മലയാളം സിനിമാഗാനങ്ങളിലെ കിളി പോയ വഴികൾ

 സത്യത്തിൽ മലയാളം പാട്ടുകളിൽ ഉള്ളതുപോലെ ഇത്രയും വൈവിദ്ധ്യമുള്ള കിളികൾ (പക്ഷികൾ) വേറെ ഏതെങ്കിലും ഭാഷയിലെ പാട്ടുകളിൽ കാണാൻ കഴിയുമോയെന്ന് എനിക്കു സംശയമാണ്. കാണുന്ന വാക്കുകൾക്കെല്ലാം പിറകിൽ ഒരു കിളിയോ പക്ഷിയോ തിരുകിക്കയറ്റുന്നത് പണ്ടുമുതലേ ഒരു സ്ഥിരം പരിപാടിയായിരുന്നു. പഴയ പാട്ടെഴുത്തുകാരും ഇതിൽ നിന്നും വ്യത്യസ്തരല്ലായിരുന്നു. തുടർന്നു വന്നവരും ആ പാത പിന്തുടർന്നു തങ്ങൾക്കാകാവുന്ന കിളികളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇന്നും ഇത് യഥേഷ്ടം നടക്കുന്നു. മലയാള ഗാനങ്ങളിലെ ആ വ്യത്യസ്തങ്ങളായ കിളി വർഗ്ഗങ്ങളെ നമുക്കൊന്നു പരിചയപ്പെടാം. ഇതിൽ എന്റെ കണ്ണിൽ പെടാതെ ഏതെങ്കിലും കിളി പറന്നു പോയിട്ടുണ്ടെങ്കിൽ എറിഞ്ഞിട്ടെങ്കിലും നിങ്ങൾ ഇവിടെ കൊണ്ടുവരണേ..:)

മുകിലിൻ പൂമരക്കൊമ്പിൽ മഴവിൽപ്പക്ഷിയെ പാറിക്കുകയാണ് കൈതപ്രം ഇവിടെ. അതും മേഘമാകുന്ന പൂമരത്തിന്റെ കൊമ്പിൽ! മഴവില്ലു പാറുമോ എന്നു ചോദിക്കരുത് ആരും; പക്ഷേ പക്ഷിപാറും, അതറിഞ്ഞാൽ മതി! തന്മാത്രയിലേതാണ് വരികൾക്ക് പരസ്പരം ബന്ധമില്ലാത്ത ഈ ഗാനം. വിഷുപ്പക്ഷിയുമായെത്തുന്നത് ഓ.എൻ.വിയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ സ്ഥിരം പക്ഷിയാണ് ഈ പക്ഷി. നിശയെ നിലാവു പുണർന്നു എന്ന ഗാനത്തിന്റെ ചരണാന്ത്യത്തിൽ ‘ആരണ്യദേവിതൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു’ എന്നും കാതോടു കാതോരം എന്ന ഗാനത്തിൽ ‘തേഞ്ചോരുമാമന്ത്രം ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷിപോലെ’എന്നും കൊന്നമലർ കന്യകമാർ എന്ന ഗാനത്തിൽ ‘വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയുണർന്നു എന്നും സാഗരമേ ശാന്തമാക എന്ന ഗാനത്തിൽ വിഷുപ്പക്ഷി ഏതോ കൂട്ടിൽ വിഷാദാർദ്രമെന്തേ പാടി എന്നും ഒരു മുത്തം മണിമുത്തത്തിലെ പൂവിട്ടല്ലോ എന്ന ഗാനത്തിൽ ‘മണിവിത്തും കൈക്കോട്ടും വിഷുപ്പക്ഷീ പാടിവാ’ എന്നും സിംഹനാദം എന്ന നാടകത്തിൽ ‘നക്ഷത്രമിഴിചിമ്മിയാകാശം വിഷുപ്പക്ഷിയെ മാടി വിളിക്കുന്നു’ എന്നും മലർത്തിങ്കളേ എന്ന ഗാനത്തിൽ ‘കിളുന്നോർമ്മകൾ തൻ തളിർ തിന്നു പാടും വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ’ എന്നും എഴുതിയതു പോരാഞ്ഞ് ഹൃദയത്തിൻ മധുപാത്രത്തിൽ ആ പക്ഷിയുടെ പരിഷ്കരിച്ച പതിപ്പായ ‘കരളിലെ കനൽ പോലും കണിമലരാക്കുന്ന ‘വിഷുനിലാപ്പക്ഷി’യേയും അദ്ദേഹം അവതരിപ്പിച്ചു! കൂടാതെ ലളിതഗാനങ്ങളിലടക്കം അനേകം ‘വിഷുക്കിളി’കളും അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. പി. ഭാസ്കരൻ മാഷും വയലാറും ശ്രീകുമാർ തമ്പിയുമൊന്നും ഈ പക്ഷിയെ പരിഗണിച്ചില്ലെങ്കിലും മധു ആലപ്പുഴയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ വിഷുപ്പക്ഷി എന്നു ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

