രാജീവ് കോടമ്പള്ളി

Rajeev Kodampally
Rajeev Kodampalli-Singer
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 5

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ കോടമ്പള്ളിൽ എന്ന സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ശാസ്ത്രീയ സംഗീതജ്ഞൻ അനശ്വരനായ കോടമ്പള്ളി ഗോപാലപിള്ളയുടെ പുത്രൻ പ്രശസ്ത ഗായകൻ ശ്രീ .കോടമ്പള്ളി ഗോപിയുടെയും, സംഗീത അധ്യാപികയും ഗായികയുമായ ഗാനഭൂഷണം ജഗദമ്മയുടെയും  ഏകമകനായി ജനിച്ചു.

ലാൽ ജോസ്-ബിജിബാൽ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റായി മാറിയ "അറബിക്കഥയിലെ താനേ പാടും വീണേ" എന്ന ഗാനത്തിലൂടെ സിനിമാ സംഗീതത്തിലേക്ക് പ്രവേശിച്ച രാജീവ് , K .P .A C  യുടെ ഗാനമേള സംഘത്തിലെ പ്രധാനഗായകനായിരുന്നു.ഗൾഫിലെ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായ രാജീവ് കോടമ്പള്ളി  കേരള സംഗീത നാടക അക്കാദമിയുടെ  മികച്ച ഗായകനുള്ള പുരസ്കാരം നേടിയ ഏക പ്രവാസി ഗായകനാണ് .

ഗൾഫിലെ മികച്ച മലയാളം റേഡിയോ സ്റ്റേഷൻ ആയ ഏഷ്യാനെറ്റ് റേഡിയോയുടെ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജീവിന് നാനാ അവാർഡ് , വി.ടി .അരവിന്ദാക്ഷ മേനോൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ഗൾഫ് റേഡിയോ രംഗത്തെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യാവിഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംഗീത രംഗത്ത് മാത്രമല്ല നിരവധി റേഡിയോ നാടകങ്ങൾക്ക് അവിസ്മരണീയമായ ശബ്ദം കൊടുത്ത മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് രാജീവ്. 

"ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെ"ങ്കിൽ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ  അനശ്വര ഗാന രചയിതാവ്  എ.പി.ഗോപാലന്റെ ജ്യേഷ്ഠപുത്രി സീമയാണ് രാജീവിന്റെ ഭാര്യ . ശ്രീലക്ഷ്മി കോടമ്പള്ളി, സായി രാജ് കോടമ്പള്ളി എന്നിവർ മക്കളാണ്.

ശാസ്ത്രീയ സംഗീതത്തിലും സിനിമാ സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച ശ്രീരഞ്ജിനി കോടമ്പള്ളി, പ്രശസ്ത വയലിനിസ്റ്റ് കോടമ്പള്ളി ഗോപകുമാർ, 32 മണിക്കൂർ തുടർച്ചയായി വയലിൻ വാദനം നടത്തി ഗിന്നസ്  റെക്കോർഡ് നേടിയ ലോക പ്രശസ്ത വയലിനിസ്റ്റ് ആതിര കോടമ്പള്ളി എന്നിവർ സഹോദരങ്ങളാണ്.