷം ശ്രദ്ധേയമായിരുന്നെങ്കിലും സിനിമ പരാജയപ്പെട്ടു. ഫഹദിന്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് തുടർന്നെത്തിയ “ചാപ്പാ കുരിശ്” “22 ഫീമെയിൽ കോട്ടയം” ഡയമെണ്ട് നെക്ലേയ്സ് എന്ന ചിത്രങ്ങളാണ്. ഈ മൂന്ന് സിനിമകളോടെ മലയാളത്തിലെ പുതു നായക സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് വളരെ ജനപ്രിയ യുവതാരമായി മാറി. പുതുതലമുറയുടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്ബുകളുടെയും ന്യൂ ജനറേഷൻ സിനിമകളുടെയും ഇഷ്ടതാരം എന്നതും ഫഹദ് ഫാസിലിന്റെ വിശേഷണങ്ങളിലൊന്നാണ്. ഷാനു എന്ന ഓമനപ്പേരായിരുന്നു "കയ്യെത്തും ദൂരത്തിൽ" നായകനായപ്പോൾ സ്വീകരിച്ചിരുന്നത്. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഷാനു എന്ന വിളിപ്പേര് സിനിമയിൽ ഉപയോഗിച്ചില്ല. രണ്ടാം വരവിൽ ഫഹദ് ഫാസിൽ എന്ന ഔദ്യോഗിക നാമം തന്നെയാണ് തിരഞ്ഞെടുത്തത്. ഫഫ എന്ന ചുരുക്കപ്പേരിലും ഇന്റർനെറ്റിടങ്ങളിൽ ഫഹദ് ഫാസിലിനെ അറിയപ്പെടാറുണ്ട്.

സ്വാഭാവികമായ നടനവും ഡയലോഗ് ഡെലിവറിയുമാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. ആഷിഖ് അബു, സമീർ താഹിർ, ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ, മഹേഷ് നാരായണൻ തുടങ്ങിയ പുതു നിര സംവിധായകരുടെ സിനിമകളിലെ സ്ഥിരസാന്നിധ്യമായും മലയാളത്തിന്റെ ഒന്നാംനിര നായക പദവിയിലേക്ക് ഫഹദ് ഫാസിലിനു മാറാൻ കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ച് തെന്നിന്ത്യയൊട്ടാകെ പ്രശസ്തി നേടി.

2011ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഫഹദിന് 2013ലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരവും ലഭ്യമായി. 2017ലെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 2019ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകളും തുടർന്ന് ലഭ്യമായി.

പ്രശസ്ത ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.

മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്. അഹമെദ, ഫാത്തിമ എന്നിവർ ഫഹദിന്റെ സഹോദരിമാരാണ്.

ഫഹദിന്റെ ​​​​​​ഫേസ്ബുക്ക്