ചിത്ര

Chithra

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1965 ഫെബ്രുവരി 25ന് മാധവന്റെയും ദേവിയുടെയും മകളായി ജനിച്ചു. കൊച്ചി ഗവണ്മെന്റ് ഗേഴ്സ് സ്കൂളിലായിരുന്നു ചിത്ര ആദ്യം പഠിച്ചത്. റെയിൽവേയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന അച്ഛന് മൈലാപ്പൂരിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനാൽ പിന്നീട് ICF Higher secondary school, ചെന്നൈയിൽ ആയിരുന്നു ചിത്ര പഠിച്ചത്. ആറുവയസ്സുള്ളപ്പോൾ അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽഭിനയിച്ചുകൊണ്ടാണ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. സിനിമയിൽ തിരക്കായതോടെ പത്താംക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു. 

1983-ൽ ആട്ടക്കലാശം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായതോടെയാണ് ചിത്ര മലയാളത്തിൽ പ്രശസ്തയാകുന്നത്. ഒരു നല്ലെണ്ണയുടെ പരസ്യമോഡലായി നിന്നതിനാൽ ആ കാലത്ത് "നല്ലെണ്ണൈ ചിത്ര" എന്ന പേരിലും അറിയപ്പെട്ടിരുന്നു. തുടർന്ന് നൂറോളം മലയാളചിത്രങ്ങളിൽ ചിത്ര അഭിനയിച്ചു. പഞ്ചാഗ്നി,ഒരു വടക്കൻ വീരഗാഥ, അസ്ഥികൾ പൂക്കുന്നു,അമരം,ദേവാസുരം.. എന്നിവയിലെ ചിത്രയുടെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധനേടിയവയാണ്. തെലുങ്കു,കന്നഡ സിനിമകളിലും ചിത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, കൂടുതലും അഭിനയിച്ചത് മലയാളം, തമിഴ് സിനിമകളിലാണ്. സിനിമകൾ കൂടാതെ ചിത്ര സീരിയലുകളിലും അഭിനയിച്ചുവരുന്നു.

1990-ൽ ആയിരുന്നു ചിത്രയുടെ വിവാഹം. ഭർത്താവ് വിജയരാഘവൻ. ഒരു മകൾ മഹാലക്ഷ്മി.

2021 ഓഗസ്റ്റ് 21ന് അന്തരിച്ചു