 നീയോ പുഴപോലെന്റെ എന്ന ഗാനത്തിൽ ‘ചമ്മാന നാടിൻ സ്നേഹപ്പൂരം കൂടാൻ പോകുന്ന തൂവൽപക്ഷിയുമായാണ് ശരച്ചന്ദ്രവർമ്മയുടെ വരവ്. അതു കേട്ടാൽ തോന്നും മറ്റു പക്ഷികൾക്കൊന്നും തൂവലില്ലെന്ന്! വെയിൽപക്ഷിയും വെയിൽ കിളിയും വെയിൽപ്രാവും  വെയിൽ തുമ്പിയും പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത് വയലാർ മുതൽ ഇങ്ങോട്ട്. ആലിബാബയും നാൽപ്പത്തൊന്നു കള്ളന്മാരും എന്ന ചിത്രത്തിൽ ‘പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി പവൻ വാരിച്ചൊരിയുന്ന നേരത്ത്’ എന്ന് അദ്ദേഹം പാടുന്നു. തീർന്നില്ല തളിർവലയോ എന്ന ഗാനത്തിൽ ‘വേമ്പനാട്ടു കായൽക്കരയിൽ വെയിൽപ്പിറാവു  ചിറകുണക്കും ചീനവലക്കരുകിൽ’ എന്നും എഴുതി. കൈതപ്രവും വിട്ടില്ല അതിനെ, മണിക്കിനാവിൻ കൊതുമ്പുവള്ളം എന്ന ഗാനത്തിൽ  ‘വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി’ എന്ന് കാച്ചി. അപ്പോൾ ഉണ്ട് പുത്തഞ്ചേരി വീണ്ടും വെയിൽക്കിളിയുമായി, തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി എന്ന ഗാനത്തിൽ ‘മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളീ ഉറങ്ങട്ടെ ഞാൻ’ എന്നും മണിപ്പന്തലിൽ എന്ന ഗാനത്തിൽ  മലർത്താലിയും കുളിർക്കൂട്ടും കിളിപ്പാട്ടുമായ് വിളിയ്ക്കുന്നു വെയിൽ പ്രാവുകൾ എന്നും തെക്ക് തെക്ക് തെക്കേപ്പാടം എന്ന ഗാനത്തിൽ തഞ്ചി കൊഞ്ചാൻവായോ വെയിൽപ്രാക്കളെ എന്നും എഴുതിയിട്ടിരിക്കുന്നു. വെയിൽ പക്ഷിയും കിളിയും പ്രാവുമൊക്കെ വന്നിട്ട് തന്റെ വകയായി ഒന്നുമില്ലാതെ പോകേണ്ടാ എന്നു കരുതി റഫീക് അഹമ്മദ് ‘സാനുക്കളിൽ വന്നുപാറും വെയിൽതുമ്പിയായെങ്കിൽ ഞാൻ’ എന്നു പാടുമ്പോൾ പുത്തഞ്ചേരി ‘ഹേ പോക്കുവെയില്‍ശലഭങ്ങളേ ആഹാ ചില്ലു കൊണ്ടു ചുമരിട്ട കൂട്ടിനുള്ളില്‍ കുറുകുന്ന താമരക്കിളിമകളേ’ എന്നാണ് പാടുന്നത്.

കുളിർ പെയ്ത മാമഴയിൽ എന്ന ഗാനത്തിൽ പാൽപ്പക്ഷിയുമായാണ് പുത്തഞ്ചേരി വരുന്നത്. രാവിലെ പാലുമായി വരുന്ന പെൺകുട്ടിയെ പറ്റിയായിരിക്കില്ല, വെളുത്ത പക്ഷി എന്ന അർത്ഥത്തിലാകും പ്രയോഗം. സീതപ്പക്ഷീ നിന്റെ ശ്രീ വല്ലഭനെന്നു വരും ശ്രീതിലകപ്പക്ഷീ എന്ന് വയലാർ. എല്ലാം പറയും സീതച്ചെറുകിളിയുണ്ടല്ലൊ മച്ചുകൾ തോറും കുറുകി നടക്കും മാടപ്രാവുകളുണ്ടല്ലോ എന്ന് ബിച്ചു. സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോട് ചൊല്ലീ നീ പാടും ഗാനത്തിൻ ആനന്ദലഹരിയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടേ എന്ന് ഭരണിക്കാവ് ശിവകുമാർ. സീതയെന്നാൽ ഉഴവുചാൽ എന്നർത്ഥം. അവിടെക്കാണുന്ന കൊക്കോ മുണ്ടിയോ മറ്റോ ആകാം ഇത്.

മഞ്ഞുമാസപ്പക്ഷിയുമായി തന്റെ വൈവിദ്ധ്യം തെളിയിക്കുകയാണ് ഗിരീഷ് പുത്തഞ്ചേരി. ഇത് മഞ്ഞുമാസം (ഡിസംബർ ജനുവരി) മാത്രം കാണപ്പെടുന്ന ഒരിനം പക്ഷിയാണ്! എന്നാൽ ആർ കെ ദാമോദരന് ഇത് ‘മഞ്ഞിൽ ചേക്കേറും മകരപ്പെൺ‌പക്ഷി’യാണ്! മണിമുകിൽപക്ഷി പാടും മയൂരങ്ങളാടും മദാലസയാമം തളിർത്തല്ലോ എന്നും എന്നും ഇനി പാടിയുറക്കുവാൻ ഇരുൾപ്പക്ഷി വന്നാലും എന്നും ഓ.എൻ.വി പാടുമ്പോൾ തകഴി ശങ്കരനാരായണൻ ഋതുസംക്രമപ്പക്ഷി പാടി എന്നാണ് പാടിയത്. പക്ഷേ എന്ന ചിത്രത്തിൽ സൂര്യാംശുവോരോ വയൽപ്പൂവിലും എന്ന ഗാനത്തിൽ കെ ജയകുമാർ അവതരിപ്പിക്കുന്നത് പകൽപ്പക്ഷിയേയാണ്. പുത്തഞ്ചേരിയുടേതാകട്ടേ ‘ഒന്നും പറയാതെ പകൽപ്പക്ഷി സ്വയം പറന്നെങ്ങോ പോയി’!  എസ്. രമേശൻ നായരുടെ പക്ഷി സ്വർണ്ണപ്പക്ഷിയാണ്. ശ്രീകുമാരൻ തമ്പിയുടേതാകട്ടേ ‘സ്വര്‍ഗ്ഗത്തിലുള്ളൊരു പൊന്നമ്പലത്തിലെ സ്വര്‍ണ്ണച്ചിറകുള്ളപക്ഷി നന്ദനവാടിയില്‍ പാറിപ്പറക്കുന്ന നല്ല ഗുണമുള്ള പക്ഷി’ ആണ്. വയലാറിന്റേത് നീലത്താമരക്കുളത്തിലെ ഓമനത്തിങ്കൾപ്പക്ഷി ആയിരിക്കുമ്പോൾ മുരുകൻ കാട്ടാക്കടയുടേത് കാർമേഘക്കൂട്ടിലെ വെറും ഓ തിങ്കൾപ്പക്ഷിയാണ്! 

