മനീഷ കെ എസ്

Maneesha K S

മലയാള ചലച്ചിത്ര നടി, ഗായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്.

       ക്രിസ്തീയ ഭക്തി ഗാനം ആണെങ്കിലും " ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ " എന്ന ഗാനം മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഈ ഗാനം പാടിയത് ആരെന്ന അന്വേഷണം എത്തിച്ചേരുക മനീഷ എന്ന ഗായികയിൽ ആണ്.

       തൃശ്ശൂർ ജില്ലയിലെ പേരാമ്പ്രയിൽ ജനിച്ച മനീഷയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം സെന്റർ ഓഫ് കോൺവെന്റില്‍ ആയിരുന്നു. മാതാപിതാക്കളുടെ ജോലി സംബന്ധമായ സ്ഥലം മാറ്റങ്ങൾ കാരണം പല സ്ക്കൂളുകളിലായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. സ്ക്കൂൾ പഠനകാലത്ത് കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട് എന്നിവകളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. പെരുമ്പാവൂർ മാർത്തോമ്മ കോളേജില്‍ പ്രീഡിഗ്രിയും തൃശ്ശൂര്‍ വിമല കോളേജില്‍ ഡിഗ്രിയും ചെയ്തു. 

     സംഗീതത്തിൽ മനീഷയുടെ ആദ്യ ഗുരു പെരുമ്പാവൂരിലുള്ള ഗോപാലകൃഷ്ണ ആചാരി ആയിരുന്നു. അതിനുശേഷം തൃശ്ശൂരിലുള്ള വാമനൻ നമ്പുതിരി, തിരുവനന്തപുരത്തുള്ള വിശ്വനാഥൻ എന്നീ സംഗീതജ്ഞരുടെ കീഴിലും അഭ്യസിച്ചു. പ്രശസ്ത വീണാവിദ്വാൻ അനന്തപത്മനാഭന്റെ കീഴിൽ വീണ പഠിച്ചിട്ടുള്ള മനീഷ ഇപ്പോൾ  അറയ്ക്കൽ നന്ദകുമാർ എന്ന സംഗീതാദ്ധ്യാപകന്റെ കീഴിൽ തന്റെ സംഗീത പഠനം തുടരുന്നു. 

     മൂവാറ്റുപുഴയിലുള്ള എയ്ഞ്ചൽ വോയ്സ് എന്ന ഓർക്കസ്ട്രയുടെ കൂടെയാണ് മനീഷ പ്രൊഫഷണലായി പാടി തുടങ്ങുന്നത്. പിന്നീട് കേരളത്തിലെ ഒട്ടുമിക്ക ഓർക്കസ്ട്രകളുടെ കൂടെയും സഹകരിച്ചു. യേശുദാസ്, ജയചന്ദ്രൻ, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങി അറിയപ്പെടുന്ന മിക്ക  ഗായകരുടെയും കൂടെ ഗാനമേളകളിൽ പാടിയിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, കാണാകണ്മണി, പുള്ളിമാൻ തുടങ്ങി മുപ്പതോളം സിനിമകളിലും  ഭക്തി ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നിവയിലുമൊക്കെയായി നാലായിരത്തോളം ഗാനങ്ങൾ മനീഷയുടേതായുണ്ട്.

      അടുത്തകാലത്തായി അഭിനേത്രി എന്ന നിലയ്ക്കാണ് മനീഷ  കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബ്ലസ്സി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ  "തന്മാത്ര"യിലൂടെ അഭിനയരംഗത്തേക്ക് വന്ന  മനീഷ, രസതന്ത്രം, എന്നും എപ്പോളും, ജനമൈത്രി തുടങ്ങി പതിനേഴോളം  ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു. മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'തട്ടീം മുട്ടീം' എന്ന ഹാസ്യ പരമ്പരയിലെ വാസവദത്ത എന്ന വേഷം മനീഷയ്ക്ക് ഒരുപാട് കയ്യടികള്‍ നേടിക്കൊടുക്കുന്നുണ്ട്.

     പന്ത്രണ്ടോളം സിനിമകളിൽ  ഡബ്ബിങ്  ചെയ്തിട്ടുണ്ട് മനീഷ. അധികവും മൊഴിമാറ്റചിത്രങ്ങൾ ആയിരുന്നു. പതിമൂന്ന് വർഷത്തോളം റേഡിയോ രംഗത്ത് പ്രവർത്തിച്ച ഇവർ, ഏഷ്യാനെറ്റ് റേഡിയോയുടെ സ്ഥാപകാംഗങ്ങളിൽ ഒരാൾ ആണ്. നിരവധി റേഡിയോ നാടകങ്ങളുടെ ഭാഗമായിട്ടുള്ള മനീഷ, ആകാശവാണിയിൽ ലളിതഗാന വിഭാഗത്തിൽ ബി ഹൈ ഗ്രേഡും നാടകം ഡബ്ബിങ് വിഭാഗത്തിൽ ബി ഗ്രേഡും ഉള്ള ആർട്ടിസ്റ്റ് ആണ്. 1991ൽ ദേശീയ തലത്തിൽ ലളിതസംഗീതത്തിൽ ആകാശവാണിയുടെ  അംഗീകാരങ്ങൾ നേടിയതോടു കൂടെ ആണ് ബി ഗ്രേഡ് ആർട്ടിസ്റ്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിന്നീട് 1993 ൽ ഇന്റർ യൂണിവേഴ്സിറ്റി ലെവലിലും  ലളിതസംഗീതത്തിന് അവാർഡ് നേടുകയുണ്ടായി. 1997 ലെ  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാർഡും മനീഷയ്ക്കായിരുന്നു.

ദുബൈയിൽ ആയിരുന്ന മനീഷ ഇപ്പോൾ നാട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്നു. മക്കളായ നീരദയും നിതിനും ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമ അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും സജീവമാണ് രണ്ടു പേരും.

മനീഷയുടെ ഫേസ്ബുക്ക് പ്രൊഫൈൽ