പന്തളം ബാലൻ

Panthalam Balan
ടി.ബാലൻ
ആലപിച്ച ഗാനങ്ങൾ: 13

ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാള്‍ ഗാനമേളകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനംകവര്‍ന്ന ഗായകനാണ് പന്തളം ബാലന്‍. 30 വര്‍ഷമായി ഗാനമേള സജീവമായ അദ്ദേഹം, ഇന്ന് 8000ലധികം വേദികൾ പിന്നിട്ടിരിക്കുന്നു. ഒരു പക്ഷേ ഇടവ ബഷീർ, മാർക്കോസ് എന്നിവർക്ക് ശേഷം, കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനമേള നടത്തിയ വ്യക്തി പന്തളം ബാലനാണ്.

ചെറുപ്പകാലത്ത് നന്നായി പാടുമായിരുന്ന ബാലനെ, അച്ഛനമ്മമാർ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സമീപവാസിയായിരുന്ന ശ്രീ പന്തളം സുരേന്ദ്രനായിരുന്നു ആദ്യ കാലങ്ങളിൽ അദ്ദേഹത്തെ പാട്ട് പഠിപ്പിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ സഭാകമ്പം മൂലം പല മത്സരവേദികളിലും പാട്ടുകൾ പൂർണ്ണമായി പാടുവാനാവാതെ ഇറങ്ങി പോന്നിട്ടുണ്ട് ബാലൻ. പിന്നീട് താൻ പഠിച്ചിരുന്ന സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധ വേദികളിൽ പാടുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. ബാലൻ ശ്രാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് തിരുവനന്തപുരം സംഗീത കോളേജിൽ ചേർന്ന ശേഷമായിരുന്നു. വെണ്മണി സുകുമാരൻ, അദ്ദേഹമായിരുന്നു ബാലന്റെ ഗുരു.  അച്ഛനമ്മമാരുടെ നിർബന്ധത്തിനു വഴങ്ങി സംഗീതഭ്യസനം തുടങ്ങിയ ബാലൻ, സംഗീത കോളേജിൽ എത്തിയ ശേഷമാണ് സംഗീതത്തെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത്. ആ കാലത്ത് തന്നെ  ഗാനമേളകളിൽ സജീവമായ ബാലൻ, യേശുദാസിന്റെ ഗാനങ്ങളാണ് കൂടുതൽ പാടിയിരുന്നത്. ആദ്യം പാടുന്നത് സിതാര എന്ന ട്രൂപ്പിലായിരുന്നു. 

ഗാനമേളകളിൽ സജീവമായതോടെ പന്തളം ബാലന്റെ ശബ്ദം ശ്രദ്ധിക്കപ്പെട്ടു. അതിനിടയിൽ ദേവരാജൻ മാഷിന്റെ ഒരു ഗാനമേളയിൽ, കോറസ് പാടാൻ പോയ ബാലനെ അദ്ദേഹം ശ്രദ്ധിക്കുകയും, ബാലനെ അദ്ദേഹത്തിന്റെ ലീഡ് കോറസ് ഗായകനാക്കുകയും ചെയ്തു. ദേവരാജൻ മാഷാണ് ആദ്യം സിനിമയിൽ പാടാൻ ബാലന് അവസരം നൽകിയത്.  മാഷ്‌ തന്നെയാണ് ടി.ബാലൻ എന്ന പേരു മാറ്റി പന്തളം ബാലൻ എന്നാക്കിയതും. പിരപ്പൻകോട് മുരളിയുടെ വരികൾക്ക് മാഷ്‌ സംഗീതം നൽകിയ രണ്ടു പാട്ടുകളാണ് ആദ്യം ബാലൻ പാടിയത്. 1989ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘സഖാവ് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന ചിത്രമായിരുന്നു അത്. ഒന്ന് സോളോയും മറ്റൊന്ന് മാധുരിയമ്മയോടൊപ്പമുള്ള ഡ്യുയറ്റുമായിരുന്നു. എന്നാല്‍ ആ ചിത്രം റിലീസ് ചെയ്തില്ല. പക്ഷേ നിരാശനാകാതിരുന്ന ബാലൻ പിന്നീട് നിരവധി നാടകഗാനങ്ങളും, ഉത്സവ ഗാനങ്ങളും, ഭക്തിഗാനങ്ങളുമെല്ലാം പാടി. അതിനു മുന്നേ ദേവരാജൻ മാഷിന്റെ കൂടെ നിന്ന സമയത്ത് നിരവധി നാടകഗാനങ്ങള്‍, ഡോക്യുമെന്‍്ററി ഗാനങ്ങള്‍ എന്നിവയും പാടാന്‍ അവസരം ലഭിച്ചു. രഞ്ജിനി കാസറ്റ്സിനു വേണ്ടി നിരവധി ഗാനങ്ങൾ പാടിയ പന്തളം ബാലൻ, പക്ഷേ അറിയപ്പെട്ടത് ഗായകൻ ബാലചന്ദ്രൻ എന്ന പേരിൽ ആയിരുന്നു. പന്തളം ബാലൻ എന്ന പേരിന് പുതുമ ഇല്ല എന്ന കാരണത്താൽ സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസുമാരാണ് ആ പുനർനാമകരണം നടത്തിയത്. മറ്റു ഗാനമേള ട്രൂപ്പുകളിൽ പാടുവാനുള്ള അവസരങ്ങളുടെ കുറവും, മറ്റു ചില തിക്താനുഭവങ്ങളും സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങാൻ ബാലനെ പ്രേരിപ്പിച്ചു. ഇരുപതാമത്തെ വയസിലാണ് സ്വന്തമായി ട്രൂപ്പ് ആരംഭിക്കുന്നത്, പന്തളം ബാലന്‍ നയിക്കുന്ന ഗാനമേള എന്ന പേരില്‍. 