ഭരണിക്കാവ് ശിവകുമാർ എഴുതി ‘സംവൽസരക്കിളി ചോദിച്ചു സത്യത്തിൽ മനുഷ്യനെ അറിയാമോ’ എന്ന്. അതേതു കിളിയെന്നു ചോദിക്കരുത്. സംവൽസരത്തിൽ ഒരിക്കൽ മാത്രം വരുന്ന ഏതേലും പക്ഷി ആയിരിക്കുമെന്ന് നമുക്കൂഹിക്കാം. അൽപ്പംകൂടെ കടന്ന് വയലാർ സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി എന്നെഴുതി. അതേതു പക്ഷി എന്നതും ചോദിക്കരുത്. അങ്ങനെയൊരു പക്ഷിയുണ്ടെന്ന് വിശ്വസിക്കുക. ‘കൊയ്യാറായപ്പോൾ കതിരുകാണാക്കിളി നീയെങ്ങു പോയ്‌’ എന്ന് ഭാസ്കരൻ മാഷും ‘തളരുകില്ലേ കതിരുകാണാക്കിളി തൻ കരം പിടിച്ചാൽ ‘എന്ന് ശ്രീകുമാരൻ തമ്പിയും ‘കരളിലുറങ്ങും കതിര്‍കാണാക്കിളി കാത്തിരിപ്പൂ നിന്നെ’ എന്നു വയലാറും ‘ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പൊഴും കതിരുകാണാക്കിളി തപസ്സിരുന്നു’ എന്ന് കെ ജയകുമാറും എഴുതിയപ്പോൾ കതിരൊക്കെപ്പോയ വെറും കാണാക്കിളിയെകൊണ്ട് അഡ്ജസ്റ്റ് ചെയ്തു കൈതപ്രം (ഈ കതിരുകാണാക്കിളിതന്നെയാണ് ഉത്തരായനക്കിളിയും വിഷുക്കിളിയുമൊക്കെ. ചക്കയ്ക്കുപ്പുണ്ടോ എന്ന് പാടുന്നതായി നമ്മൾ സങ്കൽപ്പിക്കുന്ന പുള്ളിക്കുയിൽ വർഗ്ഗത്തിൽപെട്ട പക്ഷിയാണ് (Indian Cuckoo) ഇത്. Cuculus micropterus എന്ന് ശാത്രീയ നാമം. കൂക്കൂ കൂക്കൂ എന്ന് നാല് നോട്സുണ്ട് അതിന്റെ പാട്ടിന്.)

‘ഓലവാലൻ‌കിളിയൊന്നെൻ ഓമൽക്കൂട്ടിൽ കണിയായ്‍ ഒരു നെൽക്കതിർമണിയും കൊണ്ടൊരുനാളരികെ വരും’ എന്ന് കെ ജയകുമാർ. ‘ഓണപ്പൂവിളി കേട്ടു പറക്കും ഓലവാലൻകിളിയേ ഉച്ചയൂണുണ്ണുവാൻ വീട്ടിലു വാ എന്റെ കൊച്ചു കളിവീടു കാണാൻ വാ’ എന്നു ശ്രീകുമാരൻ തമ്പിയും. എന്നാൽ ബിച്ചുവിനത് ‘വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ ഓലേഞ്ഞാലിക്കുരുവി’യാണ്. 18 ഇഞ്ചോളം വരുന്ന, കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട,  Dendrocitta vagabunda എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന പക്ഷിയായ ഓലേഞ്ഞാലിയെ കുരുവിയാക്കാൻ സാധാരണ ഭാവനയൊന്നും പോരാ, ഒരു ഒന്നൊന്നര ഭാവന തന്നെ വേണം. ‘നല്ലോലപ്പൈങ്കിളി നാരായണക്കിളി നാളേയ്ക്കൊരുവട്ടി പൂ വേണം’ എന്നും ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്’  എന്നും പാടുന്നു ഭാസ്കരൻ മാസ്റ്റർ. വലയാറും മോശമാക്കിയില്ല, ‘നാടൻ പാട്ടിലെ മൈന നാരായണക്കിളി മൈന’ എന്ന് അദ്ദേഹവും ഒപ്പത്തിനൊപ്പം നിന്നു. ‘കല്യാണക്കിളി കാരോലക്കിളി പൊന്നോണത്തിനു വന്നാട്ടേ’ എന്ന് ഭാസ്കരൻ മാസ്റ്റർ വീണ്ടും. വയലാറും ഒപ്പത്തിനൊപ്പം ‘അച്ഛൻ കൊമ്പത്ത് അമ്മവരമ്പത്ത് കന്നിയിളംകിളി, കാരോലക്കിളി കണ്ണീരാറിൻ തീരത്ത്’ എന്ന് അദ്ദേഹം രണ്ട് വ്യത്യസ്ത കിളികളെ അവതരിപ്പിച്ചതു കൂടാതെ ‘കിലുകിലാംകിളി ചിലച്ചൂ ഞാൻ കിളിപ്പാട്ടിൽ അലിഞ്ഞൂ’ എന്നും പാടി പുതിയ ഒരു കിളിയേക്കൂടി സംഭാവന ചെയ്തു.

നീർക്കിളി നീന്തി വാ ഈക്കളിപ്പൊയ്കയിൽ സിന്ദൂരം ചാർത്തി താമര കണ്ണാടി കാട്ടി പൂന്തിര അപ്സരസ്സുകൾ പാട്ടു പാടുമെൻ സ്വപ്നഭൂമി തേടി’ എന്ന് ഓ.എൻ.വി. ‘നീർക്കിളി നീന്തും പൊയ്കയും ഇക്കിളി കൊള്ളുകയായീ’ എന്നും ബുൾ ബുൾ മൈനേ എന്ന ഗാനത്തിൽ ‘നീര്‍കിളി പാടുന്നു മോഹമാം നീര്‍കിളി പാടുന്നു’ എന്നും എഴുതി നീർക്കിളിയുടെ പേറ്റന്റ് നിലനിർത്തി. പൂവച്ചലും കിട്ടുകൊടുക്കാൻ തയ്യാറായില്ല. ‘മനോമയീ മാനിനീ മധുമാരിയിൽ മുങ്ങും നീർക്കിളി നീ’ എന്ന് അദ്ദേഹം. ഇവരെയെല്ലാം കടത്തിവെട്ടി ‘അത്തിച്ചമനക്കാവിൽ എൻ അത്തച്ചമയ കനവിൽ ഒരു പുല്ലാങ്കുഴൽകിളി’യുമായാണ് കൈതപ്രം രംഗത്തെത്തിയത്. ‘ഉത്രാടക്കിളിപാടും ചിറ്റോളപ്പടികേറി’ എന്ന് പി. കെ. ഗോപി പാടിയപ്പോൾ ഒരു പടികൂടിക്കടന്ന് ‘തിരുവോണക്കിളി’ എന്നൊരു കിളിയുമായാണ് ഷിബു ചക്രവർത്തി എത്തിയത്. ‘തേവാരക്കുളിർ പൂംന്തൊട്ടിലിൽ ഓംകാരം വിരിഞ്ഞേ അമ്മാനംകിളി പൂംചുണ്ടിലോ സംഗീതം കുതിർന്നേ’ എന്ന് പുത്തഞ്ചേരി, താനും മോശമല്ലെന്ന് തെളിയിച്ച് ‘അമ്മാനംകിളിയേ, ഇമ്മാനംകിളിയേ എന്നോമനപൂങ്കിളിയേ’ എന്നു പാടി കുഞ്ഞുണ്ണിമാഷും വന്നു. ‘ഇല്ലിയിളം കിളി, ചില്ലിമുളംകിളി’യെ കണ്ടെത്തിയത് ബിച്ചുവാണ്. ‘ആലോലംകിളിമുത്തേ വാ ആതിരരാവിലൊരമ്പിളിയായ്’ എന്നു പുത്തഞ്ചേരി. ‘ചക്കരക്കിളീ ചക്കിയമ്പിളീ നിന്റെ ചുണ്ടിലോ പുഞ്ചിരി പാല് മുത്തു മുന്തിരീ’ എന്നു രമേശൻ നായർ. ‘നല്ലിക്കിളി പൂക്കളമേ നീറ്റിക്കരെ പൂക്കുലയേ വന്നക്കരെ’ എന്ന് ശരത് ചന്ദ്രവർമ്മ (എന്തരോ എന്തോ?!!). കാവാലത്തിന്റെ വകയായി വരുന്നു അതാ ‘കൂവരംകിളി’യുടെ കൂടും കൊണ്ട്.

‘ഉള്ളിലുറങ്ങുന്ന അമ്പലക്കിളി’യെ ഉണർത്തി വരുന്നു വയലാർ. ‘ആരുമറിയാതെ ഞാനുമറിയാതെ ആരോ വന്നെന്നുള്ളിൽ കൂടുകൂട്ടി കൂടുകൂട്ടി ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി ആശാ ആശാ വിപഞ്ചി തന്‍ കമ്പി മീട്ടി കമ്പി മീട്ടു’ന്നത് മറ്റാരുമല്ല, അഭയദേവാണ്. ‘പൊൻപീലി പാകിടുന്നു ഭൂമിയിൽ മുകിൽക്കിളി സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി ഈ സന്ധ്യതൻ സൗന്ദര്യം കൂട്ടുവാൻ’ എന്നു പൂവച്ചലും. ‘ഉത്തരായനക്കിളിയെ ഉന്മാദിനിയെപ്പോലെ’ പാടിക്കുന്നു വയലാർ. ബിച്ചുവും ഒട്ടും കുറയ്ക്കുന്നില്ല, കിളി കിളി കിളി കിളി കിളി വേണോ കിളിവാലു കുലുക്കും വണ്ണാത്തിക്കിളി വായാടിക്കിളി പൈങ്കിളി’കളിൽ സർവ്വത്ര കിളിമയം. കണിയാപുരം രാമചന്ദ്രനും വിടുന്നില്ല, ‘കിളി കിളി പൈങ്കിളീ കൃഷ്‌ണപ്പൈങ്കിളീ ഇവനെ ഞാൻ സ്‌നേഹിക്കുന്നൂ ഇവനെ മാത്രം സ്‌നേഹിക്കുന്നൂ’ എന്ന് അദ്ദേഹവും കാച്ചി. ‘ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാൻ വാ’ എന്നു പാടി വൈവിദ്ധ്യമാർന്ന കിളികളെ അവതരിപ്പിച്ചു ഷിബു ചക്രവർത്തി കിളിയെ എണ്ണിപ്പെറുക്കിയപ്പോൾ ബീയാർ പ്രസാദിനുണ്ടോ ഇരിക്കപ്പൊറുതി, പുള്ളി ‘ഒന്നാംകിളി, പൊന്നാൺകിളി വന്നാൺകിളി മാവിന്മേൽ രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ മൂന്നാംകിളി, നാലാംകിളി എണ്ണാതതിൽ ഏറെക്കിളി ‘എന്നു പറഞ്ഞ് കിളിക്ക് നമ്പരിട്ടു കളഞ്ഞു!! ;)

ഭാസ്കരൻ മാഷിനു ‘കണ്‍പീലിക്കിളിവാതിലടച്ചിട്ടുമതില്‍ക്കൂടി ഉള്ളിൽ ഇളംകിളി കടന്നുവന്ന’പ്പോൾ ശരച്ചന്ദ്രവർമ്മ ‘കുരുന്നിലപോലൊരുതാലിയുമായി ഇളംകിളിയെ മേയാൻ’ വിട്ടു!! കന്നുകാലികളും ആനയുമൊക്കെ മേയുന്നു എന്നു കേട്ടിട്ടുണ്ട്. ഈ കിളികൾ മേയുന്നത് ആദ്യമായറിയുകയാണ്. ‘പൂവാലൻകിളി പൂവാലൻകിളി പൂവുനുള്ളാൻ പോരുന്നോ പുന്നപൂത്ത കടവിലേയ്ക്കെൻ തോണിയേറി പോരുന്നോ’ എന്നു ഓ.എൻ.വി പാടിയപ്പോൾ ‘ഒരിക്കലൊരു പൂവാലൻകിളി കളിക്കുമൊരു കുഞ്ഞിക്കുരുവിയെ കിളിക്കൂട്ടിൽ നിന്നും മെല്ലെ വിളിച്ചിറക്കിയ’ കഥപറയുന്നു ഭർത്താവെന്ന ചിത്രത്തിൽ ഭാസ്കരൻ മാഷ്, അതിനു ‘സിനിക്കി’ന്റെ ‘രചനാ സൗഷ്ഠവം കാണാനുണ്ട്’ എന്ന സർട്ടിഫിക്കേറ്റും കിട്ടി. ‘സ്വർഗ്ഗം ഭൂമിയിൽ പൂത്തു വിടർന്നാടും താഴം പൂവുകൾ പൂമണം നൽകും തണ്ണീർച്ചോലകൾ നൂപുരം നൽകും പൂവാലൻകിളി പാട്ടുകൾ പാടീടും’ എന്ന് ശ്രീകുമാരൻ തമ്പി, നീലക്കരിമ്പിന്റെ നാട്ടിൽ എന്ന ഗാനത്തിലൂടെ. ‘മഴവില് കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളിയോട് കദളീവനങ്ങൾ താണ്ടിവന്നതെന്തിനാണു നീ’ എന്ന് ചോദിക്കുന്നു പുത്തഞ്ചേരി. ‘മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെ മട്ടുപ്പാവിലെ കറുമ്പിപ്പെണ്ണേ താലോലംകിളി വായോ’ എന്നു പാടുന്നത് മറ്റാരുമല്ല യൂസഫലി കേച്ചേരി. ‘ഊഞ്ഞാലൂഞ്ഞാലു ഓമനയൂഞ്ഞാല് താലോലം കിളി താലോലം താണിരുന്നാടും പൊന്നൂഞ്ഞാലു’മായി കടലമ്മയിൽ വയലാർ. ‘മുകിലു തൻ ചിറകുമായ്  പറന്നണഞ്ഞു കാതോരം പാട്ടായീ താലോലം കിളി’ എന്ന് അനിൽ പനച്ചൂരാൻ. ‘രാജപ്പൈങ്കിളി, രാമായണക്കിളി രാഗം താനം പാടൂ രാവിൻ മടിയിൽ നിലാവിൻ മടിയിൽ രാജകുമാരനെ നീയുറക്കൂ’ എന്ന് വീണ്ടും വയലാർ. പൂവച്ചൽ ഖാദറിന്റെ ‘രാമായണക്കിളി ശാരികപ്പൈങ്കിളി’ ആണ്. ‘ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു’ എന്നു പാടുന്നു പുത്തഞ്ചേരി. ‘കാത്തുകാത്തൊരു കോണിലമ്പിളി ചേർത്തുവച്ച നിലാവുപോൽ നേർത്തുപോയൊരു പാട്ടുമായെന്റെ കാവളംകിളി എങ്ങുപോയ്’ എന്ന് രാജീവ് നായർ.   ‘താലിപ്പൂ പീലിപ്പൂതാഴമ്പൂചൂടി വരും തളിരിളം കാവളംകിളിയേ’ എന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ‘ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു കൂട്ടിന്നിളം കിളി ചങ്ങാലിപൈങ്കിളി കൂടുംവിട്ടിങ്ങോട്ടു പോരാമോ’ എന്ന് വയലാർ. ‘തെന്നൽ തേരു തരാം പുന്നാരക്കിളി പൂഞ്ചോലക്കിളി എന്നോടൊത്തു വരൂ’ എന്ന് ഓ.എൻ.വി.

