വിജയകുമാർ

Vijayakumar

മലയാള ചലച്ചിത്ര നടൻ. 1968-ൽ ഹെൻറിയുടെയും ഡോറയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. വിജയകുമാറിന്റെ അച്ഛൻ സിനിമാ നിർമ്മാതാവായിരുന്നു. വട്ടപ്പാറ സെന്റ് മേരീസ് സ്കൂളിലും, തിരുവനന്തപുരം എം ജി കോളേജിലുമായിരുന്നു വിജയകുമാറിന്റെ വിദ്യാഭ്യാസം. 1987-ൽ ജംഗിൾ ബോയ് എന്ന സിനിമയിലാണ് വിജയകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് 1990-ൽ മോഹൻലാൽ നായകനായ ഇന്ദ്രജാലം എന്ന സിനിമയിലും അഭിനയിച്ചു. 1992-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ തലസ്ഥാനം എന്ന സിനിമയിലെ വേഷത്തിലൂടെയാണ് വിജയകുമാർ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ സപ്പോർട്ടിംഗ് ആക്ടറാായും,വില്ലനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. കുലപതി,ശംഭു... തുടങ്ങിയ ചില ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയം കൂടാതെ വിജയകുമാർ സിനിമാ എഡിറ്റിംഗ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് സിനിമകൾക്ക് അദ്ദേഹം എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്. വിജയകുമാർ വിവാഹം ചെയ്തത് ബിനുവിനെയാണ്. അവർക്ക് രണ്ട് മക്കളാണുള്ളത്. അർത്ഥന, എൽസ. വിജയകുമാറും ബിനുവും ഇപ്പോൾ വിവാഹമോചിതരാണ്. മകൾ അർത്ഥന മുത്തുഗൗ എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചു.