വി ദക്ഷിണാമൂർത്തി

V Dakshinamoorthy
V Dakshinamoorthy
Date of Death: 
Friday, 2 August, 2013
സംഗീതം നല്കിയ ഗാനങ്ങൾ: 984
ആലപിച്ച ഗാനങ്ങൾ: 30

1950കളുടെ തുടക്കത്തില്‍ രംഗത്ത് വന്നു, അന്ന് നിലനിന്നിരുന്നപോലെ ഹിന്ദി ഈണങ്ങള്‍ക്ക് വരികള്‍ എഴുതി മലയാളം പാട്ടുകള്‍ ആയി സിനിമയില്‍ ചേര്‍ത്തിരുന്ന രീതിയ്ക്ക് വിഭിന്നമായി മൗലികമായ ഈണങ്ങള്‍ ഒരുക്കി മലയാള ചലച്ചിത്ര ഗാനങ്ങള്‍ക്ക് സ്വന്തമായി ഒരു അസ്ഥിത്വം നല്‍കിയ നാല് സംഗീത സംവിധായകരില്‍ ഒരാളാണ്. കര്‍ണ്ണാടക സംഗീതത്തിന്‍റെ രാഗസഞ്ചാരങ്ങളെ എങ്ങനെ ലളിതഗാനങ്ങള്‍ക്ക് ഇണങ്ങുംവിധം ലാളിത്യത്തോടെ പ്രയോഗിച്ചു എങ്ങനെ ജനപ്രിയമാക്കാം എന്നാണു സ്വാമി തന്‍റെ ഗാനങ്ങളിലൂടെ നമുക്ക് കാണിച്ചു തന്നത്.

1919ൽ ആലപ്പുഴയിൽ ഡി വെങ്കിടേശ്വര അയ്യരുടേയും പാർവതി അമ്മാളുടേയും പുത്രനായി ജനിച്ചു. ബാല്യത്തിൽത്തന്നെ അമ്മയിൽ നിന്നും ത്യാഗരാജ കീർത്തനങ്ങൾ ഹൃദിസ്ഥമാക്കി. എസ് എസ് എൽ സി ക്കു ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയിൽ നിന്നും മുറപ്രകാരം സംഗീതം അഭ്യസിച്ചു. പിന്നീട് സംഗീതാധ്യാപകന്‍ ആയി ദീര്‍ഘകാലം വൈക്കത്ത് താമസമാക്കി. ഇതിനിടെ പിതാവിന് ജോലിയില്‍ സ്ഥലംമാറ്റം കിട്ടിയതിനെ തുടര്‍ന്ന് കുടുംബം മദിരാശിയിലേക്ക് താമസം മാറ്റിയിരുന്നു എങ്കിലും പിന്നെയും കുറെനാള്‍ വൈക്കത്ത് തുടര്‍ന്ന അദ്ദേഹം ഒടുവില്‍ മാതാപിതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി മദിരാശിയിലേക്ക് എത്തി. 1943ല്‍ മനോരമ എന്നൊരു സിനിമയ്ക്ക് പാട്ടുകള്‍ ഒരുക്കാന്‍ അവസരം കിട്ടി എങ്കിലും പടം പൂര്‍ത്തിയായില്ല. സംഗീതധ്യാപനത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹത്തിന്‍റെ കീഴില്‍  പ്രശസ്തഗായകരായ കവിയൂർ രേവമ്മ, പി ലീല, എല്‍ സി വസന്തകോകില, അമ്പിളി, ശ്രീലത, കല്യാണി മേനോൻ, ഈശ്വരി പണിക്കർ എന്നിവർ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