പാവനം‌കിളി, പോവനംകിളി, പച്ചപ്പനങ്കിളിയേ നീ തിരയണ പൂവനമിനി ഏതെടി കിളിയേ’ എന്ന് ബിച്ചു തിരുമല. ‘ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും ചക്കരയുമ്മയ്ക്ക് ചാഞ്ചക്കംകിളി ചാഞ്ചക്കം’  എന്ന് വയലാർ. ‘പവിഴമണി പാടം തേടും ചെറിയ കുറുവാൽകിളി യോട് ഇതിലെയൊരു തേരിൽ വരുമോ ഇനിയും’ എന്നു ചോദിക്കുന്നത് കൈതപ്രം. തീർന്നില്ല, ‘അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട് വമ്പത്തമോതുന്നു അദ്ദേഹത്തിന്റെ ചമ്പക്കിളി’!സമാധാനമായില്ല, കുളിരുകോരുംകിളി, പുലരികാണുമ്പോൾ ഉണരുംകിളി, തിരുതകൃതി അരുളുംകിളി, ചിന്നക്കിളി, വർണ്ണക്കിളി, ഇനിയെന്നുവരും എൻകിളി എന്നു പാടിയിട്ടും തൃപ്തനാകാതെ, രാമായണപ്പൈങ്കിളി, വാതായനപ്പൂങ്കിളി, കതിരണിഞ്ഞെത്തുംകിളി, മുത്തുക്കിളി, ചെല്ലക്കിളി, ദേശാടനപ്പൈങ്കിളി, താരാട്ടുപാടുംകിളി, മാണിക്യവർണ്ണക്കിളി, ആശക്കിളീ, കോലക്കിളി, ആടുംകിളി എന്ന് വിവിധതരം കിളികളെ ഒറ്റപ്പാട്ടിൽ അണിനിരത്തി സകല എഴുത്തുകാരേക്കാളും കിളികളുടെ കാര്യത്തിൽ കേമൻ താൻ തന്നെയെന്ന് അണ്ടർലൈനിട്ട് തെളിയിച്ചു!!!  മാത്രമല്ല അദ്ദേഹം കിക്കിളി എന്നൊരു കിളിയേയും അവതരിപ്പിച്ചു..!!!!;) ‘തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം അക്കിളി ഇക്കിളി കിക്കിളി കൂട്ടണ് തമ്മിൽ’ എന്നു വരെ എഴുതി വച്ചു.

‘എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർത്തേൻകിളീ’ എന്ന് ബിച്ചു. ‘അഞ്ചുമഞ്ചും ചെല്ലുമ്പോൾ എന്റെ പഞ്ചാരക്കിളി പെറും’ എന്നു പറഞ്ഞത് വേറേ ആരുമല്ല, തിരുനയിനാർകുറിച്ചി മാധവൻ നായരാണ്. ‘വാഴപ്പൂങ്കിളികൾ ഒരുപിടിനാരുകൊണ്ട് ചെറുകൂടുകൾ മെനയു’മെന്ന് ബിച്ചു. ‘അമ്മൂമ്മക്കിളി വായാടി’യാണെന്ന് പുത്തഞ്ചേരി. ‘കുളിച്ചുവാ പെൺപക്ഷീ കുളിച്ചുവന്നാൽ കൊക്കുകൊണ്ടൊരു കുംകുമപ്പൂ ചൂടിക്കാം’ എന്ന് കൃഷ്ണപക്ഷക്കിളി ചിലച്ചതായി വയലാർ രേഖപ്പെടുത്തുന്നു (വെസ്റ്റേൺ ബീജിയിട്ട് റീമിക്സ് ചെയ്യാൻ പറ്റിയ ഒരു ഗാനമാണിത്. മര്യാദയ്ക്ക് ചെയ്യണം എന്നുമാത്രം). ‘മീവൽപക്ഷി കൂടെ പോരൂ നേരമായ്‌ തൊട്ടുതൊട്ടാൽപൂക്കും നെഞ്ചിൽ പട്ടംപോലെ പാറും മോഹം’ എന്ന് ഗിരീഷ് പുത്തഞ്ചേരി. അങ്ങനെയങ്ങനെ കൂട്ടിലെപ്പക്ഷി, കിഴക്കുണരുമ്പക്ഷി, അവയൽപ്പക്ഷി, വാലുവിറയൻപക്ഷി, ശരപഞ്ജരത്തിലെപ്പക്ഷി, കുഞ്ഞിപ്പക്ഷി, ക്രൗഞ്ചപ്പക്ഷി, മോഹപ്പക്ഷി, കൂട്ടിലെപ്പക്ഷി, ചക്രവാകപ്പക്ഷി, വാലാട്ടിപ്പെൺപക്ഷി, പൊൻപക്ഷി, മുൻപേപറക്കുന്നപക്ഷി, തിങ്കൾക്കിളി, രാക്കിളി, പകൽക്കിളി, ചെമ്മാനക്കിളി, കണ്ണീർക്കിളി, വെണ്ണീർക്കിളി തുടങ്ങി ഒരായിരം പറവകളാൽ സമ്പന്നമാണ് നമ്മുടെ മലയാള ഗാന സാഹിത്യം.ഇനിയുമിനിയും പുതിയ് പുതിയ കിളികൾ ഉണ്ടാകട്ടേയെന്ന് ഈ അവസരത്തിൽ ഞാൻ ആശംസിക്കുന്നു.  വേണമെങ്കിൽ ഒരു റിസർച്ചിനുള്ള സ്കോപ്പുണ്ട് പാട്ടിലെ കിളികൾക്ക്. ഇനി കുരുവികളെയെടുത്താൽ ഇതിവിടെയെങ്ങും തീരില്ല. വിസ്താരഭയത്താൽ തൽക്കാലം താറാവ്, കോഴി, കാക്ക, കുയിൽ, മയിൽ എന്നീ പക്ഷികളെയും ഞാൻ ഒഴിവാക്കുകയാണ്. ഏതെങ്കിലും കിളി/പക്ഷികൾ ഈ ലിസ്റ്റിൽ നിന്നും വിട്ടുപോയിട്ടുണ്ടെങ്കിൽ പാട്ടുസഹിതം ഓർമ്മിപ്പിക്കാൻ മറക്കില്ലല്ലോ.