ദേവരാജൻ മാഷിനു ശേഷം, മഴമുകിൽ പോലെ എന്ന ചിത്രത്തിൽ നൂറനാട് കൃഷ്ണൻകുട്ടിയാണ് പന്തളം ബാലന് പിന്നീട് അവസരം നൽകിയത്. രണ്ടു പാട്ടുകൾ ആ ചിത്രത്തിനായി അദ്ദേഹം പാടി. പിന്നീട് ഒരു വലിയ ഇടവേളക്കു ശേഷം പകൽപ്പൂരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പാടി, എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രത്തിലെ ഇല്ലൊരു മലർചില്ല എന്ന ഗാനവും പന്തളം ബാലൻ പാടിയിട്ടുണ്ട്. രണ്ടു ചിത്രങ്ങൾക്കും രവീന്ദ്രൻ മാഷായിരുന്നു സംഗീതം. ചേരി, കൃഷ്ണയക്ഷി തുടങ്ങിയ 10ഓളം ചിത്രങ്ങളില്‍ പാടി. ഒരു കാലത്ത് ഉത്സവ പറമ്പുകളുടെ ഹരമായിരുന്ന ബാലൻ, 2003 നു ശേഷം, അമേരിക്കയിലേക്ക് പോയി അവിടെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിയും അവധി ദിനങ്ങളിൽ സംഗീതവുമായി കഴിഞ്ഞു. പിന്നീട് 2011 ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇപ്പോൾ വീണ്ടും അദ്ദേഹം ഗാനമേളകളിലും വിവിധ കലാപരിപാടികളിലും സജീവമാണ്. പന്തള രാജകുമാരന്‍ എന്ന അയ്യപ്പ ഭക്തിഗാനകാസറ്റിനും വഴയില ദേവിക്ഷേത്രത്തിനുവേണ്ടി മറ്റൊരുഭക്തിഗാന കാസറ്റിനും സംഗീതസംവിധാനവും നിർവഹിച്ചു. ഒപ്പം സംഗീത അധ്യാപനവും നടത്തുന്നു.

ഭാര്യ ലക്ഷ്മി, രണ്ടു മക്കൾ. മുൻ മന്ത്രിയും ഗാനരചയിതാവുമായ  പന്തളം സുധാകരൻ കസിനാണ്.

അവലംബം: അമൃതാ ടിവിയുടെ ഇന്നലെയുടെ താരം എന്ന പ്രോഗ്രാം. പന്തളം ബാലനുമായി മാധ്യമം വാരിക നടത്തിയ അഭിമുഖം. കൈരളി ടി വി യിലെ മനസ്സിലൊരു മഴവില്ല് എന്ന പ്രോഗ്രാം.