കണ്ണൂർ ശ്രീലത

Kannur Sreelatha

കണ്ണൂരിൽ രാജാ തീയേറ്റേഴ്സ് നടത്തിയിരുന്ന നാടക രചയിതാവും സംവിധായകനുമായ രാജന്റെ മൂത്ത മകൾ. വീട്ടിലെ ദാരിദ്യം പതിമൂന്നാം വയസ്സിൽ തന്നെ ശ്രീലതയെ നാടക രംഗത്തെ എത്തിച്ചു. കണ്ണൂര്‍ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ ഏഴാംക്ലാസിൽ പഠിക്കുന്ന അവസരത്തിലാണ് അലവില്‍ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. ആ കാലത്ത് വിദ്യാഭ്യാസവും നാടകാഭിനയവും ഒരുമിച്ചു കൊണ്ടുപോയി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ കെ.ടി.മുഹമ്മദിന്റെ നാടകട്രൂപ്പിൽ ചേരുന്നത്. അതിനു ശേഷമാണ് പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമാകുന്നത്. സംഗമം തിയറ്റേഴ്‌സിന്റെ 'നന്ദി വീണ്ടും വരിക' എന്ന നാടകത്തിലൂടെ മികച്ച നടിക്കുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ അവരെ തേടിയെത്തി.

ബാലചന്ദ്രമേനോന്റെ 'പ്രശ്‌നം ഗുരുതരം' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ കണ്ണൂരില്‍ നടക്കുന്ന അവസരത്തിൽ, പത്രത്തിൽ ഫോട്ടോ കണ്ട് ബാലചന്ദ്രമേനോനാണ് സിനിമയിൽ ശ്രീലതയ്ക്ക് ആദ്യം അവസരം നൽകുന്നത്. ആ ചിത്രത്തിൽ ഒരു രംഗത്തിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും തുടർന്നു കാണാമറയത്ത്‌, അപ്പുണ്ണി, വീണ്ടും ചലിക്കുന്ന ചക്രം, ചേക്കേറാനൊരു ചില്ല, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തി. കുടുംബസുഹൃത്തായിരുന്ന വിനോദിനെ വിവാഹം കഴിച്ചു, ഇടക്ക് അച്ഛന്റെ ആരോഗ്യനില വഷളായതോടെ പൂർണ്ണമായും അഭിനയ രംഗത്ത് നിന്നും മാറി നിന്നു. ആ സമയം ആകാശവാണിയുടെ കണ്ണൂർ നിലയത്തിൽ 'എഴുത്തുപെട്ടി' എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. പത്തു വർഷത്തെ ഇടവേളക്ക് ശേഷം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കാർത്തിക എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് തിരികെയെത്തി. തുടർന്ന് മൂന്നു വർഷക്കാലം ദൂരദർശനിലെ സീരിയലുകളിലെ സജീവ സാന്നിധ്യമായി മാറി. തുടർന്നു സ്വകാര്യ ചാനലുകളുടെയും മെഗാ സീരിയലുകളുടേയും വരവോടെ നിരവധി സീരിയലുകളിൽ ശ്രീലത അഭിനയിച്ചു. ആ കാലഘട്ടത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ സിനിമയിലും അഭിനയിച്ചു. 2011 ലുണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്ത് നിന്നും വീണ്ടും മാറി നിന്നു. നൂറാ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ വീണ്ടുമവർ അഭിനയ രംഗത്ത് തിരികെയെത്തി.

ഭർത്താവ്: വിനോദ്.

അവലംബം: മംഗളത്തിൽ വന്ന കണ്ണൂർ ശ്രീലതയുമായുള്ള അഭിമുഖം

ഫോട്ടോ: നൗഷാദ് കണ്ണൂർ