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
31 Jan 2013 - 10:51 admin
21 Jan 2013 - 12:05 Kiranz ആർട്ടിക്കിൾ ചേർത്തു

പിന്മൊഴികൾ

ഇതൊരു വെട്ടുക്കിളി അറ്റാ‍ക്ക് പോലെയുണ്ടല്ലോ നിശീ
.ഇതൊന്നും പോരാഞ്ഞ് “കിളി കിളിപ്പരുന്തിനു“ എന്നൊക്കെയുമുണ്ട്. പരുന്തെങ്ങനെയാണോ കിളി പോലെ ഇരിക്കുന്നത്.

കോംബിനേഷൻ കിളി-പക്ഷിയൊക്കെ രസാവഹം. “കൃഷ്ണപക്ഷക്കിളി ചിലച്ചു കുളിച്ചു വാ പെൺ പക്ഷീ”
“വാതായനപ്പൂങ്കിളി”? ഇത്തരം കിളികളൊക്കെ കേരളത്തിൽ മാത്രമേ കാണുള്ളു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിക്കട്ടെ.

“നെറ്റിയിൽ പൂവുള്ള.......പക്ഷിയോട് നീ പാടാത്തതെന്തേ എന്ന് ചോദിയ്ക്കുന്നുണ്ട്. നെറ്റിയിൽ പൂവുള്ളത് മുഖത്തേയ്ക്ക് ചാഞ്ഞു വീണുകിടക്കുകയാ എങ്ങനെയാ പാടുന്നേ എന്ന് പക്ഷി.

Shaji Mrithunjay said @ പാട്ടുപുസ്തകം

കിളി പുരാണം നന്നായിട്ടുണ്ട്...

ഇനിയും കിളികള്‍ ഉണ്ടെന്നു തോന്നുന്നു..

''ചെല്ലചെറു കിളിയെ.. എന്റെ ചിത്തിര പൈങ്കിളിയെ.. (ശ്രീകുമാരന്‍ തമ്പി)

''കിളിയെ കിളികിളിയെ.. നീലാന്ജന പൈങ്കിളിയെ.''. (വയലാര്‍)

ഓലഞ്ഞാലി കിളിയുടെ വീട്ടില്‍ ഒരു വിരുന്ന്... (ബിച്ചു )

''ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ.. (ബിച്ചു)

''നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷി.. (ഓ. എന്‍.വി.)

''പകല്‍ കിനാവൊരു പക്ഷി.. (ഓ.എന്‍.വി.)

( കിളി, പക്ഷി, പാടി, പൂവ്, മൌനം, ഇള വേല്‍ക്കല്‍.. ഇത്യാദി വാക്കുകള്‍ ഇല്ലാതെ ഓ.എന്‍.വിക്ക് ഒരു പാട്ടും എഴുതാന്‍ സാധ്യ മല്ലെന്ന് തോന്നുന്നു..)

ഋതുസംക്രമപ്പക്ഷി പാടി
കടങ്കഥപ്പക്ഷികൾ
സ്വർഗവാതിൽപ്പക്ഷി ദുഃഖ വെള്ളിയാഴ്ചകളേ
ശ്രീമതി പക്ഷി സായന്തനം നിഴൽ വീശിയില്ല
ശ്രീമംഗലപ്പക്ഷി ശ്രീരംഗപട്ടണത്തിൻ
മഴപക്ഷി ഒരു യാത്രാമൊഴിയോടെ
ഇരുൾപ്പക്ഷി പറന്നുപോയ് നീയകലേ
മണിമുകിൽപ്പക്ഷി കുറുമൊഴി മുല്ലപ്പൂവേ
സങ്കടപ്പക്ഷി, വേനൽക്കിനാക്കിളി വെയിലിന്റെ ഒരു തൂവൽ
വായാടിപ്പക്ഷി മണവാട്ടീ
മുഴുതിങ്കൾപക്ഷി ഋതുഭേദകല്പന
നാടുതെണ്ടിപ്പക്ഷി പാണപ്പുഴ
സ്വർണ്ണപ്പക്ഷി താമരപ്പൂവിലായാലും
മേഘപക്ഷി പാലരുവീ കരയിൽ
സ്വപ്നപ്പക്ഷി കണ്ണിൽ പൂവ്
ശകുന്തപ്പക്ഷി മാലിനിതടമേ
പകൽ‍പക്ഷി സൂര്യാംശു ഓരോ വയൽപ്പൂവിലും
കടൽപ്പക്ഷി കാറ്റിൻ ചിലമ്പൊലിയോ

നിശീ, ഗംഭീര കണ്ടുപിടുത്തം. ഇനി എനിയ്ക്കു വയ്യ, കൈ കഴച്ചു.
കിളികളെല്ലാം ഇവിടേണ്ടു്.

 കെവി

കെവിനേ...ഇതിൽ എനിക്കു മിസ്സായ ചില കിളികളും ഉണ്ട്.. താങ്ക്സോയ്..:))

ജി. നിശീകാന്ത്

കിളികൾ ഈ പാട്ടുകളിലേക്കു വന്നത് രണ്ടു മൂന്നുവഴികളിലൂടെയാണ്. “കിളിപ്പാട്ട്” -കിളികളെക്കൊണ്ട് പാടിയ്ക്കുന്ന രീതിയിൽ എഴുതപ്പെടുന്ന പദ്യം. എഴുത്തച്ചന്റെ രാമായണം ഇതിലൊന്നാണ്. കിളിപ്പാട്ടുകൾ അതിനും മുൻപും ഉണ്ടായിരുന്നു. പാട്ടും കിളികളും തമ്മിലുള്ള ബന്ധം ഇങ്ങനെ ദൃഢീകരിച്ചു. പിന്നെ പക്ഷി വർഗ്ഗങ്ങളെക്കൊണ്ട് സന്ദേശം അയപ്പിക്കുക. ഇതും പദ്യസാഹിത്യത്തിന്റെ ഭാഗമായിരുന്നു. മയൂരം, കോകം, കോകിലം, ദാത്യൂഹം (മൂങ്ങ) ...ഇങ്ങനെ പ്രേമസന്ദേശവുമായി നീളേ കുറുകേ പക്ഷികൾ പാ‍ഞ്ഞു. ഇതൊക്കെ സിനിമാപ്പാടെഴുത്തുകാർക്ക് ബിംബങ്ങൾ സമ്മാനിക്കാൻ എളുപ്പമാക്കി. പിന്നെ കിളി പെണ്ണുസൂചകവുമായി “പൈങ്കിളി’ പ്രയോഗത്തോടെ. കഥകളിലും കിളി എന്നത് സുന്ദരിക്കൊച്ചിനെ അവതരിപ്പിക്കാൻ എടുത്തുപയോഗിക്കുകയായി. എം റ്റി. വാസുദേവൻ നായർ “രാത്രി എനിക്ക് ഒരു ഫസ്റ്റ് ക്ലാസ് കിള്യെ കൊണ്ടു വാ” എന്നൊക്കെ കഥയിൽ പ്രയോഗിച്ചു. അതോടെ പെൺ കൊച്ചുങ്ങളെല്ലാം സിനിമയിൽ കിളികളായി മാറി.”കതിരുകാണാക്കിളി’ എന്നൊരു പ്രയോഗം നേരത്തെ ഉണ്ടായിരുന്നു. മോഹസാഫല്യമടയാത്ത പെണ്ണിനെ ദ്യോതിപ്പിക്കാൻ ഇത്തരം പ്രയോഗങ്ങൾ എളുപ്പമാക്കി. പിന്നെ കിളികളെ ഒന്നും പിടിച്ചാൽ കിട്ടിയില്ല. ഉത്തരായനക്കിളിയും വെയിൽപ്പക്ഷിയും പകൽ‌പ്പക്ഷിയുമൊക്കെ പരിണാമപ്രകാരം ഉണ്ടായി വന്നു. Evolution of Birds ഡാർവിൻ സ്വപന്ം പോലും കാണാത്ത വിധത്തിൽ മലയാളസിനിമാപ്പാട്ടിൽ പല ദിശയിലും വഴിതിരിഞ്ഞു.

തത്തക്കിളി ച്ചുണ്ടൻ തത്തിക്കളിക്കണ പുന്നമടക്കടവിൽ,
........
ഇല്ലം നിറ വല്ലം നിറ ചൊല്ലിക്കതിരാടും ചെറു ചെല്ലക്കിളി പാടുന്നൊരു പൂന്തൊടിയിൽ
......
അല്ലിമലർകുരുവീ ...
ആരാരിതാരാരിതാരാരിരോ, എന്റെ
അമ്പിളിപ്പൊന്മകളാണോ
.......
തങ്കപൊല്ക്കുടമൻപിൽത്തൂകിയൊരോമൽ തൂവെട്ടം
കണികാണാൻ വാ മകളേ, മലയാളക്കിളിമകളേ

കിളി പുരാണം അസ്സലായി ...ഒരു പഠനം തന്നെ നടത്തിയിരിക്കുന്നു...
കിളിക്ക് നമ്പരിട്ടു കൊണ്ടൊരു പാട്ടുണ്ട്...
ഒന്നാം കിളി പോന്നാം കിളി വന്നാം കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ട് വരവുണ്ടാപ്പോള്‍
മൂന്നാം കിളി നാലാം കിളി എണ്ണാതതിലേറെ കിളി
അങ്ങുട് കൊത്തിങ്ങട് കൊത്തായി ..

ഹഹഹ...പേരില്ലാക്കിളി എനിക്കു പണിതന്നു..:))

കിളിക്കു നമ്പരിട്ട കാര്യം ഞാൻ പറഞ്ഞിട്ടുണ്ടല്ലോ സജയ് :)

ജി. നിശീകാന്ത്

ഉത്രാടക്കിളി, തിരുവോണക്കിളി, ചിത്തിരപ്പൈങ്കിളി, ആതിരക്കിളി, ആവണിക്കിളി, അത്തപ്പൈങ്കിളി എന്നിത്യാദി നാളുകാരായ കിളികൾ പാട്ടിൽ സുലഭം. കിളിക്കു മുന്നേ ഇഷ്ടമുള്ള നാളുകൾ കൊടുത്ത് അത്തരം കിളികളെ സൃഷ്ടിക്കാവുന്നതാണ്. മേടക്കിളി, ചിങ്ങക്കിളി, മകരക്കിളി തുടങ്ങിയ മാസം ജനിച്ച കിളികളുമുണ്ട്. ബാക്കി അവയ്ലബിളായ മാസങ്ങൾ കൊണ്ട് പുതിയ കിളികളെ സൃഷ്ടിക്കാം. തിങ്കൾക്കിളി, വെള്ളിക്കിളികളെ പോലെ ചൊവ്വാക്കിളി, വ്യാഴക്കിളി, ഞായർകിളികളെ ഒക്കെ പാട്ടെഴുത്തുകാർ ശ്രദ്ധിക്കേണ്ടതാണ്.:))

ജി. നിശീകാന്ത്

‘കഥകഥപ്പൈങ്കിളിയും കണ്ണുനീർപ്പൈങ്കിളിയും കാവേരിപ്പുഴ തന്നിൽ കുളിയ്ക്കാൻ പോയ്’ എന്ന് പി. ഭാസ്കരൻ (കണ്ണും കരളും). ഒരു കഥയുമില്ലാത്ത കിളിയാണോ കഥകഥപ്പൈങ്കിളി?

എനിക്കും സത്യത്തിൽ അതിന്റെ അർത്ഥം മനസ്സിലായില്ല. ഈ കണ്ണുനീർ പൈങ്കിളിയെന്നാൽ കണ്ണുനീരാകുന്ന പൈങ്കിളിയാണോ? എങ്കിൽ അതെങ്ങനെ ആറ്റിൽ കുളിക്കും?! അതോ കണ്ണുനീരൊഴുക്കുന്ന പൈങ്കിളിയോ?! അപ്പോൾ കഥകഥപ്പൈങ്കിളിയോ? കഥയിലെ പൈങ്കിളി എന്ന അർത്ഥമായിരിക്കാം.....!