1950ൽ  കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ‘നല്ല തങ്ക’ യിലൂടെയാണ് സിനിമാരംഗത്തെത്തിയത്.  “ശംഭോ ഞാൻ കാണ്മതെന്താണിദം അടയുകയോ ഓമൽക്കവാടങ്ങളിദം” എന്നാരംഭിയ്ക്കുന്ന വിരുത്തമാണ് സിനിമയ്ക്കു വേണ്ടി ആദ്യം ചിട്ടപ്പെടുത്തിയത്. ആകെ 14 പാട്ടുകൾ ഉണ്ടായിരുന്ന നല്ലതങ്കയിലെ നാലു പാട്ടുകൾ മാത്രമേ ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയുള്ളു. അഭയദേവായിരുന്നു ഗാനരചന.  മറ്റുള്ളവയ്ക്ക് എ. രാമറാവുവാണ് സംഗീതം നൽകിയത്. “അമ്മതൻ പ്രേമസൌഭാഗ്യത്തിടമ്പേ “ (പി ലീല) സോദരബന്ധം (അഗസ്റ്റിൻ ജോസഫ്) പതിയേ ദൈവം ദൈവമേ പതിയേ (പി ലീല) ഇവയൊക്കെ യായിരുന്നു ആ പാട്ടുകൾ. ആദ്യകാലത്ത്  ഹിന്ദി സിനിമാ ഗാനങ്ങളെ അദ്ദേഹം അനുകരിച്ചു എങ്കിലും സ്വന്തം വഴി കണ്ടെത്താൻ താമസമുണ്ടായില്ല. ചന്ദ്രിക, ജീവിതനൌക, നവലോകം, അമ്മ, ആശാദീപം, സ്നേഹസീമ, കിടപ്പാടം എന്നെ സിനിമകളിലെ പാട്ടുകൾ ഒരു പുതിയ വഴി വെട്ടിത്തുറന്നതിന്റെ ലക്ഷണങ്ങൾ ആയിരുന്നു. ജീവിതനൌകയിലെ “ആനത്തലയോളം വെണ്ണ തരാമെടാ” ഒരു നാടൻ പാട്ടിൽ നിന്നും ഉയിർക്കൊണ്ടതായിരുന്നതിനാൽ മലയാളികൾക്ക് അത്യന്തം ഹൃദ്യമായി അനുഭവപ്പെട്ടു.

1950കളുടെ അവസാനത്തോടെ ദേവരാജന്‍, ബാബുരാജ്, കെ രാഘവന്‍ എന്നിവരുടെ കൂടെ മലയാള സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായ ഒരു ശൈലി ഉണ്ടാക്കി നല്‍കിയിരുന്നു ദക്ഷിണാമൂര്‍ത്തി. അറുപതുകളുടെ രണ്ടാംപാദം മുതല്‍ ഗാനരചിതാവായ ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്ന് ഏറ്റവും ജനപ്രിയമായ കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. ഒന്നിന് പുറകെ ഒന്നായി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആണ് പുറത്തു വന്നത്. യേശുദാസ്, ജയചന്ദ്രന്‍, പി ലീല, എസ് ജാനകി, പി സുശീല എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ ഭൂരിഭാഗം ഗാനങ്ങളും പാടിയത്. പി സുശീലയെ മലയാളത്തില്‍ അവതരിപ്പിച്ചതും അദ്ദേഹം ആയിരുന്നു. 140-ൽപ്പരം ചിത്രങ്ങളിൽ നിന്നും ആയിരത്തോളം  ഗാനങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിന്റെ അവസാന സിനിമ 2014 ൽ ഇറങ്ങിയ വസന്തത്തിന്റെ കനൽവഴികളിൽ ആണ്. ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ശ്യാമരാഗം എന്ന ചിത്രം പുറത്തിങ്ങാനുണ്ട്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനു പാട്ടു ചൊല്ലിക്കൊടുത്ത ദക്ഷിണാമൂർത്തി ഇടനാഴിയിൽ ഒരു കാലൊച്ചയിൽ യേശുദാസിന്റെ മകന്‍ വിജയ്‌, ശ്യാമരാഗത്തില്‍ വിജയിയുടെ മകള്‍ അമേയ എന്നിവര്‍ക്കും സ്വന്തം സംഗീതത്തില്‍ പാടികൊടുക്കുക വഴി നാല് തലമുറയെ കൊണ്ട് പാടിക്കാന്‍ കഴിഞ്ഞു എന്ന അപൂര്‍വതയും നേടി. 1990ൽ ഓങ്കാർ ഫിലിംസിന്റെ “ വീണ്ടും ഒരു ഗീതം” എന്ന ചിത്രത്തിനു സംഗീതം നൽകിയെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.  ഇതിലെ ഒരു ഗാനം അദ്ദേഹം എഴുതിയതായിരുന്നു.

ആശാദീപം, കാവ്യമേള, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ അതിഥിതാരമായെത്തി ഇദ്ദേഹം. ദേവാലയം എന്ന ചിത്രത്തിലെ ‘നാഗരാദി എണ്ണയുണ്ട്’ എന്ന ഹാസ്യഗാനം സ്വയം ആലപിച്ചതാണ്.  ഉമ്മിണിത്തങ്കയിലെ “ജയജഗദീശഹരേ’ (എസ് ജാനകി) ദക്ഷിണാമൂർത്തി  തന്നെ രചിച്ചതാണ്. 1980ൽ ചോറ്റാനിക്കര അമ്മയെക്കുറിച്ച് ഒരു ഭക്തിഗാനമാലിക സ്വയം എഴുതി സംഗീതം നൽകി എൽ പിറെക്കോർഡ് ആയി പുറത്തിരങ്ങിയിട്ടുണ്ട്. ശിഷ്യ കല്യാണി മേനോനാണ് ആലാപനം. 1992 ൽ തമിഴിൽ ഒരു അയ്യപ്പഭക്തിഗാന കസ്സെറ്റ് ഇറക്കിയിരുന്നു അദ്ദേഹം. എം ജി ശ്രീകുമാറാണ് പാടിയത്.  1968ൽ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ അയ്യപ്പഭക്തിഗാന കസ്സെറ്റും  ദക്ഷിണാമൂർത്തിയുടേതാണ്. കലാനിലയത്തിന്റെ മിക്ക നാടകങ്ങളുടേയും സംഗീതം നിർവ്വഹിച്ച് ഇദ്ദേഹം 15 കൊല്ലം ആ സപര്യ തുടർന്നിട്ടുണ്ട്. വിവിധ ആരാധനമൂർത്തികളെ പ്രകീർത്തിയ്ക്കുന്ന “ആത്മദീപം” എന്നൊരു പുസ്തകത്തിന്റെ രചയിതാവുമാണ് ദക്ഷിണാമൂർത്തി.

പുതുഗായികമാരെ ധാരാളം പരിചയപ്പെടുത്തിയിട്ടുണ്ട് ദക്ഷിണാമൂർത്തി. പി ലീല, കവിയൂർ രേവമ്മ, വസന്തകോകിലം, കല്യാണി മേനോൻ, ശ്രീലത (ഹാസ്യനടി), ഈശ്വരി പണിക്കർ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യകളായിരുന്നു. യേശുദാസ് പാടി ആദ്യം ജനങ്ങൾ കേട്ട പാട്ട്  (വേലുത്തമ്പി ദളവ യിലെ “പുഷ്പാഞ്ജലികൾ..” എന്ന പാട്ട്. 1962 ഫെബ്രുവരി 23 നു റിലീസ് ആയി) ദക്ഷിണാമൂർത്തിയുടേതായിരുന്നു. കാൽ‌പ്പാടുകൾ യേശുദാസിന്റെ ആദ്യ സിനിമ ആയിരുന്നെങ്കിലും വേലുത്തമ്പി ദളവയാണ് ആദ്യം റിലീസ് ആയത്.

1992ൽ സംസ്ഥാന ഫിലിം അവാർഡ് ജൂറിമെമ്പർ ആയിരുന്നിട്ടുണ്ട്.

ബഹുമതികൾ:

സംസ്ഥാന അവാർഡ് 1971 –വിലയ്ക്കു വാ‍ാങ്ങിയ വീണ, മറുനാട്ടിൽ ഒരു മലയാളി, മുത്തശ്ശി.
മദ്രാസ് ഫിലിം ഫാൻസ് അസ്സൊസിയേഷൻ അവാർഡ്- 1968, 1974, 1979.
കേരളാ ഫിലിം ക്രിറ്റിക്സ് അസ്സൊസിയേഷൻ-ചലച്ചിത്ര പ്രതിഭ- 1987
ജെ. സി ഡാനിയൽ അവാർഡ്- 1998
കമുകറ അവാർഡ്- ആദ്യത്തേത്.
കേരള സംഗീത നാടക അക്കാഡമി അവാർഡ്.

92-ആം വയസ്സിലും ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി തന്റെ സാന്നിദ്ധ്യമറിയിച്ച ശ്രീ വി. ദക്ഷിണാമൂർത്തി 94 ആം വയസ്സിൽ 2013 ആഗസ്ത് മാസം 2 ആം തീയതി വൈകിട്ട് 6.30 നു മൈലാപ്പൂർ ഉള്ള സ്വവസതിയിൽ വച്ച് ഈ ലോകത്തോടു വിടപറഞ്ഞു. ഭാര്യ- കല്യാണി ഒരു മകനും രണ്ട് പെൺ‌മക്കളും. 2019ല്‍ ശ്യാമരാഗം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം മരണാന്തര ആദരമായി സമര്‍പ്പിക്കപെട്ടു.