രോഹിണി

Rohini

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1969 ഡിസംബറിൽ ആന്ധ്രാപ്രദേശിൽ ജനിച്ചു. അച്ഛൻ റാവുനായിഡു പഞ്ചായത്ത് ഓഫീസറായിരുന്നു. അമ്മ സരസ്വതി. ഒരു സിനിമാ നടനാകുവാൻ വളരെ ആഗ്രഹിച്ചിരുന്ന അച്ഛൻ റാവു നായിഡുവിന് അതിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹം തന്റെ ആഗ്രഹം മകളിലൂടെ സാധിയ്ക്കുന്നതിനുവേണ്ടി അവരെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. രോഹിണിയുടെ അഞ്ചാംവയസ്സിൽ അമ്മ മരിച്ചിരുന്നു. 1976-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിനയം തുടങ്ങുന്നത്.  ഹാരതി എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ ആറാമത്തെവയസ്സിൽ രോഹിണി യശോദ കൃഷ്ണ എന്ന തെലുങ്കു ചിത്രത്തിൽ ശ്രീകൃഷ്ണനായി അഭിനയിച്ചു. 

 1982-ൽ കക്ക എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മലയാളത്തിൽ തുടക്കം കുറിയ്ക്കുന്നത്, ആ വർഷം തന്നെ ധീര എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ചു. എൺപതുകളിൽ മലയാളത്തിലെ മുൻ നിര നായികമാരിലൊരാളായി രോഹിണി മാറി. റഹ്മാന്റെ ജോടിയായി രോഹിണി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റഹ്മാനും രോഹിണിയും പ്രേക്ഷകരുടെ പ്രിയജോടികളായിരുന്നു. 1982- ൽ  പാർവ്വയിൻ മറുപക്കം  എന്ന സിനിമയിലൂടെയാണ് രോഹിണി തമിഴിലെത്തുന്നത്, തമിഴിലും ധാരാളം ചിത്രങ്ങളിൽ നായികയായി. വിവിധഭാഷകളിലായി 250‌-ഓളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ഹിറോ ബിജു, ഗപ്പി, ബാഹുബലി 2 എന്നീ ചിത്രങ്ങളിൽ രോഹിണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2007- ൽ  പച്ചൈക്കിളി മുത്തുച്ചരം  എന്ന തമിഴ് ചിത്രത്തിൽ ഒരു ഗാനമെഴുതിക്കൊണ്ട് ഗാനരചന തുടങ്ങിയ രോഹിണി അഞ്ചോളം തമിഴ് സിനിമകളിൽ പാട്ടുകൾ എഴുതി.   അപ്പാവിൻ മീശൈ, സൈലന്റ് ഹ്യൂസ് ( ഡോക്യൂമെന്ററി ഫിലിം) എന്നീ ചിത്രങ്ങൾ രോഹിണി സംവിധാനം ചെയ്തിട്ടുണ്ട്. അപ്പാവിൻ മീശൈ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്തതും രോഹിണിയായിരുന്നു.

ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയാണ് രോഹിണി. നിരവധി ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾക്ക് അവർ ശബ്ദം പകർന്നിട്ടുണ്ട്. 1989- ൽ ഗീതാഞ്ജലി എന്ന സിനിമയിലെ നായികയായ ഗിരിജ ഷെട്ടാറിന് ശബ്ദം പകർന്നുകൊണ്ടാണ് രോഹിണി ഡബ്ബിംഗ് തുടങ്ങുന്നത്. ജെന്റിൽമാനിൽ മധുബാല, ബോബെ, ഇൻഡ്യൻ- എന്നീ ചിത്രങ്ങളിൽ മനീഷ കൊയ്രാള, ഇരുവർ, രാവണൻ എന്നീ ചിത്രങ്ങളിൽ ഐശ്വര്യ റായ്,  ദി ലയൺ കിംഗ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ  ശരബി  എന്ന കഥാപാത്രം. ഇവയെല്ലാം രോഹിണി ശബ്ദംകൊടുത്തവയിൽ എടുത്തുപറയേണ്ടവയാണ്. സിനിമകൾ കൂടാതെ തമിഴ് സീരിയലുകളിലും രോഹിണി അഭിനയിയ്ക്കുന്നുണ്ട്.

പ്രശസ്ത നടൻ രഘുവരനെയാണ് രോഹിണി വിവാഹം ചെയ്തത്. ഒരു മകനുണ്ടായതിനുശേഷം അവർ വേർപിരിഞ്ഞു. രോഹിണിയുടെ മകന്റെ പേര് ഋഷി.