ജി. നിശീകാന്ത്

കൌതുകകരമായ നിരീക്ഷണം തന്നെ, മാഷേ.

‘വേണമെങ്കിൽ ഒരു റിസർച്ചിനുള്ള സ്കോപ്പുണ്ട് പാട്ടിലെ കിളികൾക്ക്‘

ഇതെന്തുവാ നിശീ റിസേർച്ചല്ലേ? അയ്യോ ഇപ്പം പിടികിട്ടി, നമ്മുടെ മഹാശയന്മാരായ കവികളൊക്കെ അരങ്ങു തകർത്ത പാട്ടുകളെഴുതിയതിനു കാരണം ഈ കിളികളായിരുന്നെന്ന്;
ഏതായാലും ഇതു വായിച്ചിട്ട് എനിക്കത്രയും വിവരം വച്ചു; നിശിയുടെ കവിതയിലൊക്കെക്കൂടീ എത്ര കിളുകളുണ്ടെന്നു ഇനി അടുത്ത പഠനമാകട്ടെ; നിശീ നന്നായിരിക്കുന്നു.

ഇതൊക്ക് എഒരു രസം ആന്റീ... ഇറങ്ങിച്ചെല്ലുന്തോറും ആഴം കൂടുന്നു... മനോഹരമായ ഭാവനകൾ ധാരാളാം.... വികലമായ കൽപ്പനകളും ധാരാളം..!

ജി. നിശീകാന്ത്

പ്രിയ നിശി,

മലയാള ഗാന വിഹായസ്സിലും ശാഖകളിലും ഒക്കെയായി കണ്ടു വന്ന പേരുകൊണ്ട് പരിചയമുള്ളതും ഇല്ലാത്തതുമായ ഒത്തിരി കിളികളെ പറ്റി അറിയാന്‍ ഈ ലേഖനത്തിലൂടെ സാധിച്ചു. ഗാനരചനയുടെ തലത്തൊട്ടപ്പന്മാര്‍ പോലും വികലമായ ഭാവനയ്ക്ക് അടിമപ്പെടുന്നത് എന്ത് കൊണ്ടാകും എന്ന് അത്ഭുതപ്പെടാതെ വയ്യ. ഈണം അനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തുന്നതാകുമോ ഒരു കാരണം എന്ന് സംശയിച്ചു പോകുന്നു. അത്തരം ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ സംവൽസരക്കിളി, സ്വർഗ്ഗവാതിൽപ്പക്ഷി,പാവനം‌കിളി, പോവനംകിളി,ഋതുസംക്രമപ്പക്ഷി ഇവയൊക്കെ ഉള്ളതാണോ എന്നൊന്നും ചിന്തിയ്ക്കാന്‍ തന്നെ തോന്നിയിട്ടില്ല. നിശിയുടെ ഈ ലേഖനം വായിക്കുമ്പോള്‍ ആണ് കണ്ണുംപൂട്ടി ആസ്വദിച്ച പല ഗാനങ്ങളിലെയും വ്യാജപ്പക്ഷികളെ പറ്റി ചിന്തിയ്ക്കുന്നത് തന്നെ... ഒപ്പം പറയട്ടെ, നിലാവിന് ചിറകില്ലെങ്കിലും നിലാപ്പക്ഷി എന്ന പദംമനോഹരമായി പലയിടത്തും തോന്നിയിട്ടുണ്ട്. അത് പോലെയാണ് തൂവല്‍ വിരിയ്ക്കുന്ന മിഴിപ്പക്ഷികള്‍ എന്ന പ്രയോഗവും... പ്രണയ കപോതങ്ങളെ ആര്‍ക്കാണ് അപ്രിയ പദപ്രയോഗമായി തോന്നുക? നിശിയുടെ ഈയിടെ പോസ്റ്റ്‌ ചെയ്ത വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…എന്ന ഗാനത്തിലെ ഹേമസന്ധ്യാംബര ശിഖരങ്ങളിൽ....മോഹപ്പക്ഷികൾ ചേക്കേറുമ്പോൾ.... ആ വരികളിലെ മോഹപ്പക്ഷികള്‍ക്ക് എന്ത് ചേലാണ്! മോഹങ്ങളും സ്വപ്നങ്ങളും ചിറകു മുളച്ച് പക്ഷികളായി പറക്കുന്നത് സുന്ദരമായ ഭാവനയുടെ വിഹായസ്സുള്ളതിനാല്‍ മാത്രമല്ലേ? കുറെയെല്ലാം കവിസ്വതാന്ത്ര്യമായി കണ്ണടച്ച് ഞാനടക്കമുള്ള ആസ്വാദകവൃന്ദങ്ങള്‍ അഭിനന്ദിച്ചേ മതിയാകൂ... കാരണം യാഥാറ്ത്യത്തിലുപരി ഗാനങ്ങളെ മനോഹരമാക്കുന്നത് ഇത്തരം ഭാവനകള്‍ ആണ്. വളരെ നല്ല ഒരു വായനാനുഭവം ആയി നിശിയുടെ ഈ ലേഖനം. നൂറുകണക്കിന് ഗാനങ്ങളെ പറ്റിയുള്ള നിശിയുടെ അറിവും മലയാള ഗാന സാഹിത്യത്തോടുള്ള സത്യസന്ധമായ സമീപനവും പ്രത്യേക പ്രശംസയര്‍ഹിയ്ക്കുന്നു. അഭിനന്ദനങ്ങള്‍ നിശി.

Nishi

കുരുവികളെയും മൈനകളെയും മറന്നത് ശരിയായില്ല :)

ഓലഞ്ഞാലി കുരുവി (വാലിട്ടെഴുതിയ നീലക്കടക്കട കണ്ണ് , ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി ) - ഓലഞ്ഞാലി എന്നത് വേറെ തന്നെ ഒരു പക്ഷിയാണ് എന്നിരിക്കെ , അതിനെ ഒരു കുരുവിയാക്കിക്കളഞ്ഞ കവിഭാവന
കരിമിഴിക്കുരുവി - (കരിമിഴിക്കുരുവിയെ കണ്ടില്ലാ )
കുറുവാല്‍ കുരുവി -
രാത്രിമൈന - ( പ്രിയനോരാൾ ഇന്ന് വന്നുവോ )

Sethunath U N