തകഴി ശിവശങ്കര പിള്ള

Thakazhi Shivasankara Pillai
Date of Birth: 
Wednesday, 17 April, 1912
Date of Death: 
Saturday, 10 April, 1999
കഥ: 12
സംഭാഷണം: 1

പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് ശിവശങ്കര പിള്ളയുടെ പിതൃസഹോദരൻ ആയിരുന്നു. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. തുടർന്ന് അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്കൂൾ, വൈക്കം ഹൈസ്കൂൾ, കരുവാറ്റ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ ശിവശങ്കരപ്പിള്ള കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി ജോലിയിൽ പ്രവേശിച്ചു.

പതിമൂന്നാം വയസ്സിലാണ് തകഴി ശിവശങ്കരപ്പിള്ള ആദ്യമായി കഥ എഴുതുന്നത്. തുടർന്ന് കഥകളും നോവലുകളുമായി നൂറുകണക്കിന് കൃതികൾ അദ്ധേഹം രചിച്ചു. 1934 -ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു.  ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ പ്രശസ്തനാക്കിയത്‌. തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, കയർ എന്നിവയുൾപ്പെടെ പ്രശസ്തങ്ങളായ നിരവധി നോവലുകൾ തകഴി ശിവശങ്കര പിള്ള രചിച്ചിട്ടുണ്ട്. അദ്ധേഹം എഴുതിയ "വെള്ളപ്പൊക്കത്തിൽ" മലയാളത്തിലെ എക്കാലത്തേയും മികച്ച ചെറുകഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലാണ് ആദ്യമായി സിനിമയാക്കിയത്. അദ്ധേഹം തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത രണ്ടിടങ്ങഴി 1958 -ലാണ് റിലീസായത്. തുടർന്ന് തകഴിയുടെ പത്തോളം കൃതികൾ ചലച്ചിത്ര ഭാഷ്യം കൈവരിച്ചിട്ടുണ്ട്. അവയിൽ ചെമ്മീൻഅനുഭവങ്ങൾ പാളിച്ചകൾ, എന്നീ ചിത്രങ്ങൾ ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലേ നേടിയവയായിരുന്നു. പ്രസിഡന്റിന്റെ “സുവർണ്ണകമലം”  നേടിയ ദക്ഷിണെന്ത്യയിൽ നിന്നുള്ള ആദ്യ ചിത്രമാണ് “ചെമ്മീൻ”.

ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞ്യാനപീഠം പുരസ്കാരം ലഭിച്ച തകഴി ശിവശങ്കര പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1999 ഏപ്രിൽ 10 -ന് തകഴി അന്തരിച്ചു.

തകഴി ശിവശങ്കര പിